തൊടുപുഴ: നഗരസഭ പരിധിയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് അഴിക്കാൻ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി മൂന്ന് പ്രധാന ബസ്സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാൻ ട്രാഫിക് ക്രമീകരണ യോഗത്തിൽ തീരുമാനമായി. വൈകുന്നേരങ്ങളിൽ ഷാപ്പുംപടി മുതൽ വെങ്ങല്ലൂർ സിറ്റി വരെയും കാഞ്ഞിരമറ്റം മുതൽ പുളിമൂട്ടിൽ കവല വരെയും പ്രൈവറ്റ് സ്റ്റാൻഡ് മുതൽ ഗാന്ധി സ്ക്വയർ വരെയും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡരികിലെ അനധികൃത പാർക്കിങ്ങാണ് പ്രധാന കാരണം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ ശേഷം മോർ ജങ്ഷനിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ട്രാഫിക് സിഗ്നലിന് തൊട്ടടുത്തുതന്നെ മൂപ്പിൽകടവ്, കോതായികുന്ന്, ഇടുക്കി റോഡ് എന്നീ സ്റ്റോപ്പുകളിൽ ബസുകൾ നിർത്തുന്നതിനാൽ മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമാകുന്നു. ഈ സ്റ്റോപ്പുകളിൽനിന്ന് 20 മീറ്റർ മുന്നോട്ട് കയറ്റി ബസുകൾ നിർത്തണമെന്നാണ് ട്രാഫിക് ക്രമീകരണ യോഗത്തിലെ നിർദേശം. ഇത് നഗരസഭ കൗൺസിൽ അംഗീകരിക്കുകയും അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസ്, ആർ.ടി.ഒ അധികൃതർ എന്നിവർക്ക് നിർദേശം നൽകുകയും ചെയ്തതായി നഗരസഭ ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു. ചിത്രം :TDL News cutting മന്ത്, മലമ്പനി നിർണയ ക്യാമ്പ് തൊടുപുഴ: ലോക മലമ്പനി ദിനത്തോട് അനുബന്ധിച്ച് തൊടുപുഴ നഗരസഭയും ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് തൊടുപുഴ യൂനിറ്റും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷനും സംയുക്തമായി അന്തർസംസ്ഥാന തൊഴിലാളികൾക്കായി രാത്രി മലമ്പനി, മന്ത് രോഗനിർണയ രക്തപരിശോധന ക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്‌ഘാടനം ചെയ്തു. എം.എൻ. ബാബു അധ്യക്ഷതവഹിച്ചു. അസി. എന്‍റമോളജിസ്റ്റ് ജി. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് സൂപ്പർവൈസർ പി.എം. ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ കുമാർ, ഫീൽഡ് അസിസ്റ്റന്‍റുമാരായ ബിനേഷ്, പ്രദീപ്, ഫീൽഡ് വർക്കർമാരായ ശ്യാം, അരുൺ, ജോമി ദാസ്, ആശ, ജയമോൾ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: TDL camp അന്തർസംസ്ഥാന തൊഴിലാളികൾക്കായുള്ള മലമ്പനി, മന്ത് രോഗനിർണയ ക്യാമ്പ് തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കം ചെറുതോണി: ഗ്രീൻവാലി ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗ്രാമങ്ങളിൽ നടപ്പാക്കുന്ന സമ്പൂർണ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്‌ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൽ നിർവഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് അധ്യക്ഷതവഹിച്ചു. സൊസൈറ്റി പ്രസിഡന്‍റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈസ് പ്രസിഡന്‍റ് ഫാ. ജോബി പൂച്ചുകണ്ടത്തിൽ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ചക്കുപള്ളം ഗ്രാമവികസന സമിതി പ്രസിഡന്‍റ് ഫാ. തോമസ് ഐക്കര, സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫിസർ സിറിയക് ജോസഫ്, സിസ്റ്റർ ടീന, ലിസി ജോസ് തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയിൽ പങ്കാളികളായവർക്ക് പത്തിനം വിത്തുകളും 10 ഗ്രോബാഗുകളും സൗജന്യമായി വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.