ചെറുതോണി: ജലാശയങ്ങളിൽ മുങ്ങി മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിക്കുന്നു. കോവിഡ് നിയന്ത്രണത്തിൽ അയവുവന്നതോടെ വിനോദസഞ്ചാര മേഖലയിലേക്ക് ആളുകളുടെ ഒഴുക്ക് വർധിച്ചതിനൊപ്പമാണ് ജലാശയങ്ങളിലെ അപകടങ്ങളും പെരുകുന്നത്. രണ്ടാഴ്ചയായി ഇടുക്കി ആർച്ച് ഡാമും മൂന്നാറും തേക്കടിയും വാഗമണ്ണുമൊക്കെ സഞ്ചാരികളുടെ തിരക്കിലമർന്നു. വിനോദസഞ്ചാര മേഖലയിലെ വെള്ളച്ചാട്ടങ്ങളും കടവുകളും മരണക്കെണിയാവുമ്പോൾ സുരക്ഷയൊരുക്കാൻ കഴിയാതെ അധികൃതർ കുഴങ്ങുകയാണ്. അഞ്ചുരുളി, ഇടുക്കി ഡാം, കല്ലാർ പൊൻമുടി, മുതിരപ്പുഴ, അമ്പഴച്ചാൽ കുണ്ടള മാട്ടുപ്പെട്ടി, ആറ്റുകാട് ദേവിയാർ, പകുതിപ്പാലം തുടങ്ങിയ പുഴകളിലും ജലാശയങ്ങളിലും കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ പൊലിഞ്ഞത് നിരവധി ജീവനാണ്. കട്ടപ്പന ഗവ. കോളജ് ചെയർമാനായിരുന്ന അനൂപ് സിബിച്ചൻ ഇടുക്കി ഡാമിലേക്ക് വെള്ളമെത്തിക്കുന്ന നിരകക്കാനം ടണലിൽ വീണുമരിച്ചത് അവധി ആഘോഷിക്കാൻ കൂട്ടുകാരോടൊപ്പം വന്നപ്പോഴാണ്. അവധി ആഘോഷിക്കാൻ അമ്മവീട്ടിലെത്തിയ സേനാപതി വട്ടപ്പാറയിൽ അയ്യൻകാലായിൽ അമൽ ലാലൻ പൊന്മുടി അണക്കെട്ടിൽ മുങ്ങിമരിച്ചത് ഏതാനും വർഷം മുമ്പാണ്. അമ്മവീട്ടിലെത്തിയ ഉടുമ്പന്നൂർ ഇടമറുക് മംഗലത്ത് വീട്ടിൽ വൈശാഖ് എന്ന 11കാരൻ തോക്കുപാറ അമ്പഴച്ചാൽ പുഴയിൽ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയായിരുന്നു. ഇടുക്കി കാണാനെത്തിയ അഞ്ച് യുവാക്കൾ ഏതാനും വർഷം മുമ്പ് കുണ്ടള ഡാമിൽ മുങ്ങിമരിച്ചത് നാട്ടുകാർക്കിന്നും ഞെട്ടിക്കുന്ന ഓർമയാണ്. പൊന്മുടി ജലാശയത്തിൽ നെടുങ്കണ്ടം സ്വദേശിയായ വിദ്യാർഥി മുങ്ങിമരിച്ചതും നാടിനെ നടുക്കി. ഹൈദരാബാദിൽ നിന്നെത്തിയ നവദമ്പതികളിൽ വരൻ മാങ്കുളം വിരിപ്പാറ തോട്ടിൽ മുങ്ങിമരിച്ചതും നാട്ടുകാർ മറന്നിട്ടില്ല. അടിമാലിയിലും ആറ്റുകാട് വെള്ളച്ചാട്ടത്തിലുമായി അഞ്ച് വർഷത്തിനിടെ എട്ടുപേരാണ് മുങ്ങിമരിച്ചത്. മൂന്നാറിൽനിന്ന് മലയാറ്റൂർ തീർഥാടനത്തിനുപോയി കാലടിപ്പുഴയിൽ നാലു യുവാക്കളാണ് മുങ്ങിമരിച്ചത്. തോപ്രാംകുടിയിൽനിന്ന് മലയാറ്റൂർ തീർഥാടനത്തിനുപോയ യുവാക്കൾ പെരിയാറ്റിൽ മുങ്ങിമരിച്ചതാണ് മറ്റൊരു സംഭവം. മുരിക്കാശേരി പടമുഖത്തുനിന്ന് വിനോദയാത്ര പോയ മൂന്ന് കുട്ടികളാണ് ആലപ്പുഴ ബീച്ചിൽ തിരയിൽപെട്ട് മരിച്ചത്. ചാവക്കാടുനിന്ന് കൊളുക്കുമല കാണാനെത്തിയ ഒമ്പതംഗ വിദ്യാർഥികൾ അപകടത്തിൽപെട്ടെങ്കിലും തക്കസമയത്ത് ശ്രദ്ധയിൽപെട്ടതുകൊണ്ട് നാട്ടുകാർ രക്ഷപ്പെടുത്തി. കഞ്ഞിക്കുഴിയിൽനിന്ന് ടൂർ പോയ മൂന്നുപേരിൽ ഒരാൾ മൂലമറ്റത്ത് വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചത് കഴിഞ്ഞ വർഷമാണ്. മതിയായ സുരക്ഷ സംവിധാനമില്ലാത്തതും വിനോദസഞ്ചാരികളുടെ അശ്രദ്ധയുമാണ് അപകടത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.