പൈനാവ്-പേപ്പാറ-മണിയാറൻകുടി-അശോക കവല റോഡിൽ പേപ്പാറയിൽ മണ്ണിടിച്ചിൽ
ഭീഷണിയിലായ ചിന്നമ്മയുടെ വീട്
ചെറുതോണി: റോഡ് നിർമാണത്തിന് സ്ഥലം വിട്ടുനൽകിയ കുടുംബം മണ്ണിടിച്ചിൽ ഭീഷണിയിൽ. വാഴത്തോപ്പ് പഞ്ചായത്തിലെ പേപ്പാറയിൽ താമസിക്കുന്ന നെല്ലാനിക്കൽ ചിന്നമ്മയും കുടുംബവുമാണ് ദുരിതത്തിലായത്. മുഖ്യമന്ത്രിയുടെ പ്രളയ പുനരധിവാസ പദ്ധതിയിൽപെടുത്തിയാണ് വാഴത്തോപ്പ് പഞ്ചായത്തിൽ പൈനാവ്-താന്നിക്കണ്ടം-പേപ്പാറ-മണിയാറൻകുടി-അശോകകവല റോഡ് നിർമിച്ചത്. 22 കിലോമീറ്ററുള്ള റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമിക്കാൻ 122 കോടി രൂപയും അനുവദിച്ചു. പേപ്പാറയിലൂടെ ഉന്നത നിലവാരത്തിലുള്ള റോഡ് നിർമിക്കുമെന്ന പ്രതീക്ഷയിൽ പ്രദേശവാസിയായ നെല്ലാനിക്കൽ ചിന്നമ്മ ഭൂമി വിട്ടുനൽകി.
വിട്ടുനൽകിയ ഭൂമിയിൽ മണ്ണിട്ടുയർത്തി റോഡ് നിർമിച്ചതോടെ വീട് അപകടാവസ്ഥയിലായി. റോഡിന് സംരക്ഷണഭിത്തി നിർമിച്ച് നൽകുമെന്ന വ്യവസ്ഥയിലാണ് സ്ഥലം വിട്ടുനൽകിയത്. എന്നാൽ, വാക്കുപാലിക്കാൻ കരാറുകാരൻ തയാറായില്ലെന്ന് ഇവർ പറയുന്നു. കാലവർഷം ശക്തമാകുന്നതോടെ മണ്ണിടിച്ചിൽ ഭീഷണിയിലാണ് കുടുംബം. സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെ റോഡ് നിർമാണം പൂർത്തിയാക്കാതെ കരാറുകാരൻ കടന്നു. ഇതോടെ ഇവിടെ 100 മീറ്റർ റോഡ് പണി ഉപേക്ഷിച്ച നിലയിലാണ്. നാട്ടുകാർ വിഷയം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. മഴ ശക്തമാവുന്നതോടെ വീടിന് മുകളിലേക്ക് മണ്ണിടിയാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നു. 2018ലെ പ്രളയത്തിൽ മണ്ണിടിച്ചിലും പ്രകൃതിക്ഷോഭവും ഉണ്ടായ പ്രദേശത്താണ് റോഡ്. ചിന്നമ്മക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണമൊരുക്കി അടിയന്തരമായി റോഡ് നിർമാണം പൂർത്തീകരിക്കണമെന്നാണ് പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.