തൊടുപുഴ: നിർമാണ നിരോധനവും കരുതൽ മേഖലയും ഭൂപതിവ് ചട്ടങ്ങളിലെ കുരുക്കുകളുമടക്കം ഭൂപ്രശ്നങ്ങളും വന്യമൃഗശല്യവും മൂലം പൊറുതിമുട്ടുന്ന ജില്ലയിലെ കർഷകരെ വലച്ച് റീസർവേയിലെ കുരുക്കുകളും. ജില്ലയിലെ അഞ്ച് താലൂക്കിലും റീസർവേയുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പുകാത്ത് കിടക്കുന്നുണ്ട്. റവന്യൂ വകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം റീസർവേയും അനുബന്ധ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട 12,438 പരാതി അഞ്ച് താലൂക്കിലായി തീർപ്പാകാനുണ്ട്.
എന്നാൽ, അനൗദ്യോഗിക കണക്ക് പ്രകാരം പരാതികളുടെ എണ്ണം ഇതിലും വളരെ കൂടുതലാണെന്നും പറയുന്നു. റീസർവേ, പോക്കുവരവ്, കരമടക്കുന്നതിലെ തടസ്സങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ പൊതുവെ ലാൻഡ് റവന്യൂ മാനേജ്മെന്റ് (എൽ.ആർ.എം) വിഭാഗത്തിലാണ് വരുന്നത്. ഇത്തരം പരാതികളിൽ പരിഹാരം കാത്ത് നിരവധി കർഷകരാണ് ജില്ലയിലുള്ളത്. ദേവികുളം 4005, ഇടുക്കി 1724, പീരുമേട് 129, തൊടുപുഴ 2202, ഉടുമ്പൻചോല 4378 എന്നിങ്ങനെയാണ് ജില്ലയിലെ വിവിധ താലൂക്കിൽ തീർപ്പാക്കാനുള്ള എൽ.ആർ.എം പരാതികളുടെ എണ്ണം. എന്നാൽ, പീരുമേട് താലൂക്കിൽ മാത്രം റീസർവേയുമായി ബന്ധപ്പെട്ട രണ്ടായിരത്തോളം പരാതി ലഭിച്ചതായാണ് അനൗദ്യോഗിക കണക്ക്.
റീസർവേ കഴിഞ്ഞപ്പോൾ പല സ്ഥലങ്ങളും അവ നിലവിൽ ഉൾപ്പെടുന്ന വില്ലേജിൽനിന്ന് പുറത്തായി എന്നതാണ് പ്രധാന പരാതി. മാത്രമല്ല പലരുടെയും പട്ടയത്തിലും ആധാരത്തിലും രേഖപ്പെടുത്തിയിട്ടുള്ള സർവേ നമ്പറുകൾ റീസർവേക്ക് ശേഷം വില്ലേജിനൊപ്പം മാറിപ്പോയിട്ടുമുണ്ട്. കൃത്യമായി കരം അടച്ചുകൊണ്ടിരുന്ന ഭൂമിയുടെ തണ്ടപ്പേരിലും പിഴവ് സംഭവിച്ചു. രണ്ട് വില്ലേജിന്റെ അതിർത്തിയിൽ വരുന്ന സ്ഥലങ്ങളാണ് നിലവിലെ വില്ലേജ് പരിധിയിൽനിന്ന് മറ്റൊന്നിലേക്ക് മാറിപ്പോയവയിൽ കൂടുതലും.
ചിലരുടെ സ്ഥലം രണ്ട് വില്ലേജിലും ഉൾപ്പെട്ടു എന്ന പരാതിയും താലൂക്ക് ഓഫിസുകളിൽ ലഭിച്ചവയിൽ ഉണ്ട്. ഇവർ രണ്ട് വില്ലേജിലും കരം അടക്കേണ്ട അവസ്ഥയിലാണ്. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്താണ് പരാതികൾ തീർപ്പാക്കുന്നത് വൈകാൻ കാരണമായി പറയുന്നത്. അതേസമയം, റീസർവേ സംബന്ധിച്ച പരാതികൾ ദ്രുതഗതിയിൽ പരിഹരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് റവന്യൂ അധികൃതർ പറയുന്നത്. ഓരോ മാസവും 50 അപേക്ഷയിൽ തീർപ്പുകൽപിക്കണം എന്നാണ് താലൂക്ക് സർവേയർമാർക്ക് നൽകിയിരിക്കുന്ന നിർദേശം.
താലൂക്കുകളിൽ അദാലത് സംഘടിപ്പിച്ച് കെട്ടിക്കിടക്കുന്ന മുഴുവൻ പരാതിയും സമയബന്ധിതമായി തീർപ്പാക്കാൻ ശ്രമം നടത്തിവരുകയാണെന്നും അധികൃതർ പറയുന്നു. സംസ്ഥാനത്തെ വിവിധ താലൂക്കിൽ ലഭിച്ച 6,43,420 പരാതിയിൽ 4,75,846 എണ്ണം ഇതിനകം തീർപ്പാക്കിയതായും റവന്യൂ വകുപ്പ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.