ജലനിരപ്പ് താഴ്ന്ന തേക്കടി തടാകം
കുമളി: തേക്കടി തടാകത്തിൽ ജലനിരപ്പ് താഴ്ന്നതും വേനൽമഴ ലഭിക്കാത്തതും വിനോദസഞ്ചാര മേഖലക്ക് വൻ തിരിച്ചടിയായി. തടാകത്തിലെ ജലനിരപ്പ് വൻതോതിൽ കുറഞ്ഞതോടെ ബോട്ട് സവാരി കടുത്ത പ്രതിസന്ധിയിലാണ്. ബോട്ടുകളുടെ അടിത്തട്ട് മണ്ണിലുരഞ്ഞ് അപകടത്തിൽപ്പെടാൻ സാധ്യതയുള്ളതിനാൽ വിനോദ സഞ്ചാരികളെ കയറ്റുന്നത് മൂന്നിലൊന്നായി വെട്ടിക്കുറച്ചു. തേക്കടിയിലെ കെ.ടി.ഡി.സി ബോട്ടുകളിൽ 120 പേർക്കാണ് യാത്ര ചെയ്യാനാൻ സൗകര്യമുള്ളത്. ഇത് 40 ആയാണ് കുറച്ചത്.
ബോട്ടിലെ യാത്രക്കാരെ വെട്ടിക്കുറച്ചതോടെ സഞ്ചാരികളിൽ പലർക്കും ബോട്ട് സവാരിക്ക് ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയായി. അവസരം മുതലെടുത്ത് കരിഞ്ചന്തക്കാർ ക്യൂവിൽനിന്ന് ടിക്കറ്റ് കൈക്കലാക്കി പുറത്ത് വിൽപ്പന നടത്തുന്നതും പതിവായി.
ബോട്ട്ലാൻഡിങ്ങിലെ നിലവിലുള്ള സ്ഥലത്തുനിന്ന് മാറി, താൽകാലിക ബോട്ട് ജട്ടി നിർമിച്ചാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ബോട്ട് സവാരി തുടർന്നിരുന്നത്. ഇത്തവണ ഇത്രയധികം ജലനിരപ്പ് താഴ്ന്നിട്ടും താൽകാലിക ജട്ടി നിർമിക്കാൻ വനം വകുപ്പ് നടപടിയെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തടാകത്തിലെതന്നെ മറ്റൊരു ഭാഗത്ത് താൽകാലിക ജട്ടി നിർമിച്ച് സഞ്ചാരികളെ ചെറിയ ബോട്ടുകളിൽ കയറ്റി അവിടെ എത്തിച്ചാൽ നിലവിലെ പ്രതിസന്ധി മറികടക്കാം. എന്നാൽ, വനപാലകരുടെ അനാസ്ഥകാരണം നിലവിലുള്ള ബോട്ട് സവാരിയും വൈകാതെ നിലയ്ക്കുന്ന സ്ഥിതിയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.