തൊടുപുഴ: ജില്ലയിൽ വൈദ്യുതി മൂലമുള്ള അപകടങ്ങൾ വർധിക്കുന്നു. ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ മാത്രം 30 വൈദ്യുതി അപകടങ്ങളാണ് സംഭവിച്ചത്.
അശ്രദ്ധ, അലംഭാവം, അറിവില്ലായ്മ എന്നിവയാണ് ഒട്ടുമിക്ക വൈദ്യുതാപകടങ്ങളുടെയും മുഖ്യകാരണം. ജില്ലയിലെ വൈദ്യുതാപകടങ്ങളില്‍ ഭൂരിഭാഗവും ഇരുമ്പുതോട്ടി അല്ലെങ്കില്‍ ഇരുമ്പ് ഏണി വൈദ്യുതി ലൈനുകളുടെ സമീപം ഉയര്‍ത്തുന്നതു കൊണ്ടാണ്.
ലൈനുകള്‍ക്ക് സമീപമുള്ള ചക്ക, മാങ്ങ, അടയ്ക്ക, തേങ്ങ തുടങ്ങിയ ഫലങ്ങള്‍ പറിക്കുകയോ ലൈനുകളുടെ സമീപമുള്ള വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യരുത്. ഏലത്തോട്ടങ്ങളിലെ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിക്കുമ്പോഴും കുരുമുളക് പറിക്കുമ്പോഴും ഇരുമ്പ് ഏണി ലൈനുമായി സമ്പര്ക്കത്തിൽപെട്ടും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്.
കൂടാതെ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ വെട്ടുന്നതിനിടെ ലൈനില്‍ മുട്ടിയും അപകടം സംഭവിക്കുന്നു. ലൈനുകളില്‍നിന്ന് വൈദ്യുതാഘാതം സംഭവിക്കാന്‍ ലൈനുമായി നേരിട്ട് സമ്പര്‍ക്കം വേണമെന്നില്ല. ലൈനിനടുത്ത് ലോഹവസ്തുക്കള്‍ എത്തിയാല്‍ വൈദ്യുതാകര്‍ഷണം മൂലം വൈദ്യുതി പ്രവഹിക്കുകയും അപകടം ഉണ്ടാകുകയും ചെയ്യും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ടൈല്‍വര്‍ക്ക്, വെല്‍ഡിങ്, പെയിന്റിങ് എന്നിവക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യുന്ന വയറുകളുടെയും ഇതിന് ഉപയോഗിക്കുന്ന എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകളുടെയും നിലവാരമില്ലായ്മ മൂലവും അപകടങ്ങള്‍ ഉണ്ടാകാം.
വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ ഗ്ലൗസ്, ഷൂസ് തുടങ്ങിയവ ധരിക്കണം. ഇതിനു പരിശീലനം ലഭിച്ചവര്‍ മാത്രമേ ഇത്തരം ജോലികള്‍ ചെയ്യാവൂ. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അവ ഒഴിവാക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ഇടുക്കി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും കെ.എസ്.ഇ.ബിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സുരക്ഷാവാരത്തിന് തുടക്കമിട്ടു കഴിഞ്ഞു. ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ടുവരെയാണ് സുരക്ഷാ വാരമായി ആചരിക്കുന്നത്.
വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പൊട്ടിക്കിടക്കുന്ന വൈദ്യുതി ലൈനില്‍ സ്പര്‍ശിക്കരുത്
- വൈദ്യുതി പോസ്റ്റുകളില്‍ കന്നുകാലികളെ കെട്ടിയിടുകയോ അവയില്‍ അഴകള്‍ കെട്ടുകയോ ചെയ്യരുത്
- മഴയുള്ള സമയത്ത് പോസ്റ്റുകളിലോ സ്റ്റേ വയറിലോ സ്പര്‍ശിക്കരുത്
- വൈദ്യുതി ലൈനുകള്‍ക്ക് താഴെ കെട്ടിടങ്ങളോ ഷെഡോ പണിയാൻ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം
- വീട്ടില്‍ 30 മില്ലി ആംപിയര്‍ പ്രവര്‍ത്തനക്ഷമതയുള്ള ഇ.എല്‍.സി.ബി നിര്‍ബന്ധമായും സ്ഥാപിക്കണം. ഇത് വൈദ്യുതി ചോര്‍ച്ച മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കും
- കേടായ ഉപകരണങ്ങള്‍ ഉടന്‍ നന്നാക്കുകയോ മറ്റൊന്ന് ഉപയോഗിക്കുകയോ ചെയ്യുക
- നനഞ്ഞ കൈവിരല്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കരുത്
- കുട്ടികള്‍ക്ക് കൈയെത്തും വിധം വൈദ്യുതി ഉപകരണങ്ങളോ സമഗ്രികളോ സ്ഥാപിക്കരുത്
- വയറിങ് ശരിയായ രീതിയില്‍ പരിപാലിക്കണം
- വയറിങ്ങിലോ ഉപകരണങ്ങളിലോ അറ്റകുറ്റപ്പണി ചെയ്യുന്നതിന് മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിച്ചു എന്നു ഉറപ്പുവരുത്തുക
- ലൈസന്‍സും വേണ്ടത്ര പ്രായോഗിക പരിജ്ഞാനവും ഉള്ളവരെക്കൊണ്ട് മാത്രം അറ്റകുറ്റപ്പണി ചെയ്യിക്കുക
- കാലപ്പഴക്കമുള്ളതും ഉപയോഗശൂന്യവുമായ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കരുത്
- ഐ.സ്.ഐ മുദ്രയുള്ള ഉപകരണങ്ങള്‍ മാത്രം വയറിങ്ങിന് ഉപയോഗിക്കുക
- വീടുകളിലെ എര്‍ത്തിങ് ശരിയായ രീതിയില്‍ പരിപാലിക്കുക
- പ്ലാസ്റ്റിക് വയറുകള്‍ ഉപയോഗിച്ച് താൽക്കാലിക വയറിങ് ചെയ്യുന്നത്, കൃത്യമായി റേറ്റിങ്ങുള്ള സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ഉപയോഗിക്കാത്തത്, ഒരു പ്ലഗ് പോയന്റില്‍നിന്ന് ഒന്നിലധികം കണക്ഷന് എടുക്കുന്നത്, നിലവാരമില്ലാത്ത മൊബൈല്‍ ചാര്‍ജറുകളുടെയും മറ്റു ഉപകരണങ്ങളുടെയും ഉപയോഗം എന്നിവ വൈദ്യുതി ഷോര്‍ട്ട്സര്‍ക്യൂട്ടിനും തീപിടിത്തത്തിനും കാരണമാകാം
- ഗാര്‍ഹിക ഉപകരണങ്ങളായ ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്, ഇസ്തിരിപ്പെട്ടി, ഗ്രൈന്‍ഡര്‍, മിക്സി മുതലായവ തകരാറിലായാല്‍ സ്വയം നന്നാക്കാന്‍ ശ്രമിക്കരുത്.
വൈദ്യുതി അപകടം സംഭവിച്ചാല്‍ ചെയ്യേണ്ടത്
- വൈദ്യുതി മൂലം തീപിടിത്തം ഉണ്ടായാല്‍ മെയിന്‍ സ്വിച്ച് ഓഫാക്കുക
- തീയണക്കുന്നതിന് വെള്ളം കോരി ഒഴിക്കരുത്. ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡര്ടൈപ് അഗ്നിരക്ഷാ ഉപകരണങ്ങള്‍ മുതലായവ ഉപയോഗിക്കുക
- ഷോക്ക് മൂലം അപകടം പറ്റിയ വ്യക്തിയെ വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം മാത്രമേ സ്പര്‍ശിക്കാവൂ
- വൈദ്യുതാഘാതമേറ്റ വ്യക്തിയെ ഉണങ്ങിയ തടിക്കഷണം കൊണ്ടോ വൈദ്യുതിവാഹിയല്ലാത്തതും ഈര്‍പ്പരഹിതവുമായ വസ്തു ഉപയോഗിച്ചോ മാത്രം വൈദ്യുതി ബന്ധത്തില്‍നിന്ന് വേര്‍പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.