എന്‍റെ ഇടുക്കി (ലോക്കൽ പേജ്​ കോളം)

രാജേഷ്​ ടച്ച്​ റിവർ (ചലച്ചിത്ര സംവിധായകൻ) TDL Rajesh ഇടുക്കിയെക്കുറിച്ച്​ എന്തൊക്കെയാണ്​ പറയേണ്ടത്​ എന്നെനിക്കറിയില്ല. അധികകാലമൊന്നും ഞാൻ ഇടുക്കിയിൽ ഉണ്ടായിട്ടില്ല. അറക്കുളത്താണ്​ ജനിച്ചതും പഠിച്ചതുമെല്ലാം. പ്രീഡിഗ്രി കാലം വരെ അവിടെയുണ്ടായിരുന്നു. ഇടുക്കിയിൽ ജനിച്ചുവളർന്നെങ്കിലും ആ നാടി​ന്‍റെ സൗന്ദര്യം മുഴുവനായൊന്നും ആസ്വദിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പ്രകൃതി വിഭവങ്ങൾ കൂടുതലുള്ള നാടാണ്​ ഇടുക്കി. സ്​കൂൾ ഓഫ്​ ഡ്രാമയിലെ പഠനത്തി​ന്‍റെ ഭാഗമായി ഞങ്ങൾ കുറച്ച്​ കലാകാരന്മാർ വർഷങ്ങൾക്ക്​ മുമ്പ്​ ഇടുക്കി ഡാമിന്​ സമീപം മാസങ്ങളോളം താമസിച്ചിരുന്നു. കാട്ടിലൂടെയും ഡാമിലൂടെയെല്ലാം ഒരുപാട്​ സഞ്ചരിച്ചു. ചിത്രങ്ങൾ വരച്ചു. പക്ഷേ, ഇടുക്കി ഇനിയും ഞാൻ മുഴുവനായി കണ്ടിട്ടില്ല. എ​ന്‍റെ സഹോദരി വാഴത്തോപ്പ്​ ജില്ല സഹകരണ ബാങ്കിൽ ജോലി ചെയ്​തിരുന്നു. ഇടക്കിടെ അവിടെ പോകാറുണ്ടായിരുന്നു. അന്നാട്ടുകാരായ ചില പരിചയക്കാരുമുണ്ടായിരുന്നു. അക്കാലത്തും കാട്ടിലൂടെ ഒരുപാട്​ സഞ്ചരിച്ചിട്ടുണ്ട്​. കാടിനെയും പ്രകൃതിയെയും അനുഭവിച്ചറിയുകയായിരുന്നു ലക്ഷ്യം. ഇടുക്കിയുടെ കാടും മലയും മനുഷ്യരുമെല്ലാം എന്നെ ആകർഷിച്ചിട്ടുണ്ട്​. ഒരു സിനിമക്കാരനെ സംബന്ധിച്ച്​ നിറങ്ങളും വെളിച്ചങ്ങളും പഠിക്കാൻ പറ്റിയ സ്ഥലമാണ്​ ഇടുക്കി എന്ന്​ തോന്നിയിട്ടുണ്ട്​. മലഞ്ചരിവുകളും സമതലങ്ങളും കുന്നുകളും സസ്യങ്ങളുമെല്ലാം ചേർന്ന്​ ഭൂ​പ്രകൃതിയുടെ വ്യത്യസ്​ത ഘടനകൾ ഉൾക്കൊള്ളുന്നതാണ്​ ഇടുക്കി. ഇടുക്കിയെക്കുറിച്ച്​ പറയാനുള്ളതെല്ലാം ദിലീഷ്​ പോത്തൻ സിനിമയിലൂടെ പറഞ്ഞിട്ടുണ്ട്​. ഇടുക്കിയെക്കുറിച്ച്​ സിനിമ ചെയ്യാത്തതെന്താണെന്ന്​ എന്നോട്​ പലരും ചോദിച്ചിട്ടുണ്ട്​. അതിന്​ പറ്റിയ സബ്​ജക്​ടുകളൊന്നും ഉണ്ടായിട്ടില്ല എന്നതാണ്​​ കാരണം. പലരും കരുതുന്നതുപോലെ തൊടുപുഴയെ ഇംഗ്ലീഷ്​ ആക്കിയതല്ല എന്‍റെ പേരിനൊപ്പമുള്ള ടച്ച്​ റിവർ. നദിയെ സ്​പർശിക്കുക എന്ന്​ പറഞ്ഞാൽ അത്​ ഗംഗയെയാണ്​ എന്നാണ്​ എന്‍റെ സങ്കൽപം. ടച്ച്​ റിവറിന്​ തൊടുപുഴയുമായി ബന്ധമില്ല. തൊടുപുഴയെന്നാൽ തോട്​ പുഴയായതാണ്​. അതിൽ സ്​പർശനമില്ല. പേരിൽ ഒരു വ്യത്യസ്​തത വേണം എന്നേ കരുതിയിട്ടുള്ളൂ. ഇടുക്കിയെക്കുറിച്ച്​ പറയു​മ്പോൾ കാടി​ന്‍റെ ഉടമകളായ ആദിവാസികൾക്ക്​ കാടില്ലാതായിക്കൊണ്ടിരിക്കുന്നു. അവരുടെ സംസ്​കാരം നശിപ്പിച്ചുകൊണ്ടാകരുത്​ വികസനം. അവരെ കാടിന്‍റെ സംരക്ഷകരാക്കി മാറ്റുകയാണ്​ വേണ്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.