കുമളി: കൃഷിയിടങ്ങളിലേക്ക് കാടിറങ്ങി ജീവികൾ വരുന്നത് തടയാനുള്ള ‘വിത്തൂൺ’ പദ്ധതിക്ക് തുടക്കം കുറിച്ച് വനം വകുപ്പ്. ഇളം പുല്ലും മറ്റ് തീറ്റകളും തേടി ആന, കാട്ടുപോത്ത്, മ്ലാവ്, കേഴ എന്നിവ കൃഷിയിടത്തിലേക്ക് ഇറങ്ങുകയും ഇവയെ പിടികൂടാൻ കടുവ ഉൾപ്പടെ ജീവികൾ കാടിറങ്ങുന്നതും വ്യാപകമായതോടെയാണ് വനം വകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്.
മണ്ണിന്റെയും ജൈവവളത്തിന്റെയും മിശ്രിതത്തിൽ പൊതിഞ്ഞ നാടൻ സസ്യങ്ങളുടെയും പുല്ല് ഇനങ്ങളുടെയും വിത്തുകളാണ് ഉണ്ടകളാക്കി വനമേഖലയുടെ വിവിധ ഭാഗങ്ങളിൽ എറിയുന്നത്. പെരിയാർ കടുവ സങ്കേതത്തിലെ വിവിധ റേഞ്ചുകളിൽ ഇത്തരം വിത്തുണ്ടകൾ തുറസ്സായ പ്രദേശങ്ങളിൽ എറിയുന്നത് നടന്നു വരികയാണ്. ഇങ്ങനെ എറിയുന്ന വിത്തുകൾ മഴക്കാലത്ത് കിളിർക്കുന്നതോടെ കാട്ടിനുള്ളിലെ ഭക്ഷ്യ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
തിങ്കളാഴ്ച കടുവ സങ്കേതത്തിലെ അഴുത റേഞ്ചിൽ, സത്രം സെക്ഷനിലെ പുല്ല് മേട്ടിൽ ‘വിത്തൂൺ'' പരിപാടി നടന്നത്. സത്രം, സിലോൺ മൗണ്ട് ഇക്കോ ഡവലപ്പ്മെന്റ് കമ്മറ്റികളുടെയും വനം വകുപ്പിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടത്തുന്നത്. പുല്ലുമേട് ഭാഗത്ത് നടാൻ ഏകദേശം 700 ഓളം വിത്തുണ്ടകളാണ് വനം വകുപ്പ് സജ്ജമാക്കിയത്. സത്രം സെക്ഷൻ ഓഫീസ് പരിസരത്ത് നടന്ന പരിപാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ബെന്നി ഉദ്ഘാടനം ചെയ്തു.പി.ടി.സി.എഫ് എക്സിക്യുട്ടിവ് അംഗം ഷാജി കുരിശുംമ്മൂട്, വനം വകുപ്പ് ജീവനക്കായ പി. പ്രശാന്ത്, എം. ജി മിഥുൻ, ജോസഫ് ജോർജ് , ലെബിൻ ബേബി, തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.