അടിമാലി: നിരവധി പ്രദേശങ്ങളുടെ സംഗമകേന്ദ്രവും ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നുമായ അടിമാലിയിൽ വാടകക്കെട്ടിടങ്ങളിൽനിന്ന് മോചനമില്ലാതെ സർക്കാർ ഓഫിസുകൾ. സംസ്ഥാനത്ത് തന്നെ രണ്ട് ഓഫിസ് മാത്രമുള്ള നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസ് ഉൾപ്പെടെ 20ഓളം സർക്കാർ ഓഫിസുകളാണ് അടിമാലിയിൽ വാടകക്കെട്ടിടങ്ങളിലുള്ളത്. മൂന്ന് പതിറ്റാണ്ടിലേറെയായി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്. അടിമാലി എക്സൈസ് റേഞ്ച് ഓഫിസ്, താലൂക്ക് വ്യവസായ ഓഫിസ്, പൊതുമരാമത്ത് ഓഫിസ്, ഇറിഗേഷൻ ഓഫിസ് എന്നിവയാണ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്.
എക്സൈസ് സമുച്ചയം നിർമിക്കാൻ പഞ്ചായത്ത് സ്ഥലം നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. പ്രതിമാസം ഒരു ലക്ഷത്തിലേറെ രൂപ വാടകനൽകുന്ന ദേവികുളം താലൂക്ക് മോട്ടോർ വാഹന ഓഫിസിനും സ്വന്തം സ്ഥലം കണ്ടെത്തി മാറ്റുന്നതിന് നടപടിയില്ല. പഞ്ചായത്തിന്റെ കെട്ടിടങ്ങളിൽ വാടകക്ക് പ്രവർത്തിക്കുന്ന ജനമൈത്രി എക്സൈസ് ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, പട്ടികവർഗ വികസന ഓഫിസ് എന്നിവ അടക്കം വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫിസുകൾ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരണമെന്നാണ് ആവശ്യം.
മൂന്ന് പതിറ്റാണ്ടായി അടിമാലി പഴയകോടതിപ്പടിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ചോർന്നൊലിക്കുന്ന ഈ കെട്ടിടത്തിൽ വളരെ പ്രയാസപ്പെട്ടാണ് ജീവനക്കാർ കഴിയുന്നത്. തൊണ്ടിമുതൽപോലും സൂക്ഷിക്കാൻ സൗകര്യമില്ല. സെപ്റ്റംബറിൽ കഞ്ചാവുമായി പിടിയിലായ അന്തർ സംസ്ഥാന തൊഴിലാളി കടന്നുകളഞ്ഞിരുന്നു. പ്രതികളെ കിട്ടിയാൽ സെൽ ഇല്ലാത്തതിനാൽ ഉറക്കമൊഴിച്ച് കാവലിരിക്കുകയാണ് ഉദ്യോഗസ്ഥർ.
അടിമാലി അമ്പലപ്പടിയിൽ വാടകക്കെട്ടിടത്തിൽ രണ്ടാം നിലയിലാണ് ഈ ഓഫിസ്. വിവിധ കേസുകളിൽ പിടികൂടുന്ന ബൈക്കുകൾ ഉൾപ്പെടെ തൊണ്ടിമുതൽ രണ്ടാം നിലയിൽ ഓഫിസിന് മുന്നിലെ വരാന്തയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഓഫിസിനകത്തും പുറത്തും സൂചികുത്താൻ ഇടമില്ലാത്ത വിധം തൊണ്ടി മുതൽ നിറഞ്ഞിട്ടും മാറ്റാൻ നടപടിയില്ല. അപകടാവസ്ഥയിലുള്ള ഈ വാടകക്കെട്ടിടത്തിൽനിന്ന് ഓഫിസ് മാറ്റാൻ ജീവനക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല. ഇതേ കെട്ടിടത്തിൽ തന്നെയാണ് താലൂക്ക് വ്യവസായ ഓഫിസും പൊതുമരാമത്ത് (ബിൽഡിങ്സ്) ഓഫിസും ഡെയറി ഓഫിസും പ്രവർത്തിക്കുന്നത്.
കേരള ജലസേചന വകുപ്പിന്റെ സെക്ഷൻ ഓഫിസും അപകടാവസ്ഥയിലായ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഓടുമേഞ്ഞ കെട്ടിടം ചോർന്നൊലിക്കുന്നു. മേൽക്കൂര അപകടാവസ്ഥയിലാണ്. ഈ ഓഫിസിനും സ്വന്തമായി കെട്ടിടം വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.