വീണ്ടും 100​ കടന്ന്​ പ്രതിദിന കോവിഡ് കേസുകൾ

തൊടുപുഴ: ജില്ലയിൽ 100 കടന്ന് പ്രതിദിന കോവിഡ് കേസുകൾ. വ്യാഴാഴ്ച 113 പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 114 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം വരെ പത്തിൽ താഴെ മാത്രമായിരുന്ന കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ രണ്ടക്കം കടന്നിരുന്നു. എന്നാൽ, 50നു താഴെ മാത്രമായിരുന്നു രോഗികൾ. എന്നാൽ, 10 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയർന്നിട്ടുണ്ട്.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുന്നൊരുക്കം നടത്താൻ ആരോഗ്യവകുപ്പ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വാക്സിനേഷൻ വേഗത്തിലാക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. കോവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരെയാണ് നിലവിൽ പരിശോധിക്കുന്നത്. വലിയ തോതിൽ പരിശോധന വ്യാപിപ്പിക്കേണ്ട സാഹചര്യം ജില്ലയിലില്ലെന്നാണ് വിലയിരുത്തൽ.

കോവിഡ് ഗുരുതരമാകുന്ന കേസുകളൊന്നും അടുത്തിടെയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. കേസുകൾ കുറയുകയും ജില്ല തിരിച്ചുള്ള കണക്കുകൾ ദിവസേന നൽകുന്നത് ആരോഗ്യവകുപ്പ് നിർത്തലാക്കുകയും ചെയ്തതോടെ കോവിഡ് അവസാനിച്ചെന്ന് കരുതി ഭൂരിഭാഗം പേരും മാസ്ക്, സാനിറ്റൈസർ, സമൂഹ അകലം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കാതായി.

ഇതാണ് കേസുകൾ വർധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയെങ്കിലും ഭൂരിഭാഗം പേരും പഴയ ജാഗ്രതയോടെ പെരുമാറുന്നില്ല. പൊതു ചടങ്ങുകളിൽനിന്ന് പോലും മാസ്കുകൾ അപ്രത്യക്ഷമായി. സാനിറ്റൈസറുകൾ വ്യാപാര സ്ഥാപനങ്ങളിൽപോലും കാണാനില്ല.

ജാഗ്രത വേണം -ആരോഗ്യവകുപ്പ്

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ജേക്കബ് വർഗീസ്. മാസ്ക്, സാനിറ്റൈസർ, സമൂഹ അകലം എന്നീ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. രോഗബാധിതരുടെ എണ്ണത്തിൽ ചെറിയ തോതിൽ വർധനയുണ്ടെങ്കിലും കിടത്തിച്ചികിത്സ വേണ്ടിവരുന്ന കേസുകൾ കുറവാണ്.

പത്തിൽ താഴെ ആളുകൾ മാത്രമാണ് ഇപ്പോൾ കിടത്തിച്ചികിത്സയിലുള്ളത്. ആദ്യകാലത്തേത് പോലെയുള്ള ആശങ്ക ഇപ്പോഴില്ല. എങ്കിലും ജില്ലയിലെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുകയാണ്. പുതിയ തരംഗത്തിൽ ഗുരുതര രോഗലക്ഷണങ്ങളില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ലക്ഷണങ്ങളുമായി എത്തുന്നവരെയാണ് ഇപ്പോൾ പരിശോധിക്കുന്നത്.

മറ്റു രോഗങ്ങളുള്ള കോവിഡ് ബാധിതരെയാണ് കൂടുതലായും കിടത്തിച്ചികിത്സക്ക് വിധേയരാക്കുന്നത്. ഹൃദയസംബന്ധവും ശ്വാസകോശ സംബന്ധവുമായ അസുഖങ്ങളുള്ളവർ ജാഗ്രത പാലിക്കണം. പൊതുയിടങ്ങളുമായി ഇവർ അകലം പാലിക്കണം. ഏറ്റവും വലിയ പ്രതിരോധം മുൻകരുതൽ കൃത്യമായി പാലിക്കുക എന്നതാണെന്നും ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു.

Tags:    
News Summary - Daily covid cases have crossed 100 again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.