തൊടുപുഴ: ഇടുക്കി ജില്ലയിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ സംബന്ധിച്ച് കർശന നടപടികൾക്കൊരുങ്ങി ജില്ല ഭരണകൂടം. ജില്ലയിലെ സാഹസിക വിനോദകേന്ദ്രങ്ങൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് അനുമതിയില്ലാതെയാണെന്ന് പഞ്ചായത്ത് ജോ. ഡയറക്ടർ ഏപ്രിലിൽ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കായി പ്രത്യേകം സംഘത്തെ കലക്ടർ നിയോഗിക്കുകയും ചെയ്തു. ജൂണിൽതന്നെ റിപ്പോർട്ട് സംഘം കലക്ടർക്ക് സമർപ്പിക്കും.
25 കേന്ദ്രങ്ങളിൽ നാലെണ്ണത്തിന് മാത്രമാണ് അനുമതിയുള്ളതെന്നായിരുന്നു അന്ന് റിപ്പോർട്ടിൽ പറഞ്ഞത്. ഇതു കൂടാതെ സിപ്പ് ലൈൻ, ഹൈഡ്രജൻ ബലൂൺ, ബോട്ട് സവാരി, ഓഫ് റോഡ് ജീപ്പ് സവാരി, ട്രക്കിങ്, വാട്ടർ സ്പോർട്സ്, പാര സെയ്ലിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ ലൈസൻസ് ഉണ്ടോ എന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നതിനും സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാ അവബോധ ക്ലാസുകൾ നൽകുന്നതിനും കലക്ടര്‍ നിര്‍ദേശം നൽകിയിരുന്നു.
ഡെപ്യൂട്ടി കലക്ടര്‍, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയര്‍, ഹസാര്‍ഡ് അനലിസ്റ്റ്, ജില്ല ഡി.എം പ്ലാൻ കോഓഡിനേറ്റര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ഡി.ടി.പി.സി സെക്രട്ടറി, ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് മെക്കാനിക്കൽ വിഭാഗം അസി. പ്രഫസര്‍ ബിജോയ ദാസ് യു.ആര് എന്നിവരാണ് സംഘത്തിലുള്ളത്.
സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ഇടപെടൽ. കഴിഞ്ഞദിവസം വെള്ളത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഇരുമ്പു വടത്തിനിടയിൽ കുടുങ്ങി ചെന്നൈ സ്വദേശിനിയുടെ കൈവിരൽ അറ്റിരുന്നു. ഇതോടെ ആനച്ചാലിലെ സ്കൈ ഡൈനിങ് അപകടത്തിന് പിന്നാലെ പ്രഖ്യാപിച്ച അന്വേഷണം പുനരാരംഭിക്കുകയാണ് ജില്ല ഭരണകൂടം. റിപ്പോർട്ട് ലഭിച്ച് ജൂലൈ മാസം മുതൽ നടപടി ആരംഭിക്കുമെന്ന് ജില്ല കലക്ടർ ദിനേശൻ ചെറുവാട്ട് ചൂണ്ടിക്കാട്ടി.
ജൂൺ മാസത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കേന്ദ്രങ്ങൾ ജൂലൈയിൽ അടച്ചുപൂട്ടും. പട്ടയ വ്യവസ്ഥകൾ ലംഘിച്ച് നിർമാണ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയുണ്ടാകും. റെഡ്, ഓറഞ്ച് സോണുകളിൽ നിർമിച്ചിട്ടുള്ള സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും പൂട്ടും. ശുചിമുറി മാലിന്യം പൊതുവിടങ്ങളിലേക്ക് ഒഴുക്കുന്ന സ്ഥാപനങ്ങൾക്കും പൂട്ട് വീഴുമെന്ന് കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.