കഴിഞ്ഞ ദിവസം തേനി പൊലീസ് പ്രത്യേക സ്ക്വാഡ് പിടികൂടിയ റേഷൻ അരി
കുമളി: തമിഴ്നാട്ടിൽ നിന്ന് ഇടവേളക്കുശേഷം റേഷൻ അരി കേരളത്തിലേക്ക് കടത്തുന്നത് ശക്തമായി. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മൂന്ന് ടൺ അരി പ്രത്യേക സ്ക്വാഡ് പിടികൂടി. അരി കടത്താൻ ശ്രമിച്ച തേനി സ്വദേശികളായ കുമരേശൻ (48), ശക്തികുമാർ (33) എന്നിവരെ അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് തേനി കലക്ടർ രഞ്ജിത് സിംഗിന്റെ ഉത്തരവനുസരിച്ച് ഗുണ്ടാ ചട്ടം ചുമത്തി റിമാൻഡ് ചെയ്തു.
തമിഴ്നാട്ടിൽ സൗജന്യമായി നൽകുന്ന റേഷൻ അരി ആണ് കേരളത്തിലേക്ക് വൻതോതിൽ കടത്തുന്നത്. കുമളിയിലെ സംസ്ഥാന അതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലാണ് അരി സൂക്ഷിക്കുന്നത്. തേനി, ഗൂഢല്ലൂർ സ്വദേശിയുടെ ഉടമസ്ഥതയിൽ രണ്ട് വാഹനങ്ങളാണ് അരി കടത്തുന്നതിന് മാത്രമായി ഓരോ ദിവസവും അതിർത്തി കടന്ന് പലതവണ എത്തുന്നത്. അതിർത്തിയിലുള്ള തമിഴ്നാട്, കേരള പൊലീസുകളുടെ വാഹന പരിശോധന തെരഞ്ഞെടുപ്പ് കാലത്ത് ശക്തമാണ്. ഇവർക്ക് മുന്നിലൂടെയാണ് ഓരോ ദിവസവും പല തവണ അരി കടത്തുന്നത്.
തമിഴ്നാട്ടിലെ സിവിൽ സപ്ലൈസ് വിഭാഗത്തിനും വനം, കുമളി എക്സൈസ് അധികൃതർക്കുമെല്ലാം കൃത്യമായി വിഹിതം നൽകിയാണ് അരി കടത്ത് തുടരുന്നതെന്നാണ് വിവരം. കുമളിയിൽ എത്തിക്കുന്ന അരി ടൗണിലെ ഗോഡൗണിൽ സൂക്ഷിച്ച ശേഷം പ്രത്യേക ചാക്കുകളിൽ നിറച്ചാണ് കോട്ടയം, എറണാകുളം ഭാഗത്തേക്ക് ലോറിയിൽ പോകുന്നത്. അരി മില്ലുകളിൽ എത്തിച്ച് നിറം മാറ്റി ബ്രാൻഡ് ചാക്കുകളിൽ നിറച്ച് പിന്നീട് വിപണികളിലെത്തിക്കും.
സൗജന്യമായി ലഭിക്കുന്ന അരി കിലോയ്ക്ക് 15-26 രൂപ വരെ നിരക്കിലാണ് കരിഞ്ചന്തക്കാർ സംഭരിക്കുന്നത്. ഇത് പിന്നീട് വിവിധ ബ്രാൻഡുകളിൽ 50-60 രൂപ നിരക്കിൽ വിപണിയിൽ വിൽപ്പനയ്ക്കായി എത്തും. മാധ്യമം’ വാർത്തയെ തുടർന്ന് മുമ്പ് തമിഴ്നാട് സർക്കാറും അധികൃതരും ഇടപെട്ടതോടെ അരി കടത്ത് താത്ക്കാലികമായി നിലച്ചിരുന്നു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അധികൃതരും സർക്കാരും മറ്റ് തിരക്കുകളിലേക്ക് നീങ്ങിയതോടെയാണ് അരി കടത്ത് വീണ്ടും സജീവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.