ചേലക്കാട് ഉരുൾ പൊട്ടലുണ്ടായ സ്ഥലം
തൊടുപുഴ: ആർത്തലച്ച് പെയ്ത പേമാരി വിതച്ച കെടുതികൾക്ക് ശമനായില്ല. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച ശക്തമായ മഴയിൽ രണ്ട് ജീവനുകളും കോടികളുടെ നാശവുമാണ് ജില്ലയിലുണ്ടായത്. ഹൈറേഞ്ചിലും ലോറേഞ്ചിലും ഒരുപോലെ നാശം വിതച്ച മഴക്ക് ഞായറാഴ്ച പകൽ ശമനമായെങ്കിലും വൈകീട്ടോടെ വീണ്ടും ശക്തമായി. ജില്ലയില്‍ നിലവില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 187 പേരാണുള്ളത്.
മഴയോടൊപ്പമെത്തിയ കാറ്റും ഉരുൾപൊട്ടലും മണ്ണിടിച്ചിലും വിതച്ച നാശനഷ്ടങ്ങളുടെ അന്തിമ വിലയിരുത്തൽ ഇനിയും പൂർത്തിയായിട്ടില്ല. ഇത് പൂർത്തിയാകുന്നതോടെയാണ് ജില്ലയിലെ നഷ്ടങ്ങളുടെ അന്തിമ കണക്കുകൾ വ്യക്തമാകൂ.
വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച പുലർച്ച വരെ തുടർന്ന അതിശക്തമായ പേമാരിയിൽ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ ഉരുൾപൊട്ടലുകളുണ്ടായതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതാണ് ദുരിതക്കെടുതികൾ വർധിക്കാൻ കാരണം. കുടയത്തൂരിന് സമീപം അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിലാണ് വീട്ടമ്മയുടെ ജീവൻ നഷ്ടമായത്. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതോടൊപ്പം അടിമാലിയിലെ ചീയപ്പാറ വനത്തിലും കീരിത്തോട്ടിൽ രണ്ടിടത്തും പീരുമേട് അമലഗിരിയിലുമാണ് ഉരുൾപൊട്ടിയത്.
ഉൾവനമേഖലയിലടക്കം ഉരുൾപൊട്ടി വൻതോതിൽ വെള്ളവും പാറക്കഷണവും ഒഴുകിയെത്തിയതോടെ ഏക്കറുകണക്കിന് കൃഷിയിടങ്ങളും വീടുകളുമെല്ലാം നശിപ്പിക്കപ്പെട്ടു. ഇതോടൊപ്പം പുഴകളിലും തോടുകളിലും ജലനിരപ്പുയർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്തതോടെ ഡാമുകളിലെ ജലനിരപ്പുമുയർന്നു.
മഴക്കെടുതിയിൽ തിരിച്ചടി നേരിട്ടത് ജില്ലയിലെ വിനോദസഞ്ചാരമേഖലക്കുകൂടിയാണ്. മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ നേരത്തെതന്നെ വിനോദസഞ്ചാര മേഖലകളിൽ ജില്ല ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് സഞ്ചാരികളുടെ എണ്ണത്തിലടക്കം കുറവു വന്നു.
മഴക്കാലം ആസ്വദിക്കാനായി നൂറുകണക്കിന് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളാണ് മൺസൂൺ സീസണിൽ ഇടുക്കിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നത്. ഇതോടൊപ്പംതന്നെ ദുരിതപ്പേമാരി വിതക്കുന്ന നാശനഷ്ടങ്ങളും മേഖലക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
മഴക്ക് ശമനമായെങ്കിലും ജില്ലയിലെ മണ്ണിടിച്ചിൽ ഭീതി ഇപ്പോഴും നിലനിൽക്കുകയാണ്. കഴിഞ്ഞ ദിവത്തെ കനത്ത മഴയിൽ ജില്ലയിൽ ഒരു ഡസനിലേറെ സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. മൂലമറ്റം-വാഗമൺ റോഡ്, വാഗമൺ-ഈരാറ്റുപേട്ട റോഡ്, വാഗമൺ-ഉപ്പുതറ റോഡ്, നേര്യമംഗലം ചാക്കോച്ചി വളവ്, നേര്യമംഗലം-പനംകുട്ടി റോഡ്, തടിയമ്പാട്, മൂന്നാർ മേഖല, അമലഗിരി- കൂട്ടിക്കാനം-കട്ടപ്പന റോഡ് അടക്കം നിരവധി റോഡുകളിലാണ് മണ്ണിടിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടായത്. ഇതോടൊപ്പം കൊച്ചി-ധനുഷ്കോടി ദേശീയപാതയിലടക്കം വെള്ളം കയറിയും ഗതാഗത തടസ്സം സൃഷ്ടിച്ചു. കൂടാതെ മരം വീണും പലയിടങ്ങളിലും മാർഗതടസ്സമുണ്ടായി. മഴ ശക്തമാകും മുമ്പേ മൂന്നാറിലടക്കം മണ്ണിടിച്ചിൽ നടന്നിരുന്നു.
ഇതേ തുടർന്ന് ഇവിടെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നത് മണ്ണിടിച്ചിൽ സാധ്യതകൾ ഉയർത്തുകയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ജില്ലയില്‍ നിലവില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 187 പേരാണ് ക്യാമ്പിലുള്ളത്. ഇതില്‍ 73 പുരുഷന്മാരും 81 സ്ത്രീകളും 33 കുട്ടികളുമാണുള്ളത്. തൊടുപുഴ താലൂക്കില്‍ 6 ക്യാമ്പുകളിലായി 116 പേരാണുള്ളത്. പുരുഷന്മാര്-48, സ്ത്രീകള്‍-50, കുട്ടികള്‍-18. ഇടുക്കി താലൂക്കില്‍ 3 ക്യാമ്പുകളിലായി 26 പേരുണ്ട്. പുരുഷന്മാര് - 12, സ്ത്രീകള്‍ - 8, കുട്ടികള്‍ - 6. പീരുമേട് താലൂക്കില്‍ രണ്ട് ക്യാമ്പുകളിലായി 20 പേരുണ്ട്. പുരുഷന്മാര് - 6, സ്ത്രീകള്‍ - 12, കുട്ടികള്‍ - 2. ദേവികുളം താലൂക്കില്‍ ഒരു ക്യാമ്പില്‍ 17 പേരുണ്ട്. പുരുഷന്മാര് - 6, സ്ത്രീകള്‍ - 7, കുട്ടികള്‍ - 4. ഉടുമ്പഞ്ചോല താലൂക്കില്‍ ഒരു ക്യാമ്പില്‍ 8 പേരുണ്ട്. പുരുഷന്മാര് - 1, സ്ത്രീകള്‍ - 4, കുട്ടികള്‍ - 3.
മഴയുടെ ശക്തി കുറഞ്ഞതോടെ പലരും വീടുകളിലേക്ക് തിരിച്ചുപോയിത്തുടങ്ങി. 71.29 മില്ലിമീറ്ററാണ് ജില്ലയില്‍ ഞായറാഴ്ച വൈകീട്ട് വരെ പെയ്ത ശരാശരി മഴ. തൊടുപുഴ താലൂക്കില്‍ - 57.8 മില്ലിമീറ്റര്‍, ഇടുക്കി - 80.60, പീരുമേട് - 85.66, ഉടുമ്പഞ്ചോല - 33, ദേവികുളം - 99.4 എന്നിങ്ങനെയാണ് മഴ പെയ്തത്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2339.62 അടിയും മുല്ലപ്പെരിയാര്‍ ഡാമില്‍ 116.70 അടിയുമാണ് ജലനിരപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.