മുട്ടം: മലങ്കര ജലാശയ തീരത്തെ നിർമാണവുമായി ബന്ധപ്പെട്ട് 2024 ഡിസംബർ 26 ന് സർക്കാർ ഇറക്കിയ ഉത്തരവിൽ ഭീതി വേണ്ടെന്ന് ജലസേചന മന്ത്രി പ്രഖ്യാപിക്കുമ്പോളും ആശങ്ക ഒഴിയാതെ ജനം. വരുംനാളുകളിൽ വീട് നിർമിക്കാൻ അനുമതി ചോദിച്ച് ജലസേചന വകുപ്പ് ഓഫീസിൽ കയറി ഇറങ്ങേണ്ട സ്ഥിതി ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ഭീതി. ജലസേചന വകുപ്പ് അനുമതി നൽകിയാലും അതിലെ വ്യവസ്ഥകൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
നിലവിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയാൽ വീട് പണിയാൻ കഴിയും. വെള്ളപ്പൊക്കം മൂലമോ മണ്ണിടിച്ചിൽ മൂലമോ വീടിന് നാശനഷ്ടം സംഭവിച്ചാൽ നിരാക്ഷേപ പത്രത്തിൽ ഉൾപ്പെടുന്ന വ്യവസ്ഥകൾ മൂലം നഷ്ട പരിഹാരം പോലും കിട്ടാത്ത സ്ഥിതി ഉണ്ടാകും. ആശങ്ക പരിഹരിക്കേണ്ട ജനപ്രതിനിധികൾ ഒന്നും വ്യക്തമായ ഉത്തരങ്ങൾ നൽകുന്നില്ല എന്നും ആക്ഷേപം ഉണ്ട്. ജലസംഭരണികളുടെ പരമാവധി വാട്ടർ ലവൽ മുതൽ രണ്ട് കാറ്റഗറികളായി തിരിച്ച് ബഫർസോൺ തീരുമാനിച്ചാണ് ഉത്തരവിറക്കിയത്.
ഇതിൽ ആദ്യ 20 മീറ്റർ ചുറ്റളവിൽ ഒരു നിർമാണവും പാടില്ല. തുടർന്നുള്ള 100 മീറ്റർ ചുറ്റളവിൽ നിർമാണത്തിന് എക്സിക്യൂട്ടിവ് എൻജിനീയറുടെ എൻ.ഒ.സി വേണം. ഇവിടെയും മൂന്ന് നിലകളിലുള്ള (പരമാവധി 10 മീറ്റർ ഉയരം) നിർമാണപ്രവർത്തനങ്ങൾക്കേ അനുമതി നൽകുകയുള്ളു. ഈ സോണിന് കീഴിലുള്ള എല്ലാ പുതിയ നിർമാണ പ്രവർത്തനങ്ങൾക്കും പുതിയ നിയമം ബാധകമാകും എന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.