ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർഥി റോയി കെ.പൗലോസ് കുളമാവിൽ ബൈക്കിൽ റോഡ് ഷോയിൽ പങ്കെടുക്കുന്നു
തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി പത്ത് ദിനങ്ങൾ മാത്രം ശേഷിക്കേ അരയും തലയും മുറുക്കി വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർഥികളും. ഇതോടെ മലയോര ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പ്രചാരണാവേശം കത്തിക്കയറുകയാണ്. ഓരോ വോട്ടും വിലയേറിയതായതിനാൽ ആധിപത്യം നിലനിർത്താനും തിരികെ പിടിക്കാനുമായി അവസാന വട്ട തന്ത്രങ്ങളുടെ പണിപ്പുരകളിലാണ് അണിയറ പ്രവർത്തകർ.
ആദ്യഘട്ട ഓട്ടപ്രദക്ഷിണത്തിലൂടെ വോട്ടുറപ്പിക്കൽ നടത്തിയ സ്ഥാനാർഥികളെല്ലാം തന്നെ ഇപ്പോൾ പൊതുപര്യടനത്തിന്റെ തിരക്കിലാണ്. പഞ്ചായത്തുകളിലൂടെയും നഗരസഭ പ്രദേശങ്ങളിലൂടെയും തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തുളള പ്രചാരണ പരിപാടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഉച്ചവരെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടും സ്ഥാപനങ്ങൾ സന്ദർശിച്ചും വോട്ടഭ്യർഥിച്ച ശേഷം ഉച്ച കഴിഞ്ഞാണ് മിക്ക സ്ഥാനാർഥികളും വാഹനപര്യടനം നടത്തുന്നത്.
നിരവധി ഇരുചക്രവാഹനങ്ങളുടേയും മറ്റ് വാഹനവ്യൂഹങ്ങളുടേയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് സ്ഥാനാർഥികളുടെ പൊതുപര്യടനങ്ങൾ നടക്കുന്നത്. ഇതോടൊപ്പം സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥനയുമായി ദേശീയ സംസ്ഥാന തലങ്ങളിൽ താരമൂല്യമുള്ള നേതാക്കളും മണ്ഡലങ്ങളിലെത്തുന്നുണ്ട്. കൂടാതെ തെരുവ് നാടകങ്ങൾ, നാടൻപാട്ടുകൾ, വീഡിയോ പ്രദർശനങ്ങൾ, കുടുംബയോഗങ്ങൾ, കോർണർ മീറ്റിങ്ങുകൾ എന്നിവയും പുരോഗമിക്കുകയാണ്.
മലയോര ജില്ലയിലെ വോട്ടർമാരുടെ മനസിളക്കാനുളള പ്രചാരണ വിഷയങ്ങളാണ് ഇവിടെ മുന്നണികൾ പുറത്തിറക്കുന്നത്. പകലന്തിയോളം മണ്ണിൽ പണിയെടുക്കുന്ന കർഷകരും തോട്ടം തൊഴിലാളികളും ഏറെയുളള മണ്ഡലങ്ങളാണ് ജില്ലയിലുളളത്. അതുകൊണ്ട് തന്നെ അവരുടെ ജീവൽപ്രശ്നങ്ങളും തെരഞ്ഞെടുപ്പിൽ പ്രചാരണായുധങ്ങളാണ്. ജില്ലയിലെ ജനങ്ങളെയാകെ ബാധിക്കുന്ന ഭൂമി ക്രമവത്കരണവും പട്ടയപ്രശ്നങ്ങളും വന്യജീവി ശല്യവും ദേശീയപാത നിർമാണ സ്തംഭനവുമെല്ലാം ഇവിടെ തെരഞ്ഞെടുപ്പിലെ ചൂടേറിയ വിഷങ്ങളാണ്. പ്രശ്നങ്ങളിലെ സർക്കാർ ഇടപെടലുകൾ ചൂണ്ടിക്കാട്ടി ഇടത് മുന്നണി വോട്ടർമാരെ നേരിടുമ്പോൾ സർക്കാരിന്റെ അപാകതകളാണ് യു.ഡി.എഫും എൻ.ഡി.എയും ഉയർത്തികാണിക്കുന്നത്.
ഇതോടൊപ്പം സംസ്ഥാന തലത്തിലുളള സർക്കാരിന്റെ വികസന -ക്ഷേമ പ്രവർത്തനങ്ങളും ജില്ലക്ക് പ്രത്യേകമായ പദ്ധതികളും ഇടത് പക്ഷം പ്രചാരണ വിഷയമാക്കുമ്പോൾ ശബരിമലയിലെ സ്വർണക്കൊള്ളയടക്കമുള്ള സർക്കാരിനെതിരായ ആക്ഷേപങ്ങളും ജില്ലയോടുള്ള അവഗണനയും യു.ഡി.എഫ് വിഷയങ്ങളാണ്. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളാണ് എൻ.ഡി.എയുടെ തുറുപ്പ് ചീട്ട്. ഇതിനെല്ലാം പുറമേ ഓരോ ദീവസവും തങ്ങൾക്കനുകൂലമായും പ്രതികൂലമായും വീണുകിട്ടുന്ന ഏറ്റവും പുതിയ വിഷങ്ങൾ പോലും മുന്നണികൾ വോട്ടുറപ്പിക്കാൻ ആയുധമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.