അടിമാലി താലൂക്ക്​ ആശുപത്രി: ആംബുലന്‍സുകള്‍ ഓടുന്നില്ല; രോഗികള്‍ ദുരിതത്തില്‍

അമിത വാടകക്ക് സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിച്ച് പൊതുജനം അടിമാലി: തോട്ടം-കാര്‍ഷിക മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ അടിമാലി താലൂക്ക്​ ആശുപത്രിയില്‍ ആംബുലന്‍സുകളുടെ സേവനം നിലച്ചു. ഐ.സി.യു ആംബുലന്‍സിന് ജീവനക്കാരില്ല, മറ്റൊരു ആംബുലന്‍സ് അപകടത്തില്‍പെട്ട് വർക്​ഷോപ്പിലുമാണ്. താലൂക്കിന് അനുവദിച്ച 108 ആംബുലന്‍സ് അടിമാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതിന്‍റെ സേവനവും രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. അടിമാലി താലൂക്ക്​ ആശുപത്രിയിലെ ആംബുലന്‍സ് മൂന്ന് മാസം മുമ്പ് ഇടുക്കിയില്‍ അപകടത്തില്‍പ്പെട്ടതിനെത്തുടർന്ന്​ തൊടുപുഴയിലെ വര്‍ക്​ഷോപ്പിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, നന്നാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ജീവനക്കാരെ നിയമിക്കാത്തതിനാൽ ഐ.സി.യു ആംബുലന്‍സും ഒരുമാസമായി ഓടുന്നില്ല. ഇതോടെ അമിത വാടകക്ക് സ്വകാര്യ ആംബുലന്‍സുകളുടെ സേവനം തേടേണ്ട ഗതികേടിലാണ് പൊതുജനം. ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ നിർധന രോഗികൾ പ്രധാനമായും ആശ്രയിക്കുന്നത്​ അടിമാലി താലൂക്ക്​ ആശുപത്രിയെ ആണ്​. ആദിവാസികള്‍ കൂടുതല്‍ ചികിത്സ തേടുന്നതും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്നതും ഇവിടെയാണ്​. ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കാന്‍ ഐ.സി.യു സൗകര്യമില്ലാത്തതിനാല്‍ ഇത്തരം രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ വിടുകയാണ്​. ഈ സമയം ആംബുലന്‍സ്​ സേവനം അനിവാര്യമാണ്. ജില്ലയില്‍ വാഹനാപകടങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അടിമാലി മേഖലയിലാണ്. ഇരുമ്പുപാലത്ത് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ്​ സെന്‍റര്‍ വീണ്ടും ആരംഭിക്കാനിരിക്കെ ഇത്തരം രോഗികളെയും ആംബുലന്‍സില്‍ വേണം എത്തിക്കാന്‍. -------- idl adi 4 ambulance ചിത്രം - അടിമാലി താലൂക്ക് ആശുപത്രിയിൽ ഒതുക്കിയിട്ടിരിക്കുന്ന ഐ.സി.യു ആംബുലൻസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.