ചുവപ്പുനാടയഴിഞ്ഞു; കുയിലിമല വ്യൂ പോയന്റിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങി

ചെറുതോണി: വനം വകുപ്പുമായുണ്ടായ തർക്കത്തിൽ ചുവപ്പുനാടയിൽ കുരുങ്ങിയ കുയിലിമല വ്യൂ പോയന്റ് സന്ദർശകർക്കു വീണ്ടും തുറന്നുകൊടുത്തു. ഇടുക്കി ജില്ല ആസ്ഥാനത്ത് പൈനാവിന് സമീപത്തെ കുയിലിമല വ്യൂ പോയന്റും മലനിരകളും സന്ദർശകരുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടം സന്ദർശിച്ച് മടങ്ങുന്നത്. മലനിരകളെ തഴുകിയിറങ്ങുന്ന മഴമേഘങ്ങളും പുൽക്കൊടികളിലേക്ക് ഊർന്നിറങ്ങുന്ന കോടമഞ്ഞും ഒപ്പം ചേരുന്ന ചാറ്റൽമഴയുമൊക്കെയാണ് വ്യൂ പോയന്റിന്റെ പ്രത്യേകത. മനം കവരുന്ന വ്യൂ പോയന്റ് തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നു. ഒരിക്കൽ ഇവിടെ വന്നിട്ടുള്ളവർ പിന്നീട് എപ്പോഴെങ്കിലും ജില്ല ആസ്ഥാനത്ത് എത്തിയാൽ വീണ്ടും കുയിലിമലയിലും എത്താൻ തയാറാവും. മഴക്കാലത്താണ് കൂടുതൽ സുന്ദരമാകുന്നത്.

പതിറ്റാണ്ടുകൾക്കു മുമ്പ് സ്ഥിരം സന്ദർശകരുണ്ടായിരുന്ന ഇവിടെ ഇടക്കാലത്ത് വനം വകുപ്പുമായുണ്ടായ തർക്കത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, കർശന നിയന്ത്രണങ്ങളോടെ, കുറഞ്ഞ നിരക്ക് ഈടാക്കി പുൽമേട്ടിലേക്ക് വീണ്ടും പ്രവേശനം അനുവദിച്ചിട്ടുണ്ട്. മൈക്രോവേവ് ടവറും കുയിലിമലയുടെ പ്രധാന ആകർഷണമാണ്. വന്യജീവി സങ്കേതവും പുൽമേടുകളും വിദൂരത്തിൽ കാണുന്ന മലനിരകളും ഇടുക്കി ജലാശയവുമാണ് ഇവിടുത്തെ മറ്റു കാഴ്ചകൾ. ഇവിടേക്ക് എത്താനുള്ള റോഡുകൂടി മെച്ചപ്പെടുത്തിയാൽ കുയിലിമല വ്യൂ പോയന്റ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറും.

Tags:    
News Summary - The red tape is over; tourists have started arriving at Kuilimala View Point

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.