ചങ്ങനാശ്ശേരി: കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന വോട്ട് ബാങ്കായ നായർ സർവിസ് സൊസൈറ്റിയുടെയും ചങ്ങനാശ്ശേരി അതിരൂപതയുടെയും ആസ്ഥാനമായ ചങ്ങനാശ്ശേരി കേരള കോൺഗ്രസുകൾ തമ്മിൽ പൊരിഞ്ഞ പോരിലാണ്. നാലു പതിറ്റാണ്ടോളം കേരള കോൺഗ്രസ് എമ്മിലെ സി.എഫ് തോമസിന്റെ കുത്തകയായിരുന്ന മണ്ഡലം കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ ജോബ് മൈക്കിളിലൂടെ എൽ.ഡി.എഫ് തിരിച്ചുപിടിക്കുകയായിരുന്നു.
സിറ്റിങ് എം.എൽ.എയും കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗവുമായ ജോബ് മൈക്കിളാണ് ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർഥി. ജില്ല പഞ്ചായത്ത് അംഗം വിനു ജോബാണ് യു.ഡി.എഫ് സ്ഥാനാർഥി. ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണ മേനോൻ എൻ.ഡി.എക്കുവേണ്ടി മത്സരിക്കുന്നു.
കഴിഞ്ഞതവണത്തെ യു.ഡി.എഫ് സ്ഥാനാർഥിയും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ വി.ജെ. ലാലി അവസാന നിമിഷം തനിക്ക് സീറ്റ് നിഷേധിച്ചതിൽ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. യു.ഡി.എഫ് പ്രവർത്തകരിലും ലാലിയുടെ സീറ്റ് നിഷേധം അതൃപ്തി പടർത്തിയിരുന്നു. സമവായ ചർച്ചയിൽ പ്രശ്നം പരിഹരിച്ചാണ് യു.ഡി.എഫിന്റെ പ്രചാരണം.
എൽ.ഡി.എഫിന്റെ ഭാഗമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന വിനു ജോബ് തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രാജിവെച്ചു മാണി ഗ്രൂപ്പിൽ ചേർന്നാണ് യു.ഡി.എഫ് സ്ഥാനാർഥിയായി ജില്ല പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ മത്സരിച്ചു ജയിച്ചത്.
മണ്ഡലത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ ഊന്നിയാണ്ജോബ് മൈക്കിളിന്റെ പ്രചാരണം. ജോബ് മൈക്കിളിന്റെ സൗമ്യതയും ജനകീയതയും സ്വീകാര്യത നൽകുന്നുണ്ട്. രണ്ടു തവണ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം, ജില്ല പഞ്ചായത്ത് അംഗം എന്നീ നിലകളിലെ പ്രവർത്തന പരിചയവുമായാണ് വിനു ജോബ് മത്സരംഗത്തുള്ളത്. എൻ.ഡി.എ സ്ഥാനാർഥി ബി. രാധാകൃഷ്ണ മേനോൻ മൂന്നാം തവണയാണ് ചങ്ങനാശ്ശേരിയിൽ ജനവിധി തേടുന്നത്.
എൽ.ഡി.എഫ്: ജോബ് മൈക്കിൾ
സിറ്റിങ് എം .എൽ.എ. രണ്ടാം മത്സരം. കെ.എസ്.സി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ, കെ.എസ്.എഫ്.ഇ ചെയർമാൻ, സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റി അംഗം, റെയിൽവേ യൂസേഴ്സ് കമ്മിറ്റി അംഗം, മെറ്റൽ ഇൻഡസ്ട്രീസ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
വാഗ്ദാനം
നഗരസഭ സ്ഥലം നൽകിയാൽ 500 കോടി രൂപ ചെലവഴിച്ച് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കും.
വിജയിച്ചാൽ 100 ദിവസത്തിനുള്ളിൽ പുതിയ പദ്ധതികൾ അവതരിപ്പിക്കും.
ജനറൽ ആശുപത്രിയുടെ പുതിയ കെട്ടിടം, നിർമാണം അവസാന ഘട്ടത്തിലെത്തിയ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, കെ.സി പാലം പുനർനിർമാണം, റെയിൽവേ ൈഫ്ലഓവർ നിർമാണം തുടങ്ങിയവ പൂർത്തിയാക്കും.
യു.ഡി.എഫ്: വിനു ജോബ്
ജില്ല പഞ്ചായത്ത് അംഗം. ചങ്ങനാശ്ശേരി എസ്.ബി കോളജ് കൗൺസിലർ ആയി രാഷ്ട്രീയ തുടക്കം. രണ്ടു തവണ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ. ചങ്ങനാശ്ശേരി അർബൻ ബാങ്ക് ഭരണസമിതി അംഗമായിരുന്നു.
വാഗ്ദാനം
എ.സി കനാൽ ആഴം കൂട്ടി നവീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കും. പടിഞ്ഞാറൻ ബൈപാസ് യാഥാർഥ്യമാക്കും.
ഗതാഗത പരിഷ്കാരങ്ങൾ കൊണ്ടുവരും.
സബ്സിഡി ഉറപ്പാക്കി വീടുകളിൽ സോളർ പാനലുകൾ സ്ഥാപിക്കും.
വിദ്യാർഥികളെ ബിസിനസ് രംഗത്തേക്കു കൊണ്ടുവരാൻ പുതിയ ആശയങ്ങൾ, ഓരോ കുടുംബത്തിലും വ്യവസായ യൂനിറ്റ് തുടങ്ങിയവ നടപ്പാക്കും.
തൊഴിലാളികളെ കണ്ടെത്തുന്നതിന് ലേബർ ബാങ്ക് പദ്ധതി.
തെങ്ങണയിൽ ൈഫ്ലഓവർ.
എൻ.ഡി.എ: ബി. രാധാകൃഷ്ണ മേനോൻ
ബി.ജെ.പി ജില്ല പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കിസാൻ മോർച്ച ദേശീയ സമിതി അംഗം. കൊച്ചിൻ ഷിപ്യാർഡ് ഇൻഡിപെൻഡൻഡ് ഡയറക്ടർ ആൻഡ് ഓഡിറ്റ് ചെയർമാനായിരുന്നു.
വാഗ്ദാനം
ബംഗളൂരുവിനു സമാനമായി ചങ്ങനാശ്ശേരിയിൽ ഐ.ടി പാർക്ക്.
ആരാധനാലയങ്ങളെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെയും ബന്ധിപ്പിച്ച് ഹെറിറ്റേജ് ടൂറിസം സർക്യൂട്ട്
ബോട്ട് ജെട്ടിയും എ.സി. കനാലും ഉൾപ്പെടെ ജലഗതാഗത മാർഗങ്ങളിൽ കേന്ദ്ര സർക്കാർ സഹായത്തോടെ വൻകിട പദ്ധതികൾ നടപ്പിലാക്കും.
നഗരസഭയുടേത് ഉൾപ്പെടെ തരിശ് ഭൂമികളിൽ വികസന പദ്ധതികൾ കൊണ്ടുവരും.
2021 വോട്ടുനില
ജോബ് മൈക്കിൾ(എൽ.ഡി.എഫ്) - 55425
വി.ജെ ലാലി(യു.ഡി.എഫ്) -49366
ജി രാമൻ നായർ (എൻ.ഡി.എ) -14491
ലീഡ് നില
2021 നിയമസഭ: 6051
2024 ലോക്സഭ: 16450
2025 തദ്ദേശം: 1190
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.