ഓൺലൈൻ ലേലത്തിൽ വില ഉയരാതെ ഏലക്ക; വിലയിടിക്കാൻ വ്യാപാരികളുടെ കള്ളക്കളിയെന്ന് കർഷകർ

കട്ടപ്പന: ഓൺലൈൻ ലേലത്തിനു പതിയുന്ന ഏലക്കയുടെ അളവ് കുറഞ്ഞിട്ടും ഡിമാന്റ് ഉയരുന്നില്ല. മഴയില്ലായ്മയും പ്രതികൂല കാലാവസ്ഥയും ഏലകൃഷിയുടെ ഉൽപാദനം കുത്തനെ കുറച്ചിട്ടും വില ഒരു പരിധിയിൽ കൂടുതൽ ഉയരുന്നില്ല. ഗ്വോട്ടിമാല ഏലം കളത്തിലിറക്കി വില ഇടിക്കാൻ ഗൂഢനീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. പുറ്റടി സ്‌പൈസ് പാർക്കിൽ ശനിയാഴ്ച നടന്ന ഐ.എം.സി.പി.സിയുടെ ഓൺലൈൻ ലേലത്തിൽ 31668.5 കിലോഗ്രാം ഏലക്കയാണ് വിൽപനക്കായി പതിച്ചത്. ഇതിൽ 30939.5 കിലോഗ്രാം ഏലക്ക വിറ്റുപോയപ്പോൾ കൂടിയ വില കിലോഗ്രാമിന് 3810 രൂപയും ശരാശരി വില 2757.6 രൂപയുമാണ് കർഷകർക്ക് ലഭിച്ചത്. അന്നുതന്നെ നടന്ന ആർ.എൻ.എസ് സ്‌പൈസിന്റെ ഓൺലൈൻ ലേലത്തിൽ 63113 കിലോഗ്രാം ഏലക്ക വിൽപനക്കായി പതിഞ്ഞതിൽ 59336.5 കിലോഗ്രാം വിറ്റുപോയപ്പോൾ കൂടിയ വില കിലോഗ്രാമിന് 3498 രൂപയും ശരാശരി വില കിലോഗ്രാമിന് 2800.36 രൂപയുമാണ് ലഭിച്ചത്.

സാധാരണ മുൻ വർഷങ്ങളിൽ 75,000 മുതൽ ഒരു ലക്ഷത്തിലധികം ഏലക്ക ഓൺലൈൻ ലേലത്തിൽ ഈ സമയം വിൽപനക്കായി ഓരോ ദിവസവും പതിച്ചിരുന്നു. ഈ വർഷം ഉൽപാദനം തീരെ കുറവായതാണ് ഓൺലൈൻ ലേലത്തിൽ വിൽപനക്കായി വരുന്ന ഏലക്കയുടെ അളവ് കുത്തനെ കുറയാൻ കാരണം. വിൽപനക്ക് വരുന്ന ചരക്ക് കുറയുമ്പോൾ ഡിമാൻഡ്‌ ഉയരുകയും വില കൂടുകയും ചെയ്യേണ്ടതാണ്. എന്നാൽ, ഇപ്പോൾ വിൽപനക്ക് വരുന്ന ഏലത്തിന്റെ അളവ് കുറഞ്ഞിട്ടും വില കൂടുതൽ ഉയരുന്നില്ല. ഇത്‌ ചില വൻകിട വ്യാപാരികളുടെ കള്ളക്കളി കൊണ്ടാണെന്നാണ് കർഷകർ ആരോപിക്കുന്നത്. ആഘോഷങ്ങൾക്കായി വ്യാപാരികൾ വൻതോതിൽ ഏലക്ക സ്റ്റോക്ക് ചെയ്യുന്ന സമയമാണ് ഇപ്പോൾ. അന്തർദേശീയ വിപണിയിലും, ഉത്തരേന്ത്യൻ വിപണിയിലും ഡിമാൻഡ്‌ ഉണ്ടായിട്ടും ശരാശരി ഏലക്ക വില കിലോഗ്രാമിന് 2700ൽ താഴെ നിൽക്കുകയാണ്. ജൂൺ ആദ്യവാരത്തിൽ ഇതിലും കൂടുതൽ വില കർഷകർക്ക് ലഭിച്ചിരുന്നു. 

Tags:    
News Summary - Cardamom prices remain unchanged in online auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.