തൊടുപുഴ: തൊടുപുഴ നഗരസഭ പാർക്കിൽ കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ പുത്തൻ കളിയുപകരണങ്ങൾ എത്തി. ഓണനാളുകളിൽ പുതിയ റൈഡുകളടക്കം തുറന്നുനൽകുമെന്ന് നഗരസഭ ചെയർമാൻ കെ. ദീപക് പറഞ്ഞു. പാർക്ക് നവീകരണത്തിന്റെ ഭാഗമായി 12 ലക്ഷം രൂപയുടെ കളിയുപകരണങ്ങളാണ് സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിലുള്ളവയാണ് ഇവ. ചിലതെല്ലാം കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചുകഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കുട്ടികൾക്ക് ഇതിൽ കളിക്കാൻ കഴിയും.
പല കളിയുപകരണങ്ങളും തുരുമ്പെടുത്തും മറ്റും നശിച്ചുതുടങ്ങിയെന്ന പരാതികൾക്കിടെയാണ് പുതിയ കളിയുപകരണങ്ങൾ എത്തുന്നത്. പാതിതകർന്ന കളിയുപകരണങ്ങളിൽ കുട്ടികൾ കളിക്കുന്നത് മാതാപിതാക്കൾക്കടക്കം ആശങ്ക സൃഷ്ടിച്ചിരുന്നു. എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലുള്ള ഊഞ്ഞാലും തുരുമ്പെടുത്ത റൈഡുകളുമായിരുന്നു. കുട്ടികളോടൊപ്പം വരുന്ന രക്ഷിതാക്കൾക്ക് ഇരിക്കാൻ നല്ലൊരു ഇരിപ്പിടം പോലും ഉണ്ടായിരുന്നില്ല.
മഴ ശക്തിപ്രാപിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ പാർക്ക് തുറന്നെങ്കിലും കളിയുപകരണങ്ങൾ മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞില്ല. അപകടഭീഷണി ഉയർത്തിയ പാർക്കിനുള്ളിലെ മരങ്ങളെല്ലാം മുറിച്ചുമാറ്റിയിട്ടുണ്ട്. മാത്രമല്ല പാർക്കിലെ കുളത്തിന് ചുറ്റിനുമുള്ള സ്റ്റീൽവേലി മരം വീണ് തകർന്നതും പുനഃസ്ഥാപിച്ചു. കളിയുപകരണങ്ങൾ കൂടി സ്ഥാപിക്കുന്നതോടെ പാർക്കിലെത്തുന്ന കുട്ടികൾക്ക് ഓണം ഇത്തവണ കളറാകും. അതേസമയം നവീകരണത്തിന്റെ ഭാഗമായി പാർക്കിൽ കൂടുതൽ ജോലികൾ പുരോഗമിക്കുകയാണെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.