ബുധനാഴ്ച സന്യാസിയോടയിൽ തോട്ടംതൊഴിലാളികളുമായി പോയ ജീപ്പ് റോഡിൽ തലകീഴായി മറിഞ്ഞ നിലയിൽ
നെടുങ്കണ്ടം: സന്യാസിയോടയിൽ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് റോഡിൽ തലകീഴായി മറിഞ്ഞ് ഡ്രൈവറടക്കം 10 പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ രണ്ടുപേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്നാട്ടിൽനിന്ന് ഏലത്തോട്ടത്തിലേക്ക് സ്ത്രീതൊഴിലാളികളുമായെത്തിയ ജീപ്പാണ് ബുധനാഴ്ച രാവിലെ നിയന്ത്രണംവിട്ട് മറിഞ്ഞത്.
തമിഴ്നാട് ഉത്തമപാളയത്തുനിന്ന് പാമ്പാടുംപാറ തെക്കേ കുരിശുമലയിലേക്ക് പോകുംവഴി സന്യാസിയോടക്ക് സമീപം കുത്തനെ കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ തലകീഴായി മറിയുകയായിരുന്നു. 16 തൊഴിലാളികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. റോഡരികിലെ ജലവിതരണ പൈപ്പിൽ കയറിയതാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ, അമിതവേഗമാണ് കാരണമെന്നും ജീപ്പിനുള്ളില്‍ 20ഓളം തൊഴിലാളികളുണ്ടായിരുന്നതായും മുൻവശത്തെ ഭാരക്കൂടുതലാണ് അപകടകാരണമെന്നും ദൃക്സാക്ഷികൾ പറയുന്നു.
ഏതാനും ദിവസം മുമ്പ് ബാലഗ്രാമിൽ തൊഴിലാളികളുമായെത്തിയ ജീപ്പ് അപകടത്തിൽപെട്ടിരുന്നു. തമിഴ്നാട്ടിൽനിന്ന് തൊളിലാളികളെ കുത്തിനിറച്ചെത്തുന്ന വാഹനങ്ങള്‍ ചീറിപ്പായുന്നതിനാല്‍ രാവിലെ ആറുമുതല്‍ 7.30 വരെയും ഉച്ചക്ക് 2.30 മുതല്‍ വൈകീട്ട് 4.30 വരെ വാഹനങ്ങൾക്കും വിദ്യാർഥികളടക്കമുള്ള കാൽനടക്കാർക്കും റോഡിലിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
ദിവസവും ആയിരത്തോളം വാഹനങ്ങളാണ് അതിർത്തി ചെക്പോസ്റ്റായ കമ്പംമെട്ട് വഴി തൊഴിലാളികളുമായി കേരളത്തിലേക്കെത്തുന്നത്. തൊഴിലാളികളെ കുത്തിനിറച്ച് അമിതവേഗത്തില്‍ പോകുന്ന ജീപ്പുകള്‍ അപകടത്തിൽപെടുന്നത് സ്ഥിരം സംഭവമായിട്ടും നടപടി സ്വീകരിക്കാൻ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ തയാറാകുന്നില്ല. മതിയായ രേഖകളില്ലാത്തതും കാലഹരണപ്പെട്ടതും യാത്രക്ക് സുരക്ഷിതമല്ലാത്തതുമായ നിരവധി വാഹനങ്ങളാണ് ദിവസവും അതിർത്തി കടക്കുന്നത്.
അമിത ഭാരവും വേഗവും കൂടിയാകുമ്പോള്‍ അപകടം നിത്യസംഭവമാണ്. ചെറിയ അപകടങ്ങള്‍ അപ്പോള്‍ തന്നെ പറഞ്ഞു തീര്‍ക്കുന്നതിനാല്‍ പുറംലോകം അറിയാറില്ല. 10 വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് മുപ്പതോളം പേർക്കാണ്. തോട്ടങ്ങളില്‍ തൊഴിലാളികള്‍ കുറവായതിനാല്‍ കൂടുതല്‍ ആളെ എത്തിക്കുന്നതിന് ഡ്രൈവർമാർക്ക് കൂടുതൽ തുക ലഭിക്കും. ഏഴും എട്ടും പേർക്ക് യാത്ര ചെയ്യാന്‍ അനുമതിയുള്ള ജീപ്പുകളിൽ 20ഉം അതിലധികവും തൊഴിലാളികളെ കുത്തിനിറച്ചുള്ള അമിതവേഗമാണ് അപകടത്തിനിടയാക്കുന്നത്. ചെങ്കുത്തായ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്രയും അപകടത്തിന് കാരണമാകുന്നുണ്ട്.
ശ്വാസം വിടാൻപോലും കഴിയാത്ത വിധത്തിൽ ആളുകളെ കുത്തിനിറച്ച് ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങളെല്ലാം കമ്പംമെട്ട്, ബോഡിമെട്ട്, കുമളി അതിർത്തി ചെക്പോസ്റ്റുകൾ വഴിയാണ് കടന്നുവരുന്നത്. ചെക്പോസ്റ്റുകളിൽ വാഹനങ്ങൾ പരിശോധന പോലുമില്ലാതെയാണ് കടത്തിവിടുന്നത്. അപകടങ്ങൾ തുടർക്കഥയായിട്ടും തൊഴിലാളി വാഹനങ്ങളുടെ മരണപ്പാച്ചിലിന് തടയിടാൻ അധികൃതര്‍ക്കാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ദിനേന നൂറുകണക്കിന് തമിഴ് തൊഴിലാളികളാണ് ഹൈറേഞ്ചിലെ തോട്ടംമേഖലയിൽ തൊഴിൽ തേടിയെത്തുന്നത്. ഡ്രൈവർമാരുടെ അശ്രദ്ധ കാരണം കുടുംബംപോറ്റാൻ അതിർത്തി കടന്നെത്തുന്നവരുടെ ചേതനയറ്റ ശരീരമാകും പലപ്പോഴും തിരികെ വീട്ടിലെത്തുക. ഉപജീവനത്തിനായി തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കെത്തുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ജില്ല ഭരണകൂടം ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
ശബിരിമല സീസൺകൂടി ആരംഭിച്ചതോടെ അതിർത്തി റോഡുകളിലൂടെയുള്ള ഗതാഗതം മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ട്. എന്നാൽ, തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളുടെ മരണപ്പാച്ചിലിന് ഒരു ശമനവുമില്ല. പല തോട്ടങ്ങളിലും എട്ട് മണിക്ക് തൊഴിലാളികളെ പണിക്ക് ഇറക്കാനാണ് മിക്ക വാഹനങ്ങളും അമിതവേഗത്തിൽ പായുന്നത്. കൃത്യസമയത്ത് പണിക്കിറങ്ങിയില്ലെങ്കിൽ കൂലി വെട്ടിക്കുറക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്. പണികഴിഞ്ഞുള്ള തിരിച്ചുപോക്കും ഇങ്ങനെ തന്നെയാണ്. മൂന്ന് മാസത്തിനിടെ തൊഴിലാളികളുടെ വാഹനങ്ങൾ ഉൾപ്പെട്ട ചെറുതും വലുതുമായ 25ഓളം അപകടങ്ങളാണ് മേഖലയിൽ ഉണ്ടായത്.
ഏതാനും മാസം മുമ്പ് ബാലഗ്രാമിന് സമീപത്തെ കൊടുംവളവിൽ വാഹനത്തിന്റെ വാതിൽ തുറന്ന് തൊഴിലാളി സ്ത്രീ റോഡിലേക്ക് തെറിച്ചുവീണ സംഭവം ഉണ്ടായിരുന്നു. അപകടങ്ങളുണ്ടാവുമ്പോൾ മാത്രം ഏതാനും ദിവസത്തേക്ക് പരിശോധന നടത്തി ചില വാഹനങ്ങൾ പിടികൂടി പിഴയീടാക്കും. പരിശോധനയിൽനിന്ന് പൊലീസ് ഉൾവലിയുന്നതോടെ കാര്യങ്ങൾ പഴയപടിയാകും. അപകടം നടന്നയുടൻ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷപ്രവർത്തനത്തിലൂടെ തൊഴിലാളികളെ പുറത്തെടുത്ത സംഭവവുമുണ്ട്. ജീപ്പിനുള്ളിൽ കുടുങ്ങിയവരെ ജീപ്പ് വെട്ടിപ്പൊളിച്ചും പുറത്തെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.