ജലവൈദ്യുതി പദ്ധതികൾ വികസനത്തിനാവശ്യം-മ​ന്ത്രി

അടിമാലി: ജല വൈദ്യുതി പദ്ധതികൾ നാടിന്‍റെ വികസനത്തിന്​ ആവശ്യമാണെന്ന്​ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. മാങ്കുളം ജലവൈദ്യുതി പദ്ധതി നിർമാണോദ്​ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതിയുടെ ആവശ്യം കണക്കിലെടുത്ത് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിവരുകയാണെന്നും മന്ത്രി പറഞ്ഞു. മേലാച്ചേരി പുഴയിൽ 40 വാട്ട് സ്ഥാപിതശേഷിയും 120 ദശലക്ഷം യൂനിറ്റ് വാർഷിക ഉൽപാദനശേഷിയുള്ള നിലയമാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. നിലവിൽ നിർമിക്കുന്ന റിസർവോയറിലേക്ക് രാജമലയാർ, കടലാർ എന്നിവയിൽനിന്നുള്ള ജലം തുരങ്കത്തിലൂടെ എത്തിച്ച് രണ്ടാംഘട്ടത്തിൽ 80 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ച് 100 ദശലക്ഷം യൂനിറ്റ് വർധിപ്പിക്കാനാണ് ലക്ഷ്യം. പദ്ധതിക്കായി ഭൂമി വിട്ടുനൽകിയത് മൂലം കച്ചവടസ്ഥാപനങ്ങൾ നഷ്ടമായവർക്ക് പുനരധിവാസ പദ്ധതിയിൽപെടുത്തി 7500 ചതുരശ്രയടി വിസ്തീർണത്തിൽ 29 കടമുറികളും പാർക്കിങ്​ സൗകര്യവുമുള്ള വ്യാപാര സമുച്ചയമാണ് മാങ്കുളത്ത് നിർമിച്ചിട്ടുള്ളത്​. എം.എൽ.എമാരായ എം.എം. മണി, അഡ്വ. എ. രാജ എന്നിവർ മുഖ്യാതിഥികളായിരുന്നു. കെ.എസ്.ഇ.ബി ജനറേഷൻ ഡയറക്ടർ ജി. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചെയർമാൻ ഡോ. ബി. അശോക്, ഡയറക്ടർ വി. മുരുകദാസ്, ജില്ല പഞ്ചായത്ത്‌ അംഗം അഡ്വ. ഭവ്യ കണ്ണൻ, ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ അനന്തറാണി ദാസ്, മാങ്കുളം പഞ്ചായത്ത്‌ പ്രസിഡന്‍റ്​ വിനീത സജീവൻ, പഞ്ചായത്ത്​ അംഗം ഷൈനി മാത്യു, കെ.എസ്.ഇ.ബി ഫിനാൻസ് ഡയറക്ടർ വി.ആർ. ഹരി തുടങ്ങിയവർ സംസാരിച്ചു. TDL mankulam project മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമാണോദ്​ഘാടന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സംസാരിക്കുന്നു Box മേലാച്ചേരി പുഴയിൽ അണക്കെട്ടുയരും അടിമാലി: മേലാച്ചേരി പുഴയിലെ ജലം ഉപയോഗിച്ചാണ് മാങ്കുളം പദ്ധതിയിൽ വൈദ്യുതി ഉൽപാദനം നടത്തുന്നത്. പദ്ധതിക്ക്​ അഞ്ച് സ്പിൽവേ ഗേറ്റോടുകൂടി 221.50 മീ. നീളവും 47.21 മീ. ഉയരവുമുള്ള കോൺക്രീറ്റ്​ ഡാമും 2519 മീ. നീളത്തിൽ 3.66 മീ. വ്യാസത്തോടെ കുതിരലാടത്തിന്‍റെ ആകൃതിയിൽ തുരങ്കവും നിർമിക്കും. 82.080 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പദ്ധതിയിൽ ലക്ഷ്യമിടുന്ന വാർഷികോൽപാദനം. രണ്ടാംഘട്ടത്തിൽ കടലാർ, രാജമലയാർ പുഴകളിൽനിന്ന്​ തിരിച്ചുവിടുന്ന ജലവുംകൂടി ചേരുമ്പോൾ സ്ഥാപിതശേഷി 80 മെഗാവാട്ട് ആയി ഉയരും. 80.013 ഹെക്ടർ സ്ഥലമാണ് പദ്ധതിയുടെ നിർമാണത്തിന് വേണ്ടിവരുന്നത്. ഇതിൽ 11.913 ഹെക്ടർ വനഭൂമിയും 15.16 ഹെക്ടർ നദീതടവുമാണ്. ഈ സ്ഥലങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. 52.94 ഹെക്ടർ സ്വകാര്യഭൂമിയും ഏറ്റെടുക്കേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.