ജില്ലയിൽ ശുഭയാത്ര പദ്ധതി

തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ സാമൂഹികനീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷനും യോജിച്ച് നടപ്പാക്കുന്ന ശുഭയാത്ര പദ്ധതിയുടെ ഉദ്ഘാടനം ചെറുതോണി ടൗണ്‍ഹാളില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അവര്‍ക്കാവശ്യമായ സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന ഇലക്​ട്രോണിക്​ ചെയറുകളുടെയും ഹസ്തദാനം പദ്ധതിയിലൂടെ നല്‍കുന്ന സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുടെയും വിതരണമാണ് ചെറുതോണി ടൗണ്‍ഹാളില്‍ നടത്തിയത്. ആറുപേര്‍ക്ക് ഇലക്​ട്രോണിക് വീല്‍ചെയറുകളും 12 പേര്‍ക്ക് 20,000 രൂപയും വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​​ ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ഷീബ ജോര്‍ജ്, കെ.എസ്.എച്ച്.പി.ഡബ്ല്യു.സി മാനേജിങ്​ ഡയറക്ടര്‍ ജലജ എസ്., സാമൂഹികനീതി ഓഫിസര്‍ വി.ജെ. ബിനോയ് , ജില്ല വനിത-ശിശു വികസന ഓഫിസര്‍ എസ്. ഗീതാകുമാരി , ടി.എസ്. ചാക്കോ, കെ.ജെ. ജോസ്കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകൃതിക്ഷോഭ നഷ്ടപരിഹാരം; 47.08 ലക്ഷം രൂപ വിതരണംചെയ്തു തൊടുപുഴ: സംസ്ഥാനമൊട്ടാകെ കഴിഞ്ഞ ഒക്ടോബറിലുണ്ടായ കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും ഇടുക്കി ജില്ലയില്‍ പൂർണമായോ ഭാഗികമായോ വീടുകള്‍ക്ക് നാശം സംഭവിച്ച 31 പേര്‍ക്കുള്ള നഷ്ടപരിഹാരം 47,08,900 രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കി വിതരണം തുടങ്ങി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന്​ 1,01,900 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്​ 50,000 രൂപയും ഉള്‍പ്പെടെ 1,51,900 രൂപയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുന്നത്. ഭൂമി നഷ്ടപ്പെട്ടവർക്ക്​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സ്ഥലം വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനുമുള്ള ബാക്കി തുകയും സര്‍ക്കാറി​ന്‍റെ തുടര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ അനുവദിക്കുമെന്നും ജില്ല കലക്ടർ ഷീബ ജോര്‍ജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.