നെടുങ്കണ്ടത്ത് വമ്പന്മാര്‍ കൊമ്പുകുത്തി; നറുക്കെടുപ്പില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു

നെടുങ്കണ്ടം: എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും വമ്പന്മാര്‍ കൊമ്പുകുത്തിയ നെടുങ്കണ്ടം പഞ്ചായത്തില്‍ ഫോട്ടോ ഫിനിഷിലൂടെ ബി.ജെ.പി അക്കൗണ്ട് തുറന്നു. ചോറ്റുപാറ വാര്‍ഡിലാണ് ഏറ്റവും ശക്തമായ പോരാട്ടം നടന്നത്. ബി.ജെ.പി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ 380 വോട്ടുകള്‍ വീതം നേടി ഒപ്പത്തിനൊപ്പം എത്തിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി 376 വോട്ടുകളും നേടി.

നറുക്കെടുപ്പില്‍ ഭാഗ്യം എന്‍.ഡി.എ സ്ഥാനാര്‍ഥിയായ ശരണ്യക്കൊപ്പം നിന്നതോടെ പഞ്ചായത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു. കോണ്‍ഗ്രസിന്‍റെ നെടുങ്കണ്ടം വെസ്റ്റ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റുമാരായ എം.എസ്. മഹേശ്വരന്‍, രാജേഷ് അമ്പഴത്തിനാല്‍, മുന്‍ മണ്ഡലം പ്രസിഡന്‍റ് കെ.എന്‍. തങ്കപ്പന്‍ എന്നിവരും എല്‍.ഡി.എഫില്‍ നിന്ന് മത്സരിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ശോഭന വിജയന്‍, ലേഖ ത്യാഗരാജന്‍ എന്നിവരും പരാജയപ്പെട്ടു.

പൊന്നാമല വാര്‍ഡില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് രാജേഷ് മൂന്നാമത് ആയപ്പോള്‍ സ്വതന്ത്രനായി മത്സരിച്ച തോമസ് തെക്കേല്‍ ആണ് വിജയിച്ചത്. എം.എസ് മഹേശ്വരന്‍ മത്സരിച്ച ഇല്ലിക്കാനം വാര്‍ഡില്‍ സി.പി.ഐ സ്ഥാനാര്‍ഥി അജീഷ് മുതുകുന്നേല്‍ വിജയിച്ചപ്പോള്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അമീന്‍ ആണ് ഇവിടെ രണ്ടാമത് എത്തിയത്. തങ്കപ്പന്‍ മത്സരിച്ച തിരുവല്ലപടി വാര്‍ഡിലും യു.ഡി.എഫിന് രണ്ടാമത് എത്താനായില്ല. ഇവിടെ സി.പി.എമ്മിലെ കെ.എസ്. രാധാകൃഷ്ണന്‍ വിജയിച്ചപ്പോള്‍ യു.ഡി.എഫ് വിമതനാണ് രണ്ടാമത് എത്തിയത്.

കഴിഞ്ഞ തവണ പഞ്ചായത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സി.പി.ഐയും കേരള കോണ്‍ഗ്രസ് (എം) ഉം ഓരോ വാര്‍ഡ് മാത്രമാണ് ഇത്തവണ നേടിയത്. അതെ സമയം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച രണ്ട് വാര്‍ഡുകളിലും വിജയിച്ചു. 24 വാര്‍ഡുകളുള്ള പഞ്ചായത്തിലെ 16 വാര്‍ഡുകളിലും വിജയിച്ചാണ് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത്. എല്‍.ഡി.എഫ് ആറു വാര്‍ഡുകളില്‍ ഒതുങ്ങിയപ്പോള്‍ ഒരോ വാര്‍ഡില്‍ വീതം ബി.ജെ.പിയും സ്വതന്ത്രനും വിജയിച്ചു. 443 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കൗന്തിയില്‍ നിന്നും വിജയിച്ച യു.ഡി.എഫിലെ ജിജോ മരങ്ങാട് ആണ് ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത്.

Tags:    
News Summary - Bigwigs clash in Nedumkandam; BJP opens account in the draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.