ഇടുക്കി-ഉടുമ്പന്നൂർ റോഡ് ഇപ്പോഴും പൂർത്തിയാകാതെ കിടക്കുന്നു ചെറുതോണി: അരനൂറ്റാണ്ട് പിന്നിട്ട ജില്ല ആസ്ഥാനത്ത് നിറവേറാത്ത വാഗ്ദാനങ്ങൾ നിരവധി. മാറി മാറി വന്ന സർക്കാറുകൾ നൽകിയ വാഗ്ദാനമാണ് ഇടുക്കിയിൽ മിനി സിവിൽ സ്റ്റേഷൻ. ഡെന്‍റൽ കോളജ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. പത്തുചെയിൻ, പെരിഞ്ചാംകുട്ടി പ്രദേശങ്ങളിലുള്ളവർക്ക് ഇന്നും പട്ടയം കിട്ടിയിട്ടില്ല. പെരിഞ്ചാംകുട്ടി പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ട് വർഷങ്ങളായിട്ടും ആ പ്രദേശത്ത് താമസിക്കുന്നവർക്ക് പട്ടയം വാഗ്ദാനത്തിലൊതുങ്ങി. ജില്ല ആസ്ഥാനത്ത് സായി സ്പോർട്സ് സൻെറർ വാഗ്ദാനം ചെയ്തെങ്കിലും അതും നടപ്പായില്ല. ഇടുക്കിയിൽ സൈക്കിൾ വെലോഡ്രോം ജോസ് കുറ്റിയാനി എം.എൽ.എയായിരുന്ന കാലത്ത് പ്രഖ്യാപിച്ചതാണ്, ഇന്നും യാഥാർഥ്യമായിട്ടില്ല. വികസനത്തിന്‍റെ നാഴികക്കല്ലായി വിശേഷിപ്പിച്ച ഇടുക്കി-ഉടുമ്പന്നൂർ റോഡ് ഇപ്പോഴും പൂർത്തിയാകാതെ കിടക്കുന്നു. ഇടുക്കിയിൽ പ്രഖ്യാപിച്ച 40 കോടിയുടെ ബസ് ടെർമിനൽ എവിടെ എന്ന ചോദ്യത്തിനും അധികൃതർക്ക് ഉത്തരമില്ല. ചെറുതോണി പൊലീസ് സ്‌റ്റേഷനു സമീപം പണിയാരംഭിച്ച ബസ് സ്റ്റാൻഡ് ഇപ്പോൾ ബ്രേക്ക് ഡൗണിലാണ്. ചെറുതോണിയിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച ബട്ടർഫ്ലൈ പാലത്തിന്‍റെ ജോലികളും ഇഴയുന്നു. കുളമാവ് ഹൈഡൽ ടൂറിസം പദ്ധതിക്ക് ഉമ്മൻ ചാണ്ടി സർക്കാർ ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, പദ്ധതിയെക്കുറിച്ച് ഇപ്പോൾ ആർക്കുമറിയില്ല. ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി.സി ഡിപ്പോ ആരംഭിക്കുമെന്ന് 20 വർഷം മുമ്പുള്ള വാഗ്ദാനമാണ്. ഇതിന് അന്ന് ഇടുക്കി ആലിൻചുവടിന് സമീപം സ്ഥലം കണ്ടെത്തിയിരുന്നു. വാഗ്ദാനം പിന്നീട് ജലരേഖയായി. ഇടുക്കിയിലും കൊന്നത്തടിയിലും അന്താരാഷ്ട്ര സ്റ്റേഡിയം, കരിമ്പനിൽ സ്‌റ്റേഷനറി ഡിപ്പോയുടെ ജില്ലതല ഓഫിസ്, വണ്ണപ്പുറം-ചേലച്ചുവട്-ചെറുതോണി സമാന്തര ഹൈവേ, ഇടുക്കി താലൂക്ക് എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് എന്നിവയും പ്രഖ്യാപനത്തിന് ശേഷം വിസ്മൃതിയിലായി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി പഞ്ചായത്തുകളിലായി ഇനിയും പട്ടയം കിട്ടാത്ത കർഷകർ ഏറെയാണ്. പെരിഞ്ചാംകുട്ടിയിൽനിന്ന് കുടിയിറക്കപ്പെട്ട ആദിവാസികൾ സ്ഥലം കിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ച് കഴിയുന്നു. 50 വർഷം പൂർത്തിയാക്കിയ മലയോര ജില്ലയിലെ ജനം അധികൃതർ പതിറ്റാണ്ടുകൾ നൽകിയ വാഗ്ദാനങ്ങൾ നിറവേറുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.