ശൈശവ വിവാഹവും ബാലവേലയും തടയാൻ സമഗ്ര കർമപദ്ധതി

കുട്ടികൾക്കും മാതാപിതാക്കൾക്കുമിടയിൽ ബോധവത്​കരണം തൊടുപുഴ: ജില്ലയിൽ ശൈശവ വിവാഹം, ബാലവേല, സ്കൂളുകളിൽനിന്ന്​ കുട്ടികളുടെ കൊഴിഞ്ഞുപോക്ക്​ എന്നിവ തടയാൻ സമഗ്ര കർമപദ്ധതി നടപ്പാക്കുന്നു. തോട്ടം മേഖല കേന്ദ്രീകരിച്ച് ലോക്ഡൗൺ കാലത്ത്​ ശൈശവ വിവാഹങ്ങൾ നടന്നെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശിശുസംരക്ഷണ സമിതി വിളിച്ചുചേർത്ത യോഗത്തിലാണ്​ കർമപദ്ധതിക്ക്​ രൂപം നൽകിയത്​. ശൈശവ വിവാഹത്തിനെതിരെ കുട്ടികൾക്കും മാതാപിതാക്കൾക്കുമിടയിൽ ബോധവത്​കരണം നടത്തും. ഇതോടൊപ്പം ​ശൈശവ വിവാഹ നിരോധന നിയമം കൂടുതൽ ശക്തമായി നടപ്പാക്കും. കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട്​ എന്തുചടങ്ങ്​ നടത്തിയാലും വിവാഹമായി പരിഗണിച്ച്​ കേസെടുക്കും. ഇത്തരം കുട്ടികളെ രക്ഷപ്പെടുത്തി ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കുകയും 18 വയസ്സുവരെ ശിശുസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്യും. കുട്ടികളെ തമിഴ്നാട്ടിൽ എത്തിച്ച്​ കല്യാണം നടത്താനാണ്​ കൊണ്ടുപോകുന്നതെന്ന്​ കണ്ടെത്തിയാൽ മനുഷ്യക്കടത്തായി പരിഗണിച്ച്​ നിയമനടപടി സ്വീകരിക്കും. ​ശൈശവ വിവാഹം നടക്കാൻ സാധ്യതയുള്ള കുടുംബങ്ങളുടെ പട്ടിക തയാറാക്കുകയും ഈ കുടുംബങ്ങളെ ശിശുസംരക്ഷണ സമിതി നിരന്തരം നിരീക്ഷിക്കുകയും ചെയ്യും. സ്കൂളുകളിൽനിന്ന്​ കുട്ടികളുടെ കൊഴിഞ്ഞുപോക്ക്​ തടയാൻ വാർഡ്​തലത്തിൽ ഡ്രോപ്​ഔട്ട്​ പ്രിവൻഷൻ കമ്മിറ്റികൾ രൂപവത്​കരിക്കും. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സ്കൂളുകളിൽ ജാഗ്രതസമിതിയും പ്രൊട്ടക്ഷൻ കമ്മിറ്റിയും രൂപവത്​കരിക്കും. അവധിക്കാലത്ത്​ കുട്ടികൾ വീടുകളിൽ ഒറ്റക്കാകുന്ന സാഹചര്യം ഒഴിവാക്കാൻ പഞ്ചായത്തുതലത്തിൽ തൊഴിൽ പരിശീലനം ഏർപ്പെടുത്തും അന്തർ സംസ്ഥാനക്കാരായ കുട്ടികൾക്കിടയിൽ പോക്​സോ കേസുകൾ ഇടക്കിടെ റിപ്പോർട്ട്​ ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ കുട്ടികളെ കൊണ്ടുവരുന്ന ഏജന്‍റുമാർക്കും തോട്ടം ഉടമകൾക്കും തൊഴിലാളി സംഘടന പ്രതിനിധികൾക്കും ലേബർ ഓഫിസർ വഴി ബോധവത്​കരണവും മാർഗനിർദേശങ്ങളും നൽകാനും തീരുമാനമുണ്ട്​. പഞ്ചായത്ത്​, പൊലീസ്​, വിദ്യാഭ്യാസ, വനിത-ശിശു വികസന, എസ്​.സി എസ്​.ടി വകുപ്പുകൾ, ചൈൽഡ്​ലൈൻ എന്നിവയുടെ സഹകരണത്തോടെ ശിശുസംരക്ഷണ സമിതിയാണ്​ കർമപദ്ധതി നടപ്പാക്കുക. Box ജില്ലയില്‍ ഒരുവര്‍ഷം 20 ശൈശവ വിവാഹം വരെ നെടുങ്കണ്ടം: ജില്ലയിലെ 10 പഞ്ചായത്തില്‍ ശൈശവ വിവാഹങ്ങള്‍ നടക്കുന്നതായി ജില്ല ശിശുസംരക്ഷണ സമിതിയുടെ കണ്ടെത്തൽ. ജില്ലയില്‍ 15 മുതല്‍ 20 വരെ ശൈശവ വിവാഹങ്ങള്‍ ഒരുവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും സമിതി അധികൃതർ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന മൂന്ന്​ കേസില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. നെടുങ്കണ്ടം, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ തോട്ടം മേഖലയില്‍ ലോക്ഡൗണ്‍ കാലത്ത്​ ഏഴ് ശൈശവ വിവാഹം നടന്നതായി റിപ്പോർട്ടുണ്ട്​. ഇതില്‍ അഞ്ചെണ്ണം നെടുങ്കണ്ടം പൊലീസ്​ പരിധിയിലാണ്. ഉടുമ്പന്‍ചോല പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ബാലസംരക്ഷണ സമിതിയുടെ അടിയന്തര യോഗത്തിലാണ് വിഷയം ചർച്ചയായത്​. 16, 17 വയസ്സുള്ള പെണ്‍കുട്ടികളുടെ വിവാഹമാണ്​ നിര്‍ബന്ധിതമായി നടത്തിയത്​. ഈ കേസുകളില്‍ പരിശോധന നടത്തും. വിവാഹം നടത്തിയവരും വധൂവരന്മാരുടെ മാതാപിതാക്കളും വിവാഹത്തില്‍ പങ്കെടുത്തവരും ഭക്ഷണം കഴിച്ചവരും നിയമനടപടി നേരിടേണ്ടിവരും. തോട്ടം മേഖലയിലെ സ്കൂളുകളില്‍നിന്ന്​ പഠനം നിര്‍ത്തിയ പെണ്‍കുട്ടികള്‍ എങ്ങോട്ട് പോയെന്ന്​ വ്യക്തതയില്ല. ഇത്തരം സംഭവങ്ങളില്‍ മിസിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. വണ്ടന്മേട് പഞ്ചായത്തില്‍ ഒരു ശൈശവ വിവാഹം തടഞ്ഞപ്പോള്‍ അധികൃതരെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. വിവാഹം മുടക്കിയെന്നായിരുന്നു ആരോപണം. എന്നാല്‍, വിവാഹം മുടക്കുകയല്ല നീട്ടിവെക്കുകയാണ്. നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ മേഖലകളില്‍നിന്ന് നിലവില്‍ റിപ്പോർട്ട്​ ചെയ്ത അഞ്ച്​ കേസിൽ വിശദ അന്വേഷണം ആരംഭിച്ചു. ജില്ല ശിശുസംരക്ഷണ ഓഫിസര്‍ എം.ജി. ഗീതയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.കെ. സജികുമാര്‍ അധ്യക്ഷത വഹിച്ചു. പൊലീസ്​ ഇൻസ്​പെക്ടർ ഫിലിപ് സാം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ബീന ബിജി, അംഗങ്ങളായ പി.ഡി. ജോര്‍ജ്, ബെന്നി തുണ്ടത്തില്‍, അമ്പിളി തമ്പി എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.