ഗ്രാമീണ മേഖലകളിൽ പാചകവാതക വിതരണം താളംതെറ്റുന്നു

തൊടുപുഴ: ഗ്രാമീണ മേഖലകളിൽ പാചകവാതക വിതരണം താളംതെറ്റുന്നതായി വ്യാപക ആക്ഷേപം. മുൻകൂട്ടി ബുക്ക് ചെയ്ത് 45 ദിവസത്തിലധികം പിന്നിട്ടിട്ടും സിലിണ്ടറുകൾ ലഭിക്കുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ ആക്ഷേപം. ഡിജിറ്റൽ സംവിധാനങ്ങൾ വഴി കൃത്യമായി ബുക്കിങ്ങും തുകയും സ്വീകരിക്കുന്ന ഏജൻസികൾ, വിതരണത്തിന്റെ കാര്യത്തിൽ കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. നഗരത്തിനോട് ചേർന്നുള്ള പല പഞ്ചായത്തുകളിലും ഈ സ്ഥിതി തുടരുന്നുവെന്നാണ് ആക്ഷേപം ഉന്നയിക്കുന്നത്. ദിവസങ്ങളോളം കാത്തിരുന്നിട്ടും സിലിണ്ടർ എത്താതായതോടെ ഏജൻസികളുമായി ബന്ധപ്പെടുന്ന ഉപഭോക്താക്കൾക്ക് മുൻഗണനാ ക്രമം അനുസരിച്ചേ പാചകവാതകം നൽകാൻ കഴിയുകയുള്ളൂ എന്നാണ് ഏജൻസികളുടെ വാദം. എന്നാൽ ഈ മുൻഗണന നിശ്ചയിക്കുന്നത് എന്ത് മാനദണ്ഡ പ്രകാരമാണെന്ന് വ്യക്തമാക്കാൻ അധികൃതർ തയാറാകുന്നില്ല. 45 ദിവസം കഴിഞ്ഞ് പാചകവാതകം നൽകുമെന്ന മുൻകൂർ അറിയിപ്പ് പോലും പലയിടത്തും പാലിക്കപ്പെടുന്നില്ല.

നഗരപ്രദേശങ്ങളിൽ വിതരണം താരതമ്യേന സുഗമമായി നടക്കുമ്പോഴാണ് ഗ്രാമീണ മേഖലകളോട് ഈ അവഗണനയെന്ന് ആക്ഷേപമുണ്ട്. വിറകും മറ്റ് ബദൽ മാർഗങ്ങളും കുറഞ്ഞ സാഹചര്യത്തിൽ, പാചകവാതകം മുടങ്ങുന്നത് സാധാരണക്കാരായ കുടുംബങ്ങളുടെ നിത്യജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിലിണ്ടറുകൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കൂടിയ വിലയ്ക്ക് മറിച്ചു വിൽക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കമാണോ ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും ഉപഭോക്താക്കൾ പറയുന്നു . ഗ്രാമീണ മേഖലകളിലെ വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Cooking gas supply is disrupted in rural areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.