സനൽ ശശിയെ രക്ഷിക്കുന്നു
അടിമാലി: മദ്യ ലഹരിയിൽ വെള്ളച്ചാട്ടത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷിച്ച് ആദിവാസി യുവാവ്. മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിലാണ് നാടിനെ മുൾമുനയിലാക്കി യുവാവ് വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്. കുറത്തികുടി ആദിവാസി ഉന്നതിയിലെ സനൽ ശശിയാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ പെരുമ്പൻകുത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. 500 അടിയിലേറെ താഴ്ചയുള്ള വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്താണ് സനൽ ശശി എത്തിയത്. ഇത് കണ്ട പ്രദേശത്തെ ടാക്സി ഡ്രൈവർമാരും നാട്ടുകാരും അലറി വിളിച്ചെങ്കിലും ഇത് കൂട്ടാക്കാതെ ജീവനൊടുക്കുമെന്ന ഭീഷണി തുടർന്നു. ആർക്കും ഈ സ്ഥലത്തേക്ക് എത്താനും ധൈര്യം വന്നില്ല.
ഇതിനിടയിലാണ് കുറത്തിക്കുടി ഉന്നതിയിലെ മാരുമുത്തന്റെ മകൻ വൈനാദൻ (23) വെള്ളച്ചാട്ടത്തിലിറങ്ങി സനൽ ശശിയെ രക്ഷിച്ചത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ജീവൻ പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെയായിരുന്നു അത്യന്തം അപകടം പിടിച്ച സ്ഥലത്തെ രക്ഷാപ്രവർത്തനം. പിന്നീട് ടാക്സി ഡ്രൈവർമാരായ സെബിൻ ചുണ്ടക്കാട്ട്, വിപിൻ അന്തിനാടൻ, അലക്സ് പാമ്പുങ്കയം എന്നിവർ സനലിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സഹായവുമായെത്തി. കത്തിക്കുത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് സനൽ ശശി. ഇയാൾ മദ്യ ലഹരിയിലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.