പൊലീസ് സ്റ്റേഷന് മാർക്കിടാം; സേവനത്തിന് ഇനി റേറ്റിങ്

തൊടുപുഴ: പൊലീസ് സ്റ്റേഷനുകളിൽനിന്ന് പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഇനി ജനങ്ങൾക്കുതന്നെ നേരിട്ട് വിലയിരുത്താം. ഇതിനായി സ്റ്റേഷനുകളിൽ പ്രത്യേക ക്യു.ആർ കോഡ് സംവിധാനം ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലാണ് ഈ വേറിട്ട പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. മുമ്പ് പൊലീസിന്‍റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ് വഴി സ്റ്റേഷനുകളുടെ പ്രവർത്തനം വിലയിരുത്താൻ സൗകര്യമുണ്ടായിരുന്നെങ്കിലും പൊതുജനങ്ങളിൽനിന്ന് പ്രതീക്ഷിച്ചത്ര പ്രതികരണം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ സഹായിക്കുന്ന രീതിയിൽ, സ്റ്റേഷനുകളുടെ ഭിത്തിയിൽതന്നെ ക്യു.ആർ കോഡുകൾ പതിപ്പിക്കാൻ തീരുമാനിച്ചത്.

ഡിവൈ.എസ്.പി ഓഫിസുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിലവിൽ ഈ സംവിധാനം സജ്ജമായിക്കഴിഞ്ഞു. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് അവിടെ പതിപ്പിച്ചിട്ടുള്ള ക്യു.ആർ കോഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യാം. തുടർന്ന് തുറന്നുവരുന്ന ലിങ്കിൽ തങ്ങളുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തണം.

ഇതിന് ശേഷം, സ്റ്റേഷനിൽനിന്ന് ലഭിച്ച സേവനത്തെക്കുറിച്ചുള്ള അഭിപ്രായവും ഒന്ന് മുതൽ അഞ്ച് വരെയുള്ള സ്റ്റാർ റേറ്റിങ്ങും നൽകാൻ സാധിക്കും. ലഭിച്ച സേവനത്തിന്റെ നിലവാരം, ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഓരോ സ്റ്റേഷനും മാർക്ക് (സ്റ്റാർ റേറ്റിങ്) ലഭിക്കുക.

പൊതുജനങ്ങൾ നൽകുന്ന ഈ വിവരങ്ങളെല്ലാം തത്സമയം ജില്ല പൊലീസ് ആസ്ഥാനത്തെ സൈബർ സെല്ലിലാണ് ശേഖരിക്കപ്പെടുക. അവിടെ ചുമതലപ്പെടുത്തിയ പ്രത്യേക ഉദ്യോഗസ്ഥർ ദിനേന ഈ റേറ്റിങ്ങുകളും ജനങ്ങളുടെ നിർദേശങ്ങളും പരിശോധിച്ച് തുടർനടപടികൾക്കായി കൈമാറും. പുതിയ സ്റ്റാർ റേറ്റിങ് സംവിധാനം നിലവിൽ വരുന്നതോടെ പൊലീസിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത കൈവരുമെന്ന് ഇടുക്കി ജില്ല പൊലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. 

Tags:    
News Summary - Police stations can be marked; ratings for service now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.