തൊടുപുഴ: ഇത്തവണ ആദ്യകുടുംബംശ്രീ ‘ഓണസദ്യ’ വിതരണം ചെയ്ത് സംസ്ഥാന തലത്തിൽ ശ്രദ്ധേയമാകുകയാണ് ജില്ല. അടിമാലി കോടതിയിലേക്കുള്ള സദ്യയുടെ ഓർഡറാണ് വെള്ളത്തൂവൽ കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള ഡ്രീംസ് ഫുഡ് പ്രോഡ്ക്ട്സ് ആൻഡ് കാറ്ററിങ് യൂനിറ്റ് പൂര്‍ത്തീകരിച്ചത്.
21 കൂട്ടം കറികളും മൂന്ന് തരം പായസവും അടക്കം 275 രൂപയാണ് ഒരുസദ്യയുടെ വിലയായി ഈടാക്കിയത്. തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ വിഭവസമൃദ്ധമായ സദ്യ വീട്ടകങ്ങളിലൊരുക്കാൻ പ്രയാസപ്പെടുന്നവർക്കായി തനത് രീതിയിലുള്ള സദ്യയാണ് വീട്ടമ്മമാരൊരുക്കുന്നത്.
710 പേർക്കുള്ള ഓണസദ്യ നൽകി
ചുരുങ്ങിയ ദിവസങ്ങൾക്കകം 2150 സദ്യക്കാണ് ജില്ലയിൽ ആവശ്യക്കാരെത്തിയത്. 35 ഓർഡറുകളിലൂടെയാണ് ഇത്രയും സദ്യയൊരുക്കുന്നത്. ഇതിൽ അഞ്ച് ഓർഡറുകളിലായി 710 പേർക്കുള്ള സദ്യ നൽകി. വിവിധ മേഖലകളിലുള്ള സർക്കാർ ഓഫിസുകൾ, ബാങ്കുകൾ സഹകരണ സംഘങ്ങൾ, ഇതര സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ അടക്കം ആർക്കും ബ്ലോക്കുതലങ്ങളിൽ ചുമതല നൽകിയിട്ടുള്ള കാൾ സെന്ററുകളിൽ വിളിച്ച് ഓർഡർ നൽകിയാൽ പറയുന്ന സമയത്ത് തന്നെ സദ്യയെത്തും. സദ്യ ബുക്ക് ചെയ്യുന്നതിന് പ്രത്യേക നമ്പറുകളുമുണ്ട്. 25ന് മുകളിൽ സദ്യ ഓർഡർ ചെയ്യുന്നവർക്ക് സദ്യ വിളമ്പാനുള്ള സംവിധാനവും ഒരുക്കും. ഇതിന് പ്രത്യേക തുക നല്‍കണം. തിരുവോണദിവസം വരെ സൗകര്യം തുടരും.
തയാറാക്കുന്നത് 33 യൂനിറ്റിൽ
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സംരംഭകരടങ്ങിയ 33 യൂനിറ്റിലായാണ് വിഭവസമൃദ്ധമായ ഓണസദ്യ തയാറാക്കുന്നത്. 16 കൂട്ടം കറിയും ഒരു കൂട്ടം പായസവുമടക്കം സദ്യക്ക് 180 രൂപമുതൽ 21 കൂട്ടം കറിക്കും മൂന്ന് തരം പായസത്തിനും 280 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന വില. എന്നാൽ, സദ്യയുടെ എണ്ണമനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. വാഴയിലാണ് ചോറ് നൽകുന്നത്. ചുരുങ്ങിയത് രണ്ടുദിവസം മുമ്പെങ്കിലും സദ്യക്കായി ഓർഡർ നൽകണം. ജില്ല കോഓഡിനേറ്റർ ജി. ഷിബു, പ്രോഗ്രാം മാനേജർ കെ.എസ്. സേതുലക്ഷ്മി അടക്കമുള്ളവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.