സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

തൊടുപുഴ: വിനോദ സഞ്ചാരികളുടെ പറുദീസയായ ഇടുക്കിയിൽ സഞ്ചാരികളെ മാടിവിളിച്ച് 13 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ. സംസ്ഥാന വനംവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറുന്നത്. ജില്ലയിൽ ഇടുക്കി, മൂന്നാർ, മാങ്കുളം, പെരിയാർ ഫോറസ്റ്റ് ഡിവിഷനുകളുടെ കീഴിലാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷി സങ്കേതവും ഇടുക്കി ഡിവിഷന് കീഴിൽ വരുന്നതാണ്. ഒരു വർഷത്തിനിടെ ഈ കേന്ദ്രങ്ങളിലെത്തിയത് ആയിരങ്ങളാണ്. ഇത് വഴി കോടികളാണ് സർക്കാർ ഖജനാവിലേക്കെത്തിയത്.

13 ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ വാഗവനം, വെള്ളപ്പാറ, മൂന്നാർ ഡിവിഷന് കീഴിൽ ചൊക്രമുടി, മാങ്കുളം ഡിവിഷന് കീഴിൽ കൈനാഗിരി, നക്ഷത്രകുത്ത്, ആനക്കുളം, മറയൂർ ഡിവിഷന് കീഴിൽ ആനക്കോട്ടപ്പാറ, രാജീവ്ഗാന്ധി നേച്ചർ പാർക്ക്, മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ ഇരവികുളം നാഷണൽ പാർക്ക്, ചിന്നാർ വന്യജീവി സങ്കേതം, ഷോല നാഷണൽ പാർക്ക്, പെരിയാർ ഈസ്റ്റ് വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ തേക്കടി, വളളക്കടവ് എന്നിവയാണ് ജില്ലയിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ.

വിനോദ സഞ്ചാരികൾക്കായി വാഗവനം-ട്രക്കിങ്, വെള്ളപ്പാറ-ബോട്ടിങ്, ട്രക്കിങ്, താമസസൗകര്യം, ചൊക്രമുടി-ട്രക്കിങ്, നക്ഷത്രകുത്ത്-ട്രക്കിങ്, ആനകുളം-ലില്ലിപാർക്ക്, ആനക്കോട്ടപ്പാറ-നേച്ചർപാർക്ക്, രാജീവ്ഗാന്ധി നേച്ചർ പാർക്ക്-നേച്ചർപാർക്ക്, ഇരവികുളം നാഷണൽ പാർക്ക്-ട്രക്കിങ്, ചിന്നാർ വന്യജീവി സങ്കേതം-ട്രക്കിങ്, താമസസൗകര്യം, ഷോല നാഷണൽ പാർക്ക്-ട്രക്കിങ്, താമസസൗകര്യം, തേക്കടി-ബോട്ടിങ്, ട്രക്കിങ്, താമസസൗകര്യം, റാഫ്റ്റിങ്, വള്ളക്കടവ്-താമസസൗകര്യം എന്നിവയാണ് വനംവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന സജ്ജീകരണങ്ങൾ.

സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികൾ

വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ വിവിധ കർമ പദ്ധതികളാണ് വനം വകുപ്പ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പണമിടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റുകയും പി.ഒ.എസ് മെഷീനുകള്‍ സ്ഥാപിക്കുകയും ചെയ്തു. റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വിനോദ സഞ്ചാരികള്‍ക്ക് സുഗമമായ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട്. കേന്ദ്രങ്ങളിൽ നിലവിലുള്ള കുടിവെള്ള സൗകര്യങ്ങള്‍ക്കും ശുചിമുറി സൗകര്യങ്ങള്‍ക്കും പുറമെ കൂടുതല്‍ ശുചിമുറികളും കുടിവെള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യം അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തടയാന്‍ ബോധവൽകരണ ബോര്‍ഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും കൂടുതല്‍ വെയ്സ്റ്റ് ബിന്നുകളും സ്ഥാപിച്ചു. ഇതോടൊപ്പം നിരീക്ഷണത്തിനായി കൂടുതല്‍ സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

മൂന്നാര്‍ ഡിവിഷനിലെ ചൊക്രമുടിയില്‍ പുതിയ ട്രക്കിങ് പ്രോഗ്രാം ആരംഭിച്ചിരുന്നു. ഇതോടൊപ്പം തേക്കടിയില്‍ നിലവിലുള്ള 13 ഇക്കോടൂറിസം പരിപാടികള്‍ക്കൊപ്പം മൂന്ന് പുതിയ പരിപാടികള്‍ ആരംഭിച്ചതായും അധികൃതർ പറയുന്നു. ഇരവികുളം ദേശീയോദ്യാനത്തിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാവുന്ന 360 ഡിഗ്രി വീഡിയോ ദൃശ്യാവിഷ്കാരമുള്ള വിര്‍ച്യുല്‍ റിയാലിറ്റി സെന്റര്‍, വിശാലമായ പാര്‍ക്കിങ് സൗകര്യം, സുവനീര്‍ ഷോപ്, ലഘു ഭക്ഷണശാലകള്‍, പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ഭിന്നശേഷി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഗോള്‍ഫ് കാര്‍ട്ട് ഇലക്ട്രിക്ക് വാഹന സഫാരി, ഭിന്നശേഷി സൗഹൃദ ശുചിമുറി, കാഴ്ച പരിമിതര്‍ക്കായുള്ള ബ്രയിൽ ലിപിയിലുള്ള ബ്രോഷറുകള്‍, ആംഗ്യ ഭാഷയിലുള്ള വീഡിയോ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

Tags:    
News Summary - Eco-tourism centers beckon tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.