വികസനത്തിന്‍റെ പേരിൽ ഒരാളെയും തെരുവാധാരമാക്കില്ല -മുഖ്യമന്ത്രി

അടിമാലി: വികസനത്തിന്‍റെ പേരിൽ ഒരാളെയും തെരുവാധാരമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലവൈദ്യുതി പദ്ധതി നിർമാണത്തിന്​ സ്ഥലം വിട്ട് നൽകിയവരുടെ സമീപനം പൊതുസമൂഹത്തിന് ക്രിയാത്മക സന്ദേശം നൽകുന്നു. സാമൂഹിക നീതി ഉറപ്പാക്കിയും സർവതല സ്പർശിയുമായ വികസനം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മാങ്കുളം ജലവൈദ്യുതി പദ്ധതി നിർമാണ ഉദ്ഘാടനവും പുനരധിവാസത്തിന്‍റെ ഭാഗമായി വ്യാപാരികൾക്കായി നിർമിച്ച വ്യാപാര സമുച്ചയത്തിന്‍റെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന സ്പർശം ഏൽക്കാത്ത ഒരു പ്രദേശവും കേരളത്തിൽ ഉണ്ടാകരുത്. അടിസ്ഥാന സൗകര്യ വികസനത്തിൽ സർക്കാർ പ്രത്യേകം ശ്രദ്ധവെക്കുന്നു. വലിയ തോതിലുള്ള വ്യവസായിക മുന്നേറ്റം ലക്ഷ്യമിടുന്നു. ഈ സാഹചര്യത്തിൽ ഒഴിവാക്കാനാവാത്തതാണ്​ ഊർജ സ്വയംപര്യാപ്തത. പ്രകൃതിക്ക് ദോഷം വരാത്ത ഊർജ ഉൽപാദന രീതികൾ ആവിഷ്കരിക്കണം. ആ രംഗത്ത് വലിയ കുതിച്ച് ചാട്ടമാണ്​ ലക്ഷ്യം. ഇടുക്കി പദ്ധതിയുടെ രണ്ടാംഘട്ടത്തിന്‍റെ വിശദ രൂപരേഖ തയാറാക്കിവരികയാണ്. ഊർജ രംഗത്തെ സ്വയം പര്യാപ്തതയിലേക്ക് മുന്നേറുന്നതിന്‍റെ ഭാഗമാണ്​ മാങ്കുളം ജലവൈദ്യുതി പദ്ധതി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന്‍റെ ഭാഗമായി ആരും തെരുവാധാരമാകില്ല. അർഹമായ നഷ്ടം നൽകി പുനരധിവാസം ഉറപ്പാക്കും. എല്ലാ വികസന പദ്ധതികളിലും സർക്കാറിന്​ ഇതേ നയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ചിത്രം: TDG100 Mankulam മാങ്കുളം ജലവൈദ്യുതി പദ്ധതി നിർമാണോദ്ഘാടന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ശിലാഫലകം അനാഛാദനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.