കുടിച്ചവെള്ളം വിശ്വസിക്കാമോ​? ഉത്തരമുണ്ട്​; ഇനിപറ്റും

തൊടുപുഴ: കുടിച്ചവെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ചിലരെപ്പറ്റി പറയാറുണ്ട്. എന്നാല്‍, നമ്മൾ കുടിക്കുന്ന വെള്ളം ഗുണനിലവാരമുള്ളതാണോയെന്ന് എത്രപേർ പരിശോധിക്കുന്നുണ്ട്​. 

കോളറയും മഞ്ഞപ്പിത്തവും അതിസാരവും ഉള്‍പ്പെടെ നിരവധി രോഗങ്ങളാണ്  മോശമായ വെള്ളത്തിലൂടെ ഉണ്ടാകുന്നത്. ഈ പ്രശ്​നത്തിന്​ പരിഹാരം കാണാൻ എം.എൽ.എമാരുടെ സഹായത്തോടെ എല്ലാ പഞ്ചായത്തുകളിലും ജല ഗുണനിലവാര പരിശോധന ലാബുകള്‍ തുറക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്​ ഹരിതകേരളം. കെട്ടിടവും സൗകര്യവുമുള്ള പഞ്ചായത്തിലെ ഒരു ഹയര്‍ സെക്കൻഡറി സ്‌കൂള്‍ തെരഞ്ഞെടുത്ത് അവിടെയായിരിക്കും ലാബ് സൗകര്യം ലഭ്യമാക്കുക. 

സ്‌കൂള്‍ ലാബില്‍ പരിശോധന ഉപകരണങ്ങള്‍ സ്ഥാപിക്കുകയാകും ചെയ്യുക. ജില്ലയിലെ എം.എല്‍.എമാരുമായി ബന്ധപ്പെട്ട് ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഹരിതകേരളം ജില്ല കോഓഡിനേറ്റര്‍ ഡോ. ജി.എസ്. മധു അറിയിച്ചു. മന്ത്രി എം.എം. മണി ഉള്‍പ്പെടെ എല്ലാ എം.എല്‍.എമാരും പദ്ധതി നടപ്പാക്കുന്നതിന് അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്.

ആദ്യം അധ്യാപകര്‍ക്ക് ജല ഗുണനിലവാര പരിശോധനയില്‍ പരിശീലനം നല്‍കും. തുടര്‍ന്ന് കുട്ടികള്‍ക്കും പരിശീലനം നല്‍കും. തുടക്കത്തില്‍ കുട്ടികള്‍ കൊണ്ടുവരുന്ന ജല സാംപിളായിരിക്കും പരിശോധിക്കുക. പിന്നീട് പൊതുജനങ്ങള്‍ക്കും കുടിവെള്ളം പരിശോധിക്കാം. കൂടാതെ വാര്‍ഡ്തല ശുചിത്വ-ആരോഗ്യ സമിതികള്‍ നിര്‍ദേശിക്കുന്ന പകര്‍ച്ചവ്യാധി വ്യാപന മേഖലയിലെ കുടിവെള്ളവും പരിശോധന വിധേയമാക്കും.

കുട്ടികള്‍ക്ക് നിത്യജീവിതവുമായി ബന്ധപ്പെട്ട പഠനാനുഭവം ലഭ്യമാക്കാന്‍ കഴിയുമെന്നതിനാലാണ് സ്‌കൂളുകളില്‍ ലാബ് പദ്ധതി തുടങ്ങുന്നത്. തോടുകള്‍, നീര്‍ച്ചാലുകള്‍, കനാലുകള്‍ തുടങ്ങി എല്ലാ വെള്ള സ്രോതസ്സുകളും നിശ്ചിത ഇടവേളകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കഴിയും.

Tags:    
News Summary - Drinking Water Issue in Thodupuzha -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.