തൊടുപുഴ: തെരുവുനായ് കുറുകേ ചാടി സ്കൂട്ടര്‍ മറിഞ്ഞു പരിക്കേറ്റ യുവാവിന് 2.16 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മിറ്റിയുടെ ഉത്തരവ്. വണ്ണപ്പുറം കാളിയാര്‍ ദര്‍ഭത്തൊട്ടി സ്വദേശി പുത്തന്‍കണ്ടത്തില്‍ അശ്വിന് (25) നഷ്ടം നല്കാന് വണ്ണപ്പുറം പഞ്ചായത്തിനോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2023 ജനുവരി 14ന് വണ്ണപ്പുറം കാളിയാര്‍ റോഡില്‍ 36 കവലയില്‍ രാത്രി ഒമ്പതരക്കാണ് സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങും വഴി നാല് നായ്ക്കള്‍ റോഡിന് വട്ടം ചാടിയത്. ഒരു നായെ തട്ടിയ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. തെറിച്ചുവീണ അശ്വിന് സാരമായി പരിക്കേറ്റ് മാസങ്ങളോളം ചികിത്സ തേടി. തൊടുപുഴയില്‍ അനിമേഷന്‍ കോഴ്സ് പഠിക്കുകയായിരുന്നു അശ്വിന്. അതും മുടങ്ങി. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കമ്മിറ്റി നഷ്ടപരിഹാരം നിശ്ചയിച്ചത്.
സംഭവം നടന്ന് മൂന്നു വര്‍ഷം പിന്നിടുമ്പോഴും കാലിന് ശരിയായ ആരോഗ്യം തിരിച്ചുകിട്ടിയിട്ടില്ലെന്ന് അശ്വിന് പറഞ്ഞു. പരേതനായ മോഹനന്റെയും ശോഭനയുടെയും മകനാണ് അശ്വിന്. അഭിഭാഷകനായ സ്റ്റെഫി കപ്പലങ്ങാട്ട് മുഖേന ഹൈകോടതിയില്‍ അശ്വിൻ ഹജി നല്‍കിയിരുന്നു.
ഹൈകോടതി നിര്‍ദേശപ്രകാരമാണ് കേസ് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി മുഖേന ജില്ല കോടതിയുടെ കീഴിലുള്ള ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ ജുഡീഷ്യല്‍ കമ്മിറ്റിക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.