കരിമണ്ണൂർ: നെയ്യശ്ശേരി-തോക്കുമ്പൻ റോഡ് പണിതുടങ്ങി ഒരുവര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. കരിമണ്ണൂർ മുതൽ തൊമ്മന്‍കുത്ത് വിനോദസഞ്ചാര കേന്ദ്രം വരെ എട്ടുകിലോമീറ്ററാണ് ഇപ്പോള്‍ പണിയുന്നത്. ഇതിന് പുറമെ മുള്ളരിങ്ങാട്-വെള്ളക്കയം റോഡില്‍ മാമ്പാറതോടിന് കുറുകെ കലുങ്കുപണിയുമാണ് നടത്തുന്നത്. കലുങ്കുപണി മാത്രമാണ് പൂര്‍ത്തിയായത്. കരിമണ്ണൂർ ഭാഗം പണി തുടങ്ങിയെങ്കിലും വേഗമില്ല.
മുളപ്പുറം പാലം പൊളിക്കുകയും ഉയരത്തില്‍ വാര്‍ക്കുകയും ചെയ്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് പണിതിട്ടില്ല. ഇവിടെ പാലം പണിയാന്‍ ഗതാഗതം മിഷന്‍കുന്ന് വഴി തിരിച്ചുവിട്ടിരുന്നു. ഇതുവഴി വലിയ വാഹനങ്ങൾ അടക്കം ഓടാൻ തുടങ്ങിയതോടെ ഈറോഡും തകര്‍ന്നു.
ഏറെനാളത്തെ പരിശ്രമങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവിലാണ് ജര്‍മന്‍ സഹായത്തോടെ റോഡുപണിയാൻ 138.72 കോടി രൂപ അനുവദിച്ചത്.
കരിമണ്ണൂരിൽനിന്ന് തുടങ്ങി തൊമ്മന്‍കുത്ത് വിനോദസഞ്ചാര കേന്ദ്രത്തിൽ വരെയും തുടര്‍ന്ന് നാരങ്ങാനം വഴി മുണ്ടന്മുടിയിൽ ആലപ്പുഴ-മധുര സംസ്ഥാനപാതയിൽ എത്തുകയും പിന്നീട് വണ്ണപ്പുറം ഹൈറേഞ്ച് കവലക്ക് അടുത്തുനിന്ന് കോട്ടപ്പാറ-മുള്ളരിങ്ങാട്-വെള്ളക്കയം-വെള്ളെള്ള്-പുളിക്കത്തൊട്ടി-ആനക്കുഴി വഴി പട്ടയക്കുടിയില്‍ എത്തുന്ന റോഡിന്റെ ദൂരം 29.19 കി.മീ. ആണ്. രണ്ടുവര്‍ഷമാണ് നിർമാണ കാലാവധി. എന്നാൽ, ഒരുവര്‍ഷം പൂര്‍ത്തിയാകാറായിട്ടും പണി എങ്ങും എത്തിയിട്ടില്ല.
ഗ്രാമങ്ങളുടെ വികസനത്തിനൊപ്പം തൊമ്മന്‍കുത്ത്, ആനചാടിക്കുത്ത്, കൊട്ടപ്പാറ, മീനുളിയാന്‍പാറ, കാറ്റാടിക്കടവ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്താനും എളുപ്പം സാധിക്കും. റോഡുപണി വേഗത്തിലാക്കുന്നതിനെപ്പറ്റി ആലോചിക്കാൻ കരിമണ്ണൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം യോഗം നടന്നിരുന്നു. ഇതിൽ വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായില്ല.
നിലവിലെ റോഡ് അതേപടി പുനർനിർമിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. വീതി കൂട്ടാനും പൊളിക്കുന്ന തൊമ്മൻകുത്ത് പാലത്തിന് ബദൽ സംവിധാനം ഒരുക്കാനും എം.പി, എം.എൽ.എ എന്നിവരെ കാണാൻ കമ്മിറ്റി തീരുമാനിച്ചു. മൂവാറ്റുപുഴ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കാണ് കരാർ. കെ.എസ്.ടി.പിക്കാണ് നിർമാണച്ചുമതല.
മുട്ടം: ഇടപ്പള്ളി-കോടതി ലിങ്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇടപ്പള്ളി ഭാഗത്തുനിന്ന് ജില്ല വിജിലൻസ് ഓഫിസിന് മുന്നിലേക്ക് എത്തുന്ന റോഡാണ് ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നത്. പൊതുജനങ്ങൾക്കും കോടതി, വിജിലൻസ് ഓഫിസ്, പോളിടെക്നിക്, ഐ.എച്ച്.ആർ.ഡി കോളജ്, സ്കൂൾ, നിരവധി ഹോസ്റ്റലുകൾ ജില്ല ഹോമിയോ ആശുപത്രി തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർഥികളും നിത്യേന ഉപയോഗിക്കുന്ന ലിങ്ക് റോഡ് നശിച്ചുകിടക്കുകയാണ്.
വർഷങ്ങളുടെ പഴക്കമുള്ള റോഡ് കുറേക്കാലം സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്നു. 15 വർഷം മുമ്പ് സ്ഥലം പഞ്ചായത്തിന് സറണ്ടർ ചെയ്ത് നൽകി. അര കിലോമീറ്റർ ദൂരം ടാറിങ് നടത്തിയാൽ രണ്ട് കിലോമീറ്റർ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാൻ കഴിയും. 50 മീറ്റർ ദൂരം മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്.
ചെറുതോണി: നാലു വർഷത്തിൽ അധികമായി തകർന്നു കിടക്കുന്ന ആൽപാറ-പാൽക്കുളംമേട് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലൂടെയുള്ള റോഡ് 160ൽപരം കുടുംബങ്ങളുടെ ഏക ആശ്രയമാണ്. നിരവധി ഭക്തർ എത്തുന്ന ആൽപാറ ദേവീക്ഷേത്രം, പാൽക്കുളംമേട് ടൂറിസം കേന്ദ്രം തുടങ്ങിയവയിൽ എത്തണമെങ്കിൽ ഈ റോഡിനെ ആശ്രയിക്കണം.
പഞ്ചായത്തിന്റെ കണക്കനുസരിച്ച് 18 കിടപ്പുരോഗികൾ രണ്ടു വാർഡിലായി കഴിയുന്നുണ്ട്. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻപോലും സാധിക്കുന്നില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. പ്രളയകാലത്ത് മറ്റു റോഡുകളെല്ലാം തകർന്നപ്പോൾ പുറംലോകവുമായി നാട്ടുകാർ ബന്ധപ്പെട്ടിരുന്നത് ഈ റോഡ് വഴിയാണ്. കാൽനടപോലും ദുഷ്കരമായ റോഡ് ടാർചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കലക്ടർക്കു പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.