ടാറിങ് തകർന്നതോടെ യാത്ര ദുഷ്കരമായ മൂലമറ്റം
കെ.എസ്.ആർ.ടി.സി ഡിപ്പോ
മൂലമറ്റം: ഒരുവർഷം മുമ്പുണ്ടായ മലവെള്ളപ്പാച്ചിലിൽ ഭാഗികമായി തകർന്ന മൂലമറ്റം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നവീകരണം വൈകുന്നു. ഡിപ്പോയുടെ ഒരു വശത്തെ സംരക്ഷണഭിത്തി തകർന്നതിനൊപ്പം ശുദ്ധജലം എടുക്കുന്ന കിണറും ശുചിമുറി ടാങ്കും തകർന്നിരുന്നു. ഇവയൊന്നും പുനഃസ്ഥാപിക്കാൻ നടപടിയായിട്ടില്ല. ഇപ്പോൾ വർക്ക് ഷോപ്പിലേക്കും വാഹനങ്ങൾ കഴുകുന്നതിനും താൽക്കാലികമായി നച്ചാറിൽ കുഴിയെടുത്താണ് വെള്ളം എടുക്കുന്നത്.
വേനൽ ശക്തമായാൽ കുഴിയിലെ വെള്ളം വറ്റിപ്പോകും. കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പ് കുറഞ്ഞപ്പോൾ ജീവനക്കാർ കുഴി താഴ്ത്തി ഡിപ്പോയിൽ വെള്ളം എത്തിക്കുകയായിരുന്നു.
17 സർവിസുകളാണ് ഇപ്പോൾ ഇവിടെ നിന്നുള്ളത്. എന്നാൽ ജീവനക്കാർ കുറവായതിനാൽ പല സർവിസുകളും മുടക്കേണ്ടി വരുന്നുണ്ട്. മുമ്പ് 26 സർവിസുകൾ വരെ നടത്തിയിരുന്നു.
നല്ല കലക്ഷനുള്ള ഒട്ടേറെ സർവിസുകളാണ് ജീവനക്കാരുടെ കുറവ് പറഞ്ഞ് നിർത്തിയത്. സർവിസ് വെട്ടിക്കുറക്കുന്നതനുസരിച്ച് ജീവനക്കാരെയും കുറക്കുന്നതാണ് ഡിപ്പോയുടെ ദുരിതത്തിന് പ്രധാന കാരണം.
ഇവിടെനിന്ന് മറ്റ് ഡിപ്പോകളിലേക്ക് അയച്ച ബസുകൾ തിരികെ എത്തിച്ച് കൂടുതൽ ജീവനക്കാരെ നിയമിച്ചാൽ ജില്ലയിലെ ഏറ്റവും നല്ല ഡിപ്പോയായി മാറ്റാൻ സാധിക്കും.
ഡിപ്പോയിലെ ടാറിങ്ങും തകർന്നു കിടക്കുകയാണ്. ബസുകൾ സ്റ്റാൻഡിലൂടെ ഓടുമ്പോൾ ഇളകി കിടക്കുന്ന കല്ലുകൾ തെറിക്കുന്നത് പതിവാണ്. ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നതോടെ യാത്രക്കാർ നടുവൊടിയാതെ എഴുന്നേറ്റ് നിൽക്കേണ്ട അവസ്ഥയാണ്. പലതവണ അധികാരികളെ അറിയിച്ചിട്ടും പരിഹാരമായില്ല.
മൂലമറ്റം ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ എം.എൽ.എ കൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ നിവേദനം നൽകി. ഗതാഗത മന്ത്രിയുമായി ആലോചിച്ച് വേണ്ട പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി നിവേദക സംഘത്തോട് പറഞ്ഞു. മൂലമറ്റം ഡിപ്പോയുടെ വിശദമായ റിപ്പോർട്ട് നൽകാൻ മന്ത്രി ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജ് പ്രസന്നനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.