തൊടുപുഴ: ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നതിനിടെ കര്‍ഷകര്‍ക്കുണ്ടായത് ലക്ഷങ്ങളുടെ കടബാധ്യത. വന്‍തുക വായ്പയെടുത്തും മറ്റും പന്നിഫാം നടത്തിയ കര്‍ഷകര്‍ക്ക് രോഗബാധ മൂലം വന്‍തോതിലുള്ള നഷ്ടമാണുണ്ടായത്. രോഗബാധ സ്ഥിരീകരിച്ചാല്‍ ദയാവധം നടത്തുന്ന പന്നികള്‍ക്കാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്. ഇതാകട്ടെ തൂക്കത്തിന്റെ 72 ശതമാനം കണക്കാക്കി 2000 മുതല്‍ 15000 വരെയാണ്. എന്നാല്‍ രോഗം ബാധിച്ച് ചാകുന്ന പന്നികള്‍ക്ക് നഷ്ടപരിഹാരം നല്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ഒട്ടേറെ കര്‍ഷകര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പന്നിഫാം നടത്തുന്നുണ്ട്. ഇവര്‍ക്കെല്ലാം പന്നിപ്പനി പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തുകളില്‍നിന്നും സമീപ പഞ്ചായത്തുകളിലേക്ക് രോഗം പടരുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ കൂടുതല്‍ ഫാമുകളിലെ പന്നികളെ കൊല്ലേണ്ടി വരും.
സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ച് ഫലം വരാന്‍ വൈകുന്നതാണ് കര്‍ഷകര്‍ക്ക് വിനയാകുന്നത്. ഫലം വരാന്‍ ദിവസങ്ങള്‍ എടുക്കുമെന്നതിനാല്‍ ഇതിനോടകം കൂടുതല്‍ പന്നികള്‍ ചാകും.
ജില്ലയില്‍ പന്നിപ്പനി ആദ്യം സ്ഥിരീകരിച്ച ചാലാശ്ശേരിയിലെ ഫാമില്‍ ആകെയുണ്ടായിരുന്ന 94 പന്നികളില്‍ 68 എണ്ണവും പരിശോധന ഫലം വരുന്നതിന് മുമ്പു തന്നെ ചത്തിരുന്നു. 26 എണ്ണത്തിനെയാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ കൊന്നത്. ഇതിനു മാത്രമായിരിക്കും കര്ഷകന് നഷ്ടപരിഹാരം ലഭിക്കുക. ഒരു വര്‍ഷത്തിനിടെ 22 ലക്ഷത്തോളം മുടക്കിയ കര്ഷകന് ലഭിക്കുക തുശ്ചമായ നഷ്ടപരിഹാരം മാത്രമായിരിക്കും.
മറ്റു ഫാമുകളിലെ കര്‍ഷകര്‍ക്കും ഇതേ അവസ്ഥ തന്നെയാണ്. ഇതുകൂടാതെ വളര്‍ത്തുപന്നികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്ലാത്തതും കർഷകർക്ക് വെല്ലുവിളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.