തൊടുപുഴ: ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി) തിങ്കളാഴ്ച മുതൽ പരിഷ്കരണം പ്രാബല്യത്തിലായെങ്കിലും ജില്ലയിലെ ചെറുകിട വ്യാപാരികൾക്ക് ആശങ്ക മാറുന്നില്ല. പരിഷ്കരണത്തിന്റെ ഭാഗമായി വിലക്കുറവ് പ്രാബല്യത്തിൽ വന്നില്ലേ എന്ന കസ്റ്റമറുടെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് ഇവർക്ക് നിശ്ചയമില്ല. പല സാധനങ്ങളുടെയും വില കുറഞ്ഞതായി അറിയിപ്പുകളുണ്ടെങ്കിലും ഇതൊന്നും ബില്ലിൽ കാണുന്നില്ലല്ലോ എന്നാണ് കടയിലെത്തുന്നവർ പറയുന്നത്.
ഉൽപന്നങ്ങളുടെ നിർമാണ വിതരണ കമ്പനികൾ മിക്കതും ചെറുകിട കച്ചവടക്കാർക്ക് വില സംബന്ധിച്ച മാറ്റങ്ങൾ നൽകി വരുന്നതേയുള്ളൂവെന്നാണ് ഇവർ പറയുന്നത്. പലചരക്ക് കടകളിലാണ് കൂടുതൽ ആശങ്ക നിലനിൽക്കുന്നത്.
കമ്പ്യൂട്ടറൈസ്ഡ് ബില്ലുകളുള്ള കടകളിലും മാറ്റം വന്നു തുടങ്ങുന്നതേയുള്ളൂ. എന്നാൽ, വില കുറയുന്ന സാധനങ്ങളെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത കച്ചവടക്കാരുമുണ്ട്. ചിലയിടങ്ങളിൽ കടയിലെത്തുന്നവർ വിലക്കുറവിന്റെ കാര്യം പറയുമ്പോൾ സംഭരിച്ചുവെച്ച വസ്തുക്കൾക്ക് വില കുറക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇവർ പറയുന്നു. ജില്ലയിലെ വൻകിട ബ്രാൻഡ് ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും ജി.എസ്.ടി മാറ്റം ബില്ലിൽ വന്നു തുടങ്ങിയിട്ടുണ്ട്.
എന്നാൽ, സൂപ്പർ മാർക്കറ്റുകളിലും മറ്റും ഓഫറുകൾ വെച്ചിരിക്കുന്നതിനാൽ പലയിടങ്ങളിലും പല നിരക്കിലാണ് വില. ജി.എസ്.ടി പരിഷ്കരണത്തിന്റെ മാറ്റങ്ങളുടെ ഗുണം പൂർണമായും യാഥാർഥ്യമാക്കാൻ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ എടുത്തേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
പഴയതും ഉയർന്നതുമായ ജി.എസ്.ടി നിരക്കിൽ വാങ്ങിയ സാധന സാമഗ്രികൾ കൈവശമുള്ള കമ്പനികൾ മുഴുവൻ ആനുകൂല്യങ്ങളും ഉടൻ കൈമാറാൻ വൈകുന്നതും വില കുറയുന്നതിന് തടസ്സമാകുന്നുണ്ട്. നിലവിലെ നിരക്കിൽ ശേഖരിച്ച സാധനങ്ങൾ കൈകാര്യം ചെയ്യുന്നതും ജി.എസ്.ടി.എൻ ശൃംഖലയിലെ സാങ്കേതിക തകരാറുകളും പോലുള്ള പ്രശ്നങ്ങളും പ്രതിസന്ധിക്കിടയാക്കിയേക്കും.
അതേസമയം, ജി.എസ്.ടി പരിഷ്കരണം യാതൊരു സാങ്കേതിക പഠനം നടത്താതെയാണെന്നും കസ്റ്റമർക്ക് വേണ്ടത്ര ഗുണംചെയ്യാൻ കഴിയുന്നതല്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. കമ്പനികളുടെ നേട്ടം ജനങ്ങളിലെത്താൻ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.