ഗവ. കോളജിലെ സംഘർഷം; ആരോപണങ്ങളുമായി കെ.എസ്​.യുവും എസ്​.എഫ്​.ഐയും

കട്ടപ്പന: കട്ടപ്പന ഗവ. കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പിനോട്​ അനുബന്ധിച്ചുണ്ടായ സംർഘഷവുമായി ബന്ധപ്പെട്ട്​ ആരോപണ പ്രത്യാരോപണങ്ങളുമായി കെ.എസ്​.യുവും എസ്​.എഫ്​.ഐയും. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ കരുതിക്കൂട്ടി സംഘർഷം ഉണ്ടാക്കുകയായിരുന്നെന്ന്​ കെ.എസ്​.യുവും കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്​ മാരകായുധങ്ങളുമായി കാമ്പസിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന്​ എസ്​.എഫ്​.ഐയും ആരോപിച്ചു. വോട്ടെണ്ണൽ മുറിയുടെ പിന്നിലേക്ക്​ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നെന്നും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് കോളജിനുള്ളിൽ അക്രമം നടത്തിയതെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തക ഗായത്രി നന്ദു പറഞ്ഞു. എൻ.സി.സി കാഡറ്റുകളാണ് തങ്ങളെ രക്ഷപ്പെടുത്തിയത്. കോളജിന് വെളിയിൽ നടന്ന സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്‍റ്​ ജോബിൻ അയ്മനത്തിനും പരിക്കേറ്റിരുന്നു. കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരെ ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു സന്ദർശിച്ചു. അതേസമയം സംഘർഷം ഗൂഢാലോചനയുടെ ഭാഗമാണെന്ന്​ എസ്​.എഫ്​.ഐയും സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജിയും ആരോപിച്ചു. ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡി.​വൈ.എഫ്.ഐ കട്ടപ്പനയിൽ പ്രകടനം നടത്തി. ജില്ല സെക്രട്ടറി രമേശ് കൃഷ്ണൻ, ജോയന്‍റ്​ സെക്രട്ടറി ബി. അനൂപ്, ബ്ലോക്ക് സെക്രട്ടറി ജിബിൻ മാത്യു, പ്രസിഡന്‍റ്​ ശ്രീജിത് രാജേന്ദ്രൻ, ഫൈസൽ ജാഫർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.