മൂലമറ്റം: ആദിവാസി പിന്നാക്ക മേഖലയിലെ റോഡ് വികസനത്തിന് വനം വകുപ്പ് തടസ്സം നിൽക്കുന്നതായി വ്യാപക പരാതി. അറക്കുളം പഞ്ചായത്തില്‍ മാത്രം വനം വകുപ്പിന്റെ തടസ്സം മൂലം കുടുങ്ങിക്കിടക്കുന്നത് 10 റോഡാണ്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ളതും പതിറ്റാണ്ടുകളായി ആളുകള്‍ ഉപയോഗിച്ചിരുന്നതുമായ റോഡുകളാണ് നിയമത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ പോലും വനം വകുപ്പ് അനുവദിക്കാത്തത്.
അംഗൻവാടികളുള്പ്പടെ പൊതു സ്ഥാപനത്തിലേയ്ക്കുള്ള റോഡുകളും ഇതിലുണ്ട്. ഉളുപ്പുണി-ഉറുമ്പുള്ള്-അമ്പലമേട്-മുല്ലക്കാനം-ചക്കിമാലി റോഡ്, ഉളുപ്പുണി-കപ്പക്കാനം-ഉറുമ്പുള്ള് റോഡ് ഉറുമ്പുള്ള്-അംഗൻവാടി റോഡ് എന്നിവയാണ് വനം വകുപ്പിന്റെ കനിവ് തേടുന്നത്.
ഏഴാം വാര്‍ഡായ പതിപ്പള്ളിയിലെ തെക്കുംഭാഗത്ത് യാത്ര സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് യഥാസമയം ചികിത്സ കിട്ടാതെയുള്ള മരണവും ആശുപത്രിയിലെത്തിക്കാന്‍ വൈകിയതു മൂലം വഴിയില്‍ പ്രസവവും നടന്നിട്ടുണ്ട്. രോഗികളെയും മറ്റും ചുമന്നാണ് റോഡിലെത്തിക്കുന്നത്. കുളമാവ്-കലംകമഴ്ത്തി-കവന്ത-ഉളുപ്പുണി (കുളമാവ്-കോട്ടമല) റോഡാണ് വനപാലകര്‍ വഴിമുടക്കിയ മറ്റൊരു പ്രധാന നാട്ടുപാത. ഇടുക്കി വന്യജീവി സങ്കേതത്തെ മൂലമറ്റവും തൊടുപുഴയുമടക്കം ജനവാസമേഖലയില്‍നിന്നു വേര്‍തിരിക്കുന്ന റോഡാണിത്.1977മുതല്‍ അറക്കുളം പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള റോഡിന് 2017ലാണ് വനംവകുപ്പ് പൂട്ടിട്ടത്.
ഈ റോഡ് തുറന്നുകിട്ടാൻ സമരം ചെയ്ത പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഗീത തുളസീധരൻ അടക്കമുള്ളവര്‍ വനംവകുപ്പ് കേസില്‍ പ്രതികളായി. കുളമാവ് പള്ളിക്കവല മുതല്‍ 300 മീറ്റര്‍ ടാറിങ്ങും 100 മീറ്റര്‍ കോണ്‍ക്രീറ്റും പിന്നീട് മണ്പാതയുമായ റോഡ് മൂലമറ്റം -കോട്ടമല റോഡിലേയ്ക്കാണെത്തുന്നത്.
ചങ്ങല വലിയ വിവാദമായപ്പോള്‍ വാഹനഗതാഗതം സാധ്യമാകാത്ത നിലയില്‍ വനം വകുപ്പ് ജണ്ട സ്ഥാപിച്ചു. ടാര്‍ ചെയ്യുന്നതു മാത്രമേ വന നിയമം വിലക്കുന്നുള്ളു. കോണ്‍ക്രീറ്റ് ചെയ്യാനോ ടൈല്‍ പാകാനോ തടസ്സമില്ലെന്ന് ഹൈക്കോടതി വിധിയുമുണ്ട്. മേമുട്ടം-ആശ്രമം ലിങ്ക് റോഡ്, മാക്കത്തടം-പതിപ്പള്ളി-തെക്കുംഭാഗം റോഡ്, പതിപ്പള്ളി-പതിയമ്പലം റോഡ്, മൂലമറ്റം -തേക്കിന്‍കൂപ്പ് - അംഗൻവാടി റോഡ് എന്നിവയും വനം വകുപ്പ് തടസ്സം പറയുന്ന റോഡുകളാണ്. എന്നാല്‍ നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.