മുട്ടം: പൊതുജന പങ്കാളിത്തത്തോടെ മലങ്കര ടൂറിസം പദ്ധതി വിപുലീകരിക്കാനുള്ള തീരുമാനത്തിനും നടപടിയില്ല. പൊതുജനങ്ങളിൽനിന്ന് അപേക്ഷ സ്വീകരിച്ചെങ്കിലും അതിൽ നടപടി എടുക്കാനോ ക്രോഢീകരിച്ച് മുന്നോട്ട് പോകാനോ ഡി.ടി.പി.സി തയാറാകുന്നില്ലെന്നാണ് ആക്ഷേപം. മേയിലാണ് അപേക്ഷകൾ സ്വീകരിച്ചത്.
രണ്ട് മാസം പിന്നിട്ടിട്ടും അപേക്ഷകർക്ക് വ്യക്തമായ മറുപടി നൽകിയിട്ടില്ല. പദ്ധതിയെക്കുറിച്ച് പഠിക്കുകയാണെന്നാണ് ഡി.ടി.പി.സി പറയുന്നത്. 10 ലക്ഷം മുതൽ 20 കോടിയുടെ വരെ പദ്ധതികളാണ് സമർപ്പിച്ചിട്ടുള്ളത്. പാർക്ക് മുഴുവനായും ഏറ്റെടുത്ത് മലങ്കര ജലാശയത്തിലൂടെ ബോട്ട് സവാരി ഉൾപ്പെടെ നടത്താൻ തയാറായി വൻ വ്യവസായികൾ രംഗത്ത് വന്നിട്ടുണ്ട്. ലാഭത്തിന്റെ നിശ്ചിത ശതമാനം ഡി.ടി.പി.സിക്കും നൽകുമെന്ന വ്യവസ്ഥയിലാണ് പദ്ധതി നിർദേശം സമർപ്പിച്ചിട്ടുള്ളത്. എന്നാൽ, അതിൽ നടപടി മാത്രം ഉണ്ടാകുന്നില്ല.
ഒന്നര പതിറ്റാണ്ട് പിന്നിട്ട പദ്ധതി
ജില്ലയിലെ ലോറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മലങ്കര ടൂറിസം പദ്ധതി. വർഷങ്ങൾക്ക് മുമ്പേ കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയതല്ലാതെ കാര്യമായ ഒരു പുരോഗതിയും ഉണ്ടായില്ല. 2010ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് പദ്ധതിക്ക് ശിലയിട്ട് നിർമാണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മലങ്കര ഡാമിന് ചുറ്റുപാടുമുള്ള പ്രദേശം മണ്ണിട്ട് നികത്തി ടൂറിസത്തിനായി പാകപ്പെടുത്തുകയാണ് ആദ്യം ചെയ്തത്.
ശേഷം വർഷങ്ങൾ കഴിഞ്ഞാണ് എൻട്രൻസ് പ്ലാസയും കുട്ടികളുടെ പാർക്കും ബോട്ട് ജെട്ടിയും സ്ഥാപിക്കുന്നത്. ഇതിൽ പാർക്ക് മാത്രമാണ് തുറന്ന് നൽകിയിട്ടുള്ളത്. എൻട്രൻസ് പ്ലാസ അടഞ്ഞുതന്നെ കിടക്കുന്നു.
പ്രഖ്യാപനങ്ങൾ ജലരേഖ
11 കിലോമീറ്റർ ദൂരത്തിൽ പരന്ന് കിടക്കുന്ന മലങ്കര ജലാശയത്തെ ചുറ്റിപ്പറ്റി മലമ്പുഴ മോഡൽ ടൂറിസം പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ബോട്ടിങ്, സൈക്കിൾ സവാരി, കുതിരസവാരി, ബൊട്ടാണിക്കൽ ഗാർഡൻ, റോപ് വേ തുടങ്ങിയ എല്ലാം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നതിന് മുമ്പ് കുടയത്തൂരിൽ രണ്ടും നാലും പേർക്ക് സഞ്ചരിക്കാവുന്ന ചെറുചവിട്ട് ബോട്ട് ഇറക്കിയിരുന്നു. ഇതും പിന്നീട് അപ്രത്യക്ഷമായി. ഡീസൽ ബോട്ട് ഇറക്കിയാൽ കുടിവെള്ള സ്രോതസ്സായ ജലാശയം മലിനമാകുമെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.