തൊടുപുഴ: ജില്ലയിൽ അസി.സർജൻമാരും സ്പെഷലിസ്റ്റുകളുമുൾപ്പെടെ 51 ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. ചീഫ് മെഡിക്കൽ ഓഫിസർമാർ, അസിസ്റ്റന്റ് സർജൻമാർ, സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയുള്ള തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഹൈറേഞ്ച് മേഖലകളിൽ ഒൻപത് ചീഫ് മെഡിക്കൽ ഓഫിസർമാരുടെയും ലോറേഞ്ചിൽ രണ്ടു പേരുടെയും ഒഴിവുകളാണുള്ളത്. അസി.സർജൻമാർ ഹൈറേഞ്ചിൽ 25 ഉം ലോറേഞ്ചിൽ രണ്ടും ഒഴിവുകളാണുള്ളത്. 11 സ്പെഷ്യലിസ്റ്റുകളുടെ ഒഴിവും ജില്ലയിലുണ്ട്. സിവിൽ സർജൻമാരുടെ രണ്ട് ഒഴിവുകളുമാണുള്ളത്.
ഇടുക്കിയിൽ നിയമിക്കപ്പെടുന്ന പലരും സ്വന്തം ജില്ലയിലേക്കോ അല്ലെങ്കിൽ സൗകര്യപ്രദമായ മറ്റേതെങ്കിലും സ്ഥലത്തേക്കോ മാറിപ്പോകുന്നതാണ് ഇടുക്കിയിലെ ആരോഗ്യ രംഗത്ത് പ്രതിസന്ധി ഉണ്ടാക്കുന്നത്. ചിലരാകട്ടെ , ജോലിയിൽ പ്രവേശിച്ച ശേഷം നീണ്ട അവധിയെടുത്ത് മാറിനിൽക്കും. വർഷങ്ങളായി തുടരുന്ന ഈ പതിവിന് ഇപ്പോഴും വലിയ മാറ്റമില്ല. ഹൈറേഞ്ച് മേഖലകളിലെ ആശുപത്രികളിലാണ് ഡോക്ടർമാരുടെ അഭാവം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജില്ലയുടെ ആരോഗ്യരംഗത്ത് വൻ പ്രതീക്ഷകൾക്ക് വിത്ത് പാകിയാണ് 2014ൽ പൈനാവിലെ ഇടുക്കി ജില്ല ആശുപത്രി മെഡിക്കൽ കോളജായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, മെഡിക്കൽ കോളജ് വികസനം പൂർണാർത്ഥത്തിൽ ഇനിയും യാഥാർഥ്യമായിട്ടില്ല. ഒരു ജില്ല ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന സേവനമേ മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കുന്നുള്ളൂ എന്ന ആക്ഷേപവും നില നിൽക്കുന്നു.
ജില്ലയിൽ അടിയന്തിര ചികിത്സ ലഭ്യമാക്കുന്ന ആതുര ചികിത്സാ കേന്ദ്രമായി മെഡിക്കൽ കോളജ് ആശുപത്രി ഇനിയും വളർന്നിട്ടില്ല. അയൽ ജില്ലകളായ കോട്ടയത്തെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ് പലപ്പോഴും ഇടുക്കിക്കാർക്ക് . താൽക്കാലിക ഡോക്ടർമാരെ നിയമിച്ചാണ് ഇപ്പോൾ അത്യാവശ്യം കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇടുക്കി പോലുള്ള ജില്ലയിൽ ജോലി ചെയ്യാനുള്ള മടിയും ജോലിഭാരവുമാണ് പലരെയും ഇവിടെ ജോലി ചെയ്യുന്നതിൽ നിന്ന് പിന്നോട്ടടിക്കുന്നത്. ജില്ലയിലെ പല സർക്കാർ ആരോഗ്യ കേന്ദ്രങ്ങളും ഇപ്പോഴും വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളിലും ജീവനക്കാരുടെ എണ്ണത്തിലും വളരെ പിന്നിലാണ്. തോട്ടം മേഖലകളിലാകട്ടെ ചികിത്സാ സൗകര്യങ്ങൾ വളരെ പരിമിതവും.
സർക്കാർ സംവിധാനത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി സംവിധാനങ്ങളുടെയടക്കം സൗകര്യക്കുറവ് ജില്ല നേരിടുന്ന വലിയ പോരായ്മയാണ്. അടിയന്തര ഘട്ടങ്ങളിൽ മറ്റ് ജില്ലകളിലെത്താനായി ജീവനും മുറുകെപ്പിടിച്ച് ഓടേണ്ട അവസ്ഥയാണ് പലപ്പോഴും. ഡോക്ടർമാരുടെ അഭാവം ജില്ലയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് അമിത സമ്മർദ്ദവും ഉണ്ടാക്കുന്നുണ്ട്. ഡോക്ടർമാരുടെ കുറവ് പരിഹരിച്ച് മെച്ചപ്പെട്ട സേവനം ജനങ്ങൾക്ക് ലഭ്യമാക്കണമെന്നാണ് ആവശ്യം. ജില്ലയുടെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക പാക്കേജിലൂടെയും മറ്റും ഡോക്ടർമാരെ ജില്ലയിൽ നിലനിർത്താനുള്ള സംവിധാനങ്ങൾ ഉണ്ടാക്കണമെന്നും നിർദേശങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.