നെടുങ്കണ്ടം: ‘അരി തരാത്ത, തുണി തരാത്ത, പണി തരാത്ത ഭരണമെ, വരികയാണ് വരികയാണ്’ ഞങ്ങള്‍. ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഭരണമുന്നണിക്കെതിരെ പ്രതിപഷ പാര്‍ട്ടി ഉയര്‍ത്തിയ മുദ്രാവാക്യം ഓർത്തെടുക്കുകയാണ് പട്ടം കോളനിക്കാർ. ഏഴ് പതിറ്റാണ്ട് മുമ്പ് രൂപവത്കൃതമായ പട്ടം കോളനിയിലെ കുടിയിരുത്തപ്പെട്ട കര്‍ഷകരില്‍ ചിലരുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഓർമകൾ കൗതുകം ജനിപ്പിക്കുന്നതാണ്.
ഈ മുദ്രാവക്യങ്ങളിലുണ്ട് അക്കാലത്തെ തെരഞ്ഞെടുപ്പിന്‍റെ വീറും വാശിയും. അന്നത്തെ സ്ഥാനാർഥികള്‍ ഇരുവരും കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച മുദ്രാവാക്യങ്ങളും മറ്റും ഇപ്പോഴുള്ള പലർക്കും ഓർമയുണ്ട്.
1967ല്‍ വി.ടി. സെബാസ്റ്റിയനും വി.എം. വിക്രമനും ഉടുമ്പന്‍ചോലയില്‍ മത്സരിക്കുന്ന കാലം ഉരുളന്‍കല്ല് നിറഞ്ഞ പാതയിലൂടെ ജീപ്പില്‍ ജീപ്പില്‍ നാലഞ്ച് പേര്‍ കൈകൊട്ടി പാടി വരുകയാണ്. വി.എം. വിക്രമന്‍ വീട്ടിലിരിക്കും. വി.ടി. സെബാസ്റ്റിയന്‍ നാട് ഭരിക്കുമെന്ന്. അന്ന് ഇന്നത്തെ പോലെ തുറന്ന ജീപ്പോ, ജീപ്പില്‍ ഉച്ചഭാക്ഷിണിയോ, കൊടിതോരണങ്ങളോ, കട്ടൗട്ടുകളോ ഇല്ല. ക്വാര്‍ട്ടര്‍ സൈസ് പേപ്പറില്‍ കളര്‍ മഷികൊണ്ട് എഴുതി ഒട്ടിക്കുന്ന പോസ്റ്ററുകള്‍ കവലകളിലും മരത്തിലും പാറകളിലും കാണാം. വീറും വാശിയുമൊക്കെ രാഷ്ട്രീയത്തിൽ മാത്രമേ ഉള്ളൂ. അത് കഴിഞ്ഞാൽ നാട്ടുകാരായി.
എല്ലാവരും വൈകുന്നേരങ്ങളിൽ കവലകളിലിറങ്ങും. രാഷ്ട്രീയം സംസാരിക്കരുതെന്നൊന്നും ഒരിടത്തും എഴുതിവെച്ചിട്ടില്ല. പട്ടം കോളനിക്കാർ പറയുന്നത് അന്നത്തെ രാഷ്ട്രീയമാണ് ഇന്നത്തെ വികസിത കേരളമെന്നാണ്. കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തില്‍നിന്ന് വേര്‍പിരിക്കാനാകാത്ത ഒരേടാണ് പട്ടംകോളനിക്കുള്ളത്. തിരു-കൊച്ചി സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച് കുടിയിരുത്തല്‍ ചരിത്രമുള്ളിടമാണ് പട്ടംകോളനി. തമിഴ്‌നാടിനോട് ചേര്‍ന്ന് പശ്ചിമഘട്ടമലനിരകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഭാഗം. നെടുങ്കണ്ടം കിഴക്കേ കവലയില്‍ ആരംഭിച്ച് കൂട്ടാര്‍ വരെ 15 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്നു.
ആനമുടിക്ക് ഉദ്ദേശം 60 കിലോ മീറ്റര്‍ തെക്ക് മാറിയാണ് ഈ ഭൂപ്രദേശം. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാനാജാതി മതസ്ഥര്‍ ഭൂമി സ്വന്തമാക്കി ഹൈറേഞ്ചില്‍ സ്ഥിരതാമസമാക്കിയത് പട്ടംകോളനിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.