ചൊക്രമുടിയിലെ വരയാടുകൾ

കൈയേറ്റ മാഫിയ മലയിറങ്ങി; ചൊക്രമുടി കൈയടക്കി വരയാടുകൾ

അടിമാലി: കൈയേറ്റ മാഫിയ മലയിറങ്ങിയപ്പോൾ ചൊക്രമുടിയുടെ നീർച്ചോലകളും പുൽമേടുകളും കൈയടക്കി വരയാടുകൾ. തദ്ദേശവാസികളുടെ കന്നുകാലികളോടൊപ്പമാണ് വരയാടിൻ കൂട്ടങ്ങളും മേഞ്ഞുനടക്കുന്നത്. വരയാടുകൾ കൂടാതെ രാജമലയിലേതിന് സമാനമായി നീലക്കുറിഞ്ഞി ചെടികളും കാട്ടാന, കാട്ടുപോത്ത്, കുരങ്ങുകൾ, അപൂർവയിനം പക്ഷികൾ എന്നിവയും ചൊക്രമുടിയുടെ ജൈവ വൈവിധ്യത്തിന് നിറം പകരുന്നു.

2024 ആഗസ്റ്റിലാണ് അതീവ പരിസ്ഥിതിലോല മേഖലയായ ചൊക്രമുടിയിലെ ഭൂമി കൈയേറ്റവും അനധികൃത റോഡ് നിർമാണവും വിവാദമായത്. അടിമാലി സ്വദേശി ഇവിടെ 14 ഏക്കർ 69 സെന്റ് ഭൂമി ചെന്നൈ സ്വദേശികളിൽനിന്ന വിലയ്ക്കു വാങ്ങിയ ശേഷം റോഡ് നിർമിച്ച് അറുപതോളം പേർക്കായി മുറിച്ചു വിൽക്കാൻ ശ്രമം നടത്തുകയായിരുന്നു. സംഭവം വിവാദമായതോടെ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഭൂമി കൈയേറ്റവും അനധികൃത നിർമാണവും നടന്നതായി കണ്ടെത്തുകയും നാലു റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ചട്ടം ലംഘിച്ചും വ്യാജ രേഖ ചമച്ചും പുറമ്പോക്ക് ഭൂമിക്ക് പട്ടയം നേടിയെന്ന് കണ്ടെത്തിയതോടെയാണ് 2025 മാർച്ചിൽ ചൊക്രമുടിയിലെ 13 ഏക്കർ 79 സെന്റ് ഭൂമിയുടെ പട്ടയം റദ്ദാക്കി സർക്കാർ ഏറ്റെടുത്തത്.

നാല് പട്ടയ ഉടമകൾ ചെന്നൈ സ്വദേശിയായ വ്യവസായിക്കും മകനും കൈമാറിയ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. 2025 ആഗസ്റ്റിൽ ചൊക്രമുടിയുടെ താഴ്‌വാരത്ത് പുറമ്പോക്ക് ഭൂമിയിൽ നിർമിച്ച സ്വകാര്യ റിസോർട്ട് സ്ഥിതി ചെയ്തിരുന്ന 1.05 ഏക്കർ ഭൂമിയുടെ പട്ടയവും സർക്കാർ റദ്ദാക്കി. അതിന് ശേഷം ചൊക്രമുടിയിലേക്ക് ആളുകൾ എത്താതായതോടെയാണ് വരയാട് ഉൾപ്പെടെയുള്ള വന്യജീവികൾ ഇവിടെ സ്വതന്ത്രമായി വിഹരിക്കാൻ തുടങ്ങിയത്. ഇരവികുളം ദേശീയ ഉദ്യാനത്തിന് പുറമെ വരയാടുകളെ കൂട്ടത്തോടെ കാണുന്നത് ചൊക്രമുടിയിലും അടിമാലി വരയാറ്റിൻ മുടിയിലുമാണ്. കൂടാതെ വളറ കുതിരകുത്തി മലയിലും വരയാടുകളെ കാണുന്നു. ഇരവികുളം ദേശീയോദ്യാനത്തിൽ പ്രജനന കാലം കഴിഞ്ഞ് ഈ മാസമാണ് ഉദ്യാനം തുറന്ന് നൽകിയത്. ഈ മാസം ഇവിടെ വരയാടുകളുടെ കണക്കെടുപ്പ് തുടങ്ങും. 900 നടുത്ത് വരയാടുകളാണ് ഇരവികുളത്തുള്ളത്.

Tags:    
News Summary - Land grabbers ousted; Nilgiri Tahrs take over Chokramudi hills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.