തൊടുപുഴ: പദ്ധതി നിര്‍വഹണത്തില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും നൂറുമേനി കൊയ്ത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്. 2021-22 വര്‍ഷം അനുവദിച്ച വികസന ഫണ്ടില്‍ പട്ടികജാതി-വര്‍ഗ, ജനറല്‍ വിഭാഗങ്ങളിലായി ലഭിച്ച 100 ശതമാനവും കേന്ദ്ര ധനകാര്യ കമീഷന്‍ അവാര്‍ഡായി ലഭിച്ച തുകയില്‍ നൂറുശതമാനവും ചെലവഴിച്ചാണ് നേട്ടം കൈവരിച്ചത്. ആരോഗ്യ മേഖലക്കും, പാര്‍പ്പിട മേഖലക്കും പ്രാധാന്യം നല്‍കി ഏറ്റെടുത്ത എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ട്രീസ ജോസ് കാവാലത്ത് അറിയിച്ചു. കോവിഡ് രൂക്ഷമായിരുന്ന കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കല്‍, കുടിവെള്ള ക്ഷാമം രൂക്ഷമായ മൂരിപ്പാറ, അപ്പമല, മയിലാടുംപാറ, കുഴിയനാല്‍കുന്ന്, പറത്താനം എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കുന്ന പദ്ധതികള്‍, ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്‍റിവ്, കാലിത്തീറ്റ സബ്സിഡി വിതരണം, ഭവന പദ്ധതികള്‍, സ്‌കോളര്‍ഷിപ് വിതരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് ഭരണ സമിതി ഏറ്റെടുത്ത് നടത്തിയത്. വര്‍ക്കിങ് ഗ്രൂപ് അംഗങ്ങള്‍ മുതല്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ വരെ എല്ലാവരും ഭരണസമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്‍റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് പ്രസിഡന്‍റ് അറിയിച്ചു. ആര്‍ദ്രകേരളം പുരസ്‌കാര നിറവിൽ ആലക്കോടും മണക്കാടും ഒന്നാംസ്ഥാനം ആലക്കോടിന് തൊടുപുഴ: രണ്ടാംതവണയും ആര്‍ദ്രകേരളം പുരസ്‌കാരത്തില്‍ ഒന്നാംസ്ഥാനം ആലക്കോട് ഗ്രാമപഞ്ചായത്തിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സാന്ത്വന പരിചരണ രംഗത്ത് കൂടുതല്‍ ജനപങ്കാളിത്ത പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞതും പകര്‍ച്ചവ്യാധി നിയന്ത്രണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, ജീവിതശൈലീരോഗ നിയന്ത്രണം, ആരോഗ്യ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടെ മികച്ച നിലവാരം, മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ മികവ് എന്നിവ പരിഗണിച്ചാണ് രണ്ടാംവട്ടവും പുരസ്‌കാരത്തിന് ആലക്കോടിനെ തെരഞ്ഞെടുത്തത്. രണ്ടാം സ്ഥാനം മണക്കാട് ഗ്രാമപഞ്ചായത്തിനാണ്. പാലിയേറ്റിവ് പരിചരണ രംഗത്ത് 1.5 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങള്‍ സംഭാവനയായി സംഘടിപ്പിച്ചും ആശ്രയമില്ലാത്ത രോഗികളെ ചാരിറ്റി ഹോമിലെത്തിച്ചും ചാരിറ്റി ഹോമുകളില്‍ മികച്ച പരിചരണം നൽകിയും പാലിയേറ്റിവ് പരിചരണ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാന്‍ ആലക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സാധിച്ചു. കോവിഡ് മഹാമാരിക്കാലത്ത് രോഗികളുടെയും സമ്പര്‍ക്ക വിലക്കിലേര്‍പ്പെട്ടവരുടെയും വീടുകളില്‍ ഭക്ഷണവും വൈദ്യസേവനവും മറ്റുസഹായങ്ങളും എത്തിക്കുന്നതില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വലിയ മുന്നേറ്റം കൈവരിക്കാനായി. എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് നേട്ടത്തിന് പിന്നിലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ജെറി പറഞ്ഞു. ആരോഗ്യമേഖലയില്‍ 21.68 ലക്ഷം രൂപയാണ് മണക്കാട് ഗ്രാമപഞ്ചായത്തില്‍ ചെലവഴിച്ചത്. മണക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രം 10,18,427 രൂപയും ഹോമിയോ വിഭാഗം 3.5 ലക്ഷം രൂപയും ആയുര്‍വേദത്തില്‍ എട്ടുലക്ഷം രൂപയും ചെലവഴിച്ചു. ഇതിനു പുറമെ പഞ്ചായത്തില്‍നിന്ന് പദ്ധതി ഇനത്തില്‍ വകയിരുത്തിയ 20 ലക്ഷം രൂപയും സന്നദ്ധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സമാഹരിച്ച 7.5 ലക്ഷം രൂപയും ചെലവഴിച്ച് പുതിയ ഒ.പി ബ്ലോക്ക് നിര്‍മിച്ചു. ജീവിതശൈലീരോഗ നിയന്ത്രണം, രോഗപ്രതിരോധം എന്നിവയിലും മെഡിക്കല്‍ ഓഫിസര്‍ ഡോ. അന്ന മാര്‍ട്ടിന്‍റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തി. പകര്‍ച്ചവ്യാധി നിയന്ത്രണ രംഗത്ത് ആരോഗ്യ ദൗത്യസേന രൂപവത്കരിച്ച് നടത്തിയ ഇടപെടലുകളും ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മാര്‍ജന രംഗത്ത് അവലംബിച്ച പദ്ധതികളും കുടിവെള്ള വിതരണം, നീര്‍ച്ചാലുകള്‍ മാലിന്യമുക്തമാക്കിയ പദ്ധതി, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍, ഭക്ഷ്യധാന്യ കിറ്റ് വിതരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് മണക്കാടിനെ പുരസ്‌കാരത്തിനര്‍ഹമാക്കിയതെന്ന് പ്രസിഡന്‍റ് ടിസി ജോബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.