വീടിന് മുന്നിൽ മരം നടാത്തവനെന്ത് വനപാലകനെന്ന് ജീവനക്കാരൻ; വിവാദം

കുമളി: സ്വന്തം വീടിന്റെ പരിസരത്ത് ഒരു മരം പോലും വളർത്താത്തവനെന്ത് ഉന്നത വനപാലകനെന്ന് ജീവനക്കാരന്റെ ചോദ്യം. ഒപ്പം തെറിയഭിഷേകവും. പെരിയാർ കടുവ സങ്കേതത്തിലെ ജീവനക്കാരുടെ ഗ്രൂപ്പിലാണ് ജീവനക്കാരന്റെ മദ്യപിച്ചുള്ള രോഷപ്രകടനം.വനപാലകരുടെ ഗ്രൂപ്പിൽ ഇട്ട വോയിസ് മെസേജ് കാട് വിട്ട് നാട്ടിലേക്ക് പറന്നതോടെ ജീവനക്കാരനെതിരെ നടപടിക്ക് ശുപാർശ ചെയ്തിരിക്കുകയാണ് തേക്കടിയിലെ വനപാലകർ. സംഭവം ഇങ്ങനെ: പെരിയാർ കടുവ സങ്കേതത്തിലെ ഒരു വാഹനം കോട്ടയത്തെ ഉന്നത വനപാലകൻ തിരുവനന്തപുരത്തെ തന്റെ സ്വന്തം വസതിയിലേക്ക് വിളിപ്പിക്കുന്നു. വാഹനവുമായി തിരക്കിൽപ്പെട്ടു പോയ ഡ്രൈവർ അല്പം താമസിച്ച് വനപാലകന്റെ ഭവനത്തിലെത്തുന്നു. രോഷാകുലനായ വനപാലകൻ ഡ്രൈവറോട് പൊരിവെയിലിൽ കാത്തുനിൽക്കാൻ ആവശ്യപ്പെടുന്നു. മേലധികാരിയുടെ ഉത്തരവ് ശിരസ്സാ വഹിച്ച് ജീവനക്കാരൻ വീട്ടുമുറ്റത്ത് ഒന്നര മണിക്കൂറോളം കാത്തിരിക്കുന്നു.

പിന്നീട്, വാഹനവുമായി താമസിച്ചെത്തിയതിന്റെ കാരണങ്ങൾ ബോധിപ്പിച്ച് മേലധികാരിയെ സുരക്ഷിതമായി കോട്ടയത്ത് എത്തിച്ച് തേക്കടിയിലേക്ക് മടങ്ങുന്നു. സ്വന്തം സ്ഥലത്തെത്തിയ ശേഷം ലഹരി നുണഞ്ഞിരിക്കുമ്പോഴാണ് വനപാലകനെ ഉപദേശിച്ച് നന്നാക്കാൻ ജീവനക്കാരൻ തീരുമാനിച്ചത്. വീട്ടുമുറ്റത്ത് തണൽമരങ്ങൾ നട്ടുവളർത്തേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് വനപാലകരുടെ ഗ്രൂപ്പിൽ വോയിസും ഇതിനിടയിലുള്ള ചീത്തവിളികളും ഇപ്പോൾ വിവാദമായിരിക്കുകയാണ്.

Tags:    
News Summary - Drunk Forest Staffer Rants Against Senior Officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.