തൊടുപുഴ: കാലാവസ്ഥ വ്യതിയാനംമൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂടുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. സൂര്യാഘാതം, സൂര്യാതപം, സൂര്യാതപമേറ്റുള്ള ശരീര ശോഷണം, ചൂടുകൊണ്ട് ഉണ്ടാകുന്ന പേശി വലിവ്, വേനല്‍ ചൂട് കൊണ്ടുണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാനമായും ചൂടുകൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍.
സൂര്യാഘാതം: ലക്ഷണങ്ങൾ
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തില്‍ ഉണ്ടാവുന്ന താപം കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ചര്‍മം, ശക്തിയായ തലവേദന, തലകറക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അപസ്മാരം, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ.
ചൂടുള്ള കാലാവസ്ഥയില്‍ കൂടുതല്‍ സമയം വെയിലത്ത് ചെലവഴിക്കുന്നത് കൊണ്ടാണ് ഇത്തരം പൊള്ളലുകള്‍ ഉണ്ടാകുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലുമാണ് സൂര്യാതപം കൊണ്ടുണ്ടാകുന്ന പൊള്ളലുകള്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യത. സൂര്യാതപംമൂലം പൊള്ളലേറ്റു എന്ന സംശയമുള്ളവരെ വളരെ പെട്ടെന്ന് തണലത്തേക്ക് മാറ്റുക. ധാരാളം വെള്ളം കുടിപ്പിക്കുക, പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം സാവധാനം ഒഴിക്കുകയോ, തണുത്ത വെള്ളത്തില്‍ മുക്കിയ സ്‌പോഞ്ച് കൊണ്ട് മൃദുവായി തുടക്കുകയോ ചെയ്യുക.
സൂര്യാതപം: ലക്ഷണങ്ങൾ
സൂര്യാഘാതത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപമേറ്റുള്ള ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നാണ് സൂര്യാതപം ഏല്‍ക്കുമ്പോള്‍ ശരീരശോഷണം ഉണ്ടാകുന്നത്. ലക്ഷണങ്ങള്‍: ക്ഷീണം, കഠിനമായ വിയര്‍പ്പ്, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറമാവുകയും ചെയ്യുക, ബോധക്ഷയം, പേശി വലിവ്, പേശികളുടെ വേദനാജനകമായ അനിയന്ത്രിതമായ സങ്കോചം, സന്ധികള്‍ പൂർണമായി നിവര്‍ത്തുന്നതിനുള്ള ബുദ്ധിമുട്ട്, തനതായ ശൈലിയില്‍ നില്‍ക്കാനോ നടക്കാനോ പ്രവര്‍ത്തിക്കാനോ ഉള്ള ബുദ്ധിമുട്ട് എന്നിവ.
പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പോഷകാഹാരക്കുറവുള്ളവര്‍, പ്രമേഹം, വൃക്ക രോഗങ്ങള്‍, ഹൃദ്രോഗം, മുതലായ രോഗമുള്ളവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതം ഏറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം.
ഇക്കാര്യങ്ങളിൽ കരുതൽ വേണം
വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചസമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം രാവിലെ 11 മണി മുതല്‍ 3 മണി വരെ ക്രമീകരിക്കുക. അല്ലെങ്കില്‍ കാഠിന്യമേറിയ ജോലികള്‍ രാവിലെയോ വൈകീട്ടോ ചെയ്യാന്‍ ശ്രമിക്കുക. കുട്ടികളെ കഠിനമായ വെയിലുള്ള സമയങ്ങളില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക. കാറ്റ് കടന്ന് ചൂട് പുറത്തുപോകത്തക്ക വിധത്തില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞ, ഇളം നിറത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മദ്യം എന്നിവയുടെ ഉപയോഗം കുറക്കുക, ജലാംശം ഉള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക. വെയിലത്ത് നടക്കേണ്ട അവസരങ്ങളില്‍ കുട ഉപയോഗിക്കുക എന്നിവയാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുൻ കരുതലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.