പള്ളിവാസല്‍ 220 കെ.വി സബ്സ്റ്റേഷൻ ഉദ്ഘാടനം നിര്‍വഹിച്ചു അടിമാലി: കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. പള്ളിവാസല്‍ 220 കെ.വി സബ്സ്റ്റേഷന്‍റെയും പള്ളിവാസല്‍ -ആലുവ 220 കെ.വി പ്രസരണ ലൈനിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തൊട്ടിയാര്‍ അടക്കമുള്ള വിവിധ പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അഡ്വ. എ. രാജ എം.എൽ.എ അധ്യക്ഷതവഹിച്ചു. എം.എം. മണി എം.എൽ.എ മുഖ്യാതിഥിയായി. കിഴക്കന്‍ മേഖലയുടെ വർധിച്ചുവരുന്ന ഊര്‍ജ ആവശ്യകത നിറവേറ്റുന്നതിനും നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം, മാങ്കുളം, പൂയംകുട്ടി, പാമ്പാര്‍, അപ്പര്‍കല്ലാര്‍, പീച്ചാട്, വെസ്റ്റേണ്‍ കല്ലാര്‍, അപ്പര്‍ചെങ്കുളം, ചെങ്കുളം ടെയ്ല്‍ റെയ്സ്, ചിന്നാര്‍ ജലവൈദ്യുതി പദ്ധതികളില്‍നിന്നുള്ള ഊര്‍ജം, പ്രസരണ നഷ്ടം പരമാവധി കുറച്ച് വിതരണം ചെയ്യുന്നതിനും മൂന്നാര്‍, മറയൂര്‍, കുഞ്ചിത്തണ്ണി, ആനച്ചാല്‍, രാജാക്കാട്, രാജകുമാരി, ഇരുട്ടുകാനം എന്നീ മേഖലകളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിച്ച് വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ സബ്സ്റ്റേഷന്‍റെയും പ്രസരണ ലൈനിന്‍റെയും നിര്‍മാണം നടത്തിയിട്ടുള്ളത്. ജില്ലയിലെ ആദ്യത്തെ 220 കെ.വി സബ്സ്റ്റേഷനാണിത്. ചടങ്ങില്‍ കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാന്‍സ്മിഷന്‍ ആൻഡ് സിസ്റ്റം ഓപറേഷന്‍ ഡയറക്ടര്‍ രാജന്‍ ജോസഫ്, ജനറേഷന്‍ ഡയറക്ടർ സിജി ജോസ്, സ്വതന്ത്ര ഡയറക്ടര്‍ വി. മുരുഗദാസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോമന്‍ ചെല്ലപ്പന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദറാണി ദാസ്, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഭവ്യ കണ്ണന്‍, പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. പ്രതീഷ്‌കുമാര്‍, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. TDL PALLIVASAL പള്ളിവാസല്‍ 220 കെ.വി സബ്സ്റ്റേഷന്‍റെയും പള്ളിവാസല്‍ ആലുവ 220 കെ.വി പ്രസരണ ലൈനിന്‍റെയും ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു എസ്.സി പ്രമോട്ടര്‍: എഴുത്തുപരീക്ഷ നാളെ തൊടുപുഴ: പട്ടികജാതി വികസന വകുപ്പില്‍ ജില്ലയിലേക്ക് 2022-23 വര്‍ഷത്തെ എസ്.സി പ്രമോട്ടര്‍മാരുടെ നിയമനത്തിനുള്ള എഴുത്തുപരീക്ഷ ഞായറാഴ്ച പകല്‍ 11 മുതല്‍ 12 വരെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച് പരീക്ഷകേന്ദ്രത്തില്‍ 45 മിനിറ്റ് മുമ്പ് എത്തണം. അഡ്മിഷന്‍ ടിക്കറ്റില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകാത്തവര്‍ ജില്ല പട്ടികജാതി വികസന ഓഫിസുമായോ, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുമായോ ബന്ധപ്പെടണം. യോഗ ഡെമോണ്‍സ്ട്രേറ്റര്‍ നിയമനം തൊടുപുഴ: ഭാരതീയ ചികിത്സ വകുപ്പില്‍ ജില്ലയിലെ ആയുഷ് വെൽനെസ് സെന്‍റര്‍ പദ്ധതിയില്‍ ഒഴിവുള്ള യോഗ ഡെമോന്‍സ്ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താൽക്കാലിക നിയമനം നടത്തുന്നതിന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫിസിൽ ബുധനാഴ്ച പകല്‍ 11ന് കൂടിക്കാഴ്ച നടത്തും. ഫോണ്‍: 04862 232318.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.