മാമൂടിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മറിഞ്ഞ കാർ
നെടുങ്കണ്ടം: മാമൂട് വളവിൽ അപകടം പതിവാകുന്നു. തൂക്കുപാലം, പുളിയന്മല റോഡിൽ സന്യാസിയോടക്ക് സമീപം മാമൂട് കേന്ദ്രീകരിച്ചാണ് അപകടങ്ങൾ ഏറുന്നത്. കഴിഞ്ഞ ദിവസം കാർ മറിഞ്ഞ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. അതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥന്റെ കാർ മറിഞ്ഞ് പൊലീസുകാരന് നിസ്സാര പരിക്കേറ്റു.
ഈ വളവിൽ അപകടം നിത്യസംഭവമായിട്ടും കാരണം കണ്ടുപിടിക്കാനോ പ്രശ്നം പരിഹരിക്കാനോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർ തയാറാവുന്നില്ല. ആഴ്ചയിൽ കുറഞ്ഞത് രണ്ട് അപകടങ്ങളെങ്കിലും ഇവിടെ പതിവാണ്.അപകടം തുടർക്കഥയാവുകയും പരാതി ഏറുകയും ചെയ്തപ്പോൾ പൊതുമരാമത്ത് വകുപ്പ് സ്ഥലത്ത് റിബൺ വലിച്ചുകെട്ടി തടിയൂരി.
ഏതാനും ദിവസം മുമ്പ് രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ സഞ്ചാരികൾ സഞ്ചരിച്ച വാഹനം കലുങ്കിന് മുകളിൽ തലകീഴായി മറിഞ്ഞിരുന്നു. റോഡ് നവീകരിച്ച ശേഷം അപകടങ്ങൾ വർധിച്ചതായി പ്രദേശവാസികൾ പറയുന്നു. പല വാഹനങ്ങളും നിയന്ത്രണം വിട്ട് കലുങ്കിന് മുകളിൽ കയറുകയാണ്. ഡ്രൈവർമാർക്ക് പരിചയമില്ലാത്ത വഴിയും ദിശ ബോർഡുകളുടെ അഭാവവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.
ഈ ഭാഗത്ത് ക്രാഷ് ബാരിയറുകളും ഇല്ല. രാത്രിയിലെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്കാണ് മറിയുന്നത്. ഭാരവാഹനങ്ങളും ഇക്കൂട്ടത്തിൽപ്പെടും. ഇറക്കം ആരംഭിക്കുന്ന ഭാഗത്ത് വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ പിൻവശം തെന്നി നീങ്ങി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞാണ് അപകടങ്ങൾ ഏറെയും. റോഡ് നിർമാണത്തിലെ അപാകതയും കാരണമാണ്. ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് പുളിയന്മല തൂക്കുപാലം റോഡിലൂടെ രാമക്കൽമേട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് മാത്രം എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.