തൊടുപുഴ: ജില്ലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. പാർട്ടി ജില്ല നേതൃയോഗം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. 1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങളിൽ അടിയന്തര മാറ്റം വരുത്തണം. ഇതിനാവശ്യമായ നിയമനിർമാണം ഉടൻ നടത്തേണ്ടതുണ്ട്. 2019ൽ തിരുവന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സർവകക്ഷി തീരുമാനം നടപ്പാക്കിയിട്ടില്ല. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണം. വന്യമൃഗങ്ങളിൽനിന്ന് ജനങ്ങൾക്കും കൃഷിയിടങ്ങൾക്കും സംരക്ഷണം നൽകുന്നതിനുള്ള പദ്ധതികൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തണമെന്നും പി.ജെ. ജോസഫ് പറഞ്ഞു. നേതൃയോഗത്തിൽ ജില്ല പ്രസിഡന്‍റ് എം.ജെ. ജേക്കബ് അധ്യക്ഷതവഹിച്ചു. ജില്ലയിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 11ന് രാവിലെ 11ന് ചെറുതോണിയിൽ പ്രതിഷേധ ധർണ നടത്താൻ തീരുമാനിച്ചു. ഫ്രാൻസിസ് ജോർജ്, മാത്യു സ്റ്റീഫൻ, ഷീല സ്റ്റീഫൻ, അഡ്വ. ജോസി ജേക്കബ്, എം. മോനിച്ചൻ, വർഗീസ് വെട്ടിയാങ്കൽ, റോയി ഉമ്മൻ, വി.എ. ഉലഹന്നാൻ, ഫിലിപ് മലയാറ്റ്, എം.ജെ. കുര്യൻ, അഡ്വ. ഷൈൻ വടക്കേക്കര എന്നിവർ സംസാരിച്ചു. ഫുട്ബാൾ കോച്ചിങ് ക്യാമ്പ് തൊടുപുഴ: സോക്കർ സ്കൂൾ സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബാൾ കോച്ചിങ് ക്യാമ്പ് കെ.പി. തോമസ് ഉദ്ഘാടനം ചെയ്തു. കോച്ചിങ് ക്യാമ്പിന് മുൻ സംസ്ഥാന താരം പി.എ. സലിംകുട്ടി, സ്പോർട്സ് മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. അജീഷ് ടി.അലക്സ്, ദേശീയ താരങ്ങളായ അഞ്ജലി ജോസ്, രാഹുൽ. എസ്, കായിക പരിശീലകരായ അമൽ വി.ആർ, അനന്തു ജോസഫ്, അഭിനവ്, ജോബി ജോസഫ്, ജിത്തു എന്നിവരാണ് നേതൃത്വം നൽകുന്നത്. അഞ്ച് മുതൽ 17 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചേരാം. ഫോൺ: 9645740487, 7561842953.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.